-->
ചെറുകോല്‍പ്പുഴ: പൊട്ടിത്തെറിച്ച മാലപ്പടക്കം പോലെ ഛിന്നഭിന്നമായി കിടക്കുന്ന ഹൈന്ദവ ജനത ഒരുമിക്കാന്‍ തീരുമാനിച്ചാല്‍ അത് വര്‍ഗീയതയാകുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ. സംഘടിച്ച് ശക്‌തരാകാനുള്ള ശ്രീനാരായണ ഗുരുവേന്റെ വാക്കുകള്‍ ഇന്ന് ഏറെ പ്രസക്‌തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ അയിരൂര്‍ പമ്പാ മണല്‍പ്പുറത്ത് നടന്നു വന്ന 114 മത് ഹിന്ദുമത പരിഷത്തിന്റെ സമാപന സമ്മേളനം ഉത്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതര മതങ്ങള്‍ക്കെല്ലാം സംഘടിക്കാം. തങ്ങളുടെ അവശത മാറ്റാന്‍ ഹൈന്ദവര്‍ ഒന്നിച്ചാല്‍ മാത്രം വര്‍ഗീയതയാകും. ശ്രീനാരായണ ഗുരുവിനെ പോലും സനാതന ധര്‍മ്മത്തിന് വിരുദ്ധനായി പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്ന കാലഘട്ടമാണ് ഇന്നുള്ളത്. ഗുരുദേവന്റെ 73 വര്‍ഷത്തെ ദീപ്‌തമായ ജീവിതത്തിലു 63 കൃതികളിലും സനാതന ധര്‍മ്മത്തിന് വിരുദ്ധമായി ഒന്നുമില്ല. ഭാരതത്തിന്റെ അടിസ്‌ഥാനം വേദങ്ങളാണ്. വേദാന്തം അറിവിന്റെ അവസാനമാണ്. ഉപനിഷത്തിന് തുല്യമായ ജ്‌ഞന സരണി ലോകത്ത് മറ്റെങ്ങും കാണാനില്ല. ഏതെങ്കിലും ലോകത്ത് ഒളിഞ്ഞിരുന്ന് ശിക്ഷ നിര്‍വ്വഹിക്കുന്ന ദൈവത്തെയല്ല സര്‍വചരാചരങ്ങളിലും കുടികൊള്ളുന്ന ഈശ്വരനെയാണ് സനാതന ധര്‍മ്മം മുന്നോട്ട് വയ്‌ക്കുന്നതെന്നും സച്ചിതാനന്ദ സ്വാമി അഭിപ്രായപ്പെട്ടു.