-->
ന്യൂഡല്‍ഹി: ഡല്‍ഹി- മീററ്റ് നമോ ഭാരത് റാപ്പിഡ് റെയില്‍ ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തു. മീററ്റിലെ ശതാബ്‌ദി നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍വച്ച് മീററ്റ് മെട്രോയും നമോ ഭാരത് ട്രെയിനും അദ്ദേഹം ഫ്ലാഗ്‌ഓഫ് ചെയ്‌തു.
ഇന്ത്യയിലെ ആദ്യത്തെ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്‌റ്റ(ആര്‍.ആര്‍.ടി.എസ്)മാണു യാഥാര്‍ഥ്യമായത്. 82 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി- മീററ്റ് നമോ ഭാരത് കോറിഡോര്‍ മീററ്റ് സൗത്തില്‍നിന്ന് ഡല്‍ഹിയിലെ സാരൈ കാലെ ഖാന്‍ വരെയാണ്.
ഡല്‍ഹി- എന്‍.സി.ആര്‍. മേഖലയിലെ 20 പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന നമോ ഭാരത് ഇടനാഴികള്‍ എന്നറിയപ്പെടുന്ന ആര്‍.ആര്‍.ടി.എസ്. ഇടനാഴികള്‍ അതിവേഗം യാഥാര്‍ഥ്യമാക്കാനാണു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇത് നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്‌ക്കാന്‍ സഹായിക്കും.
ഡല്‍ഹി- ഗാസിയാബാദ് -മീററ്റ് ഇടനാഴിക്കു പുറമേ, ഡല്‍ഹി-എന്‍.സി.ആര്‍. മേഖലയില്‍ ഏഴ് മറ്റ് നമോ ഭാരത് ഇടനാഴികള്‍ വികസിപ്പിക്കാനും പദ്ധതിയുണ്ട്.
30,274 കോടി രൂപയാണു ഡല്‍ഹി- മീററ്റ് നമോ ഭാരത് റാപ്പിഡ് റെയില്‍ ഇടനാഴിയുടെ ചെലവ്. ആകെ ദൂരം: 82.15 കിലോമീറ്റര്‍. സ്‌റ്റേഷനുകള്‍-14 , പരമാവധി വേഗം: മണിക്കൂറില്‍ 160 കിലോമീറ്റര്‍.