-->
ജോധ്‌പുര്‍: സഹോദരിമാരായ പ്രതിശ്രുതവധുക്കളെ വിവാഹദിവസം വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദൂരുഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി പോലീസ് ഇരുവരുടെയും സംസ്‌കാരച്ചടങ്ങുകള്‍ തടഞ്ഞു. രാജസ്‌ഥാനിലെ ജോധ്‌പുരിലാണു സംഭവം. മനായ് ഗ്രാമത്തിലെ ദീപ് സിങ്ങിന്റെ മക്കളായ ശോഭ(25), വിമല(23) എന്നിവരാണു മരിച്ചത്.
വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട് വെള്ളിയാഴ്‌ച രാത്രി നടന്ന ബന്ദോളി ആഘോഷത്തില്‍ ഇരുവരും സജീവമായി പങ്കെടുത്തിരുന്നു. തുടര്‍ന്ന് ഉറങ്ങാന്‍പോയ സഹോദരിമാരെ ശനിയാഴ്‌ച പുലര്‍ച്ചെ നാലുമണിയോടെ മുറിയില്‍ അബോധാവസ്‌ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരെയും ഉടന്‍തന്നെ ജോധ്‌പുരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുമ്പ് ഇരുവരും മരിച്ചതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു.
തുടര്‍ന്ന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടിലേക്കു കൊണ്ടുപോകുകയും സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിക്കുകയും ചെയ്‌തു. വിവരമറിഞ്ഞെത്തിയ പോലീസ് സംസ്‌കാരച്ചടങ്ങ് തടഞ്ഞശേഷം മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്കു മാറ്റി.
പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തതായി എ.ഡി.സി.പി (വെസ്‌റ്റ്) റോഷന്‍ മീണ പറഞ്ഞു. വിഷബാധയേറ്റാണു മരണമെന്നാണു പ്രാഥമിക നിഗമനം. എന്നാല്‍, പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍മാത്രമേ മരണകാരണം വ്യക്‌തമാകൂവെന്ന് പോലീസ് പറഞ്ഞു.