-->
ന്യൂഡല്‍ഹി: ഇന്ത്യ- യു.എസ് വാണിജ്യ കരാറുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇന്നു നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കി. രാജ്യാന്തര തലത്തില്‍ ട്രംപ് ഭരണകൂടം അടിച്ചേല്‍പ്പിച്ച താരിഫ് വര്‍ധന യു.എസ്. സുപ്രീം കോടതി റദ്ദാക്കിയതിനു പിന്നാലെയാണിത്. വിധിയുടെ പ്രത്യാഘാതങ്ങള്‍ പഠിച്ചശേഷം വ്യാപാര കരാറുമായി ബന്ധപ്പെട്ട ഔദ്യോഗിക കൂടിക്കാഴ്‌ചയാകാമെന്ന് ഇരുപക്ഷവും ധാരണയായി.
പുതിയ സംഭവവികാസങ്ങള്‍ ഇരു രാജ്യങ്ങളും വിലയിരുത്തിയശേഷമാകും വ്യാപാര കരാറിന് അന്തിമരൂപം നല്‍കുന്നതിനായി ഇന്ത്യന്‍ സംഘം വാഷിങ്‌ടണിലേക്കു തിരിക്കുകയെന്നു മുതിര്‍ന്ന ഉദ്യോഗസ്‌ഥന്‍ സ്‌ഥിരീകരിച്ചു. ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ പുതിയ തീയതി നിശ്‌ചയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്‌ചയാണു സുപ്രീം കോടതിയില്‍ ട്രംപ് വലിയ തിരിച്ചടി നേരിട്ടത്. ഏകപക്ഷീയമായി നിരവധി രാജ്യങ്ങള്‍ക്കു താരിഫ് പ്രഹരം ഏര്‍പ്പെടുത്തിയതിലൂടെ ട്രംപ് ഫെഡറല്‍ നിയമം അട്ടിമറിച്ചതായി അമേരിക്കന്‍ സുപ്രീം കോടതി വിധിച്ചു.
പകരച്ചുങ്കം നിയമവിരുദ്ധമെന്നു വിലയിരുത്തിയ സുപ്രീം കോടതി അത്തരമൊരു നിയമം നടപ്പാക്കാനുള്ള അടിയന്തര സാഹചര്യം രാജ്യത്ത് ഇപ്പോഴില്ലെന്നും നിലപാടെടുത്തു. തുടര്‍ന്നായിരുന്നു ഭൂരിപക്ഷ വിധി. ഒമ്പതംഗ ബെഞ്ചില്‍ ആറുപേര്‍ താരിഫ് വര്‍ധനയോടു വിയോജിച്ചപ്പോള്‍ മൂന്നുപേര്‍ മാത്രമാണ് അനുകൂലിച്ചത്.
1977 ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്‌ട് ട്രംപ് ദുരുപയോഗം ചെയ്‌തെന്ന കീഴ്‌ക്കോടതി വിധി സുപ്രീം കോടതി ശരിവയ്‌ക്കുകയാണുണ്ടായത്.
അങ്ങനെയൊരു അധികാരം പ്രയോഗിക്കണമെങ്കില്‍ യു.എസ്. കോണ്‍ഗ്രസിന്റെ അനുമതി വേണമെന്നും കോടതി പ്രസിഡന്റിനെ ഓര്‍മിപ്പിച്ചു. കോടതിയില്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ ട്രംപ് വീണ്ടും കടുത്ത നടപടിയിലേക്കു പോയി. ആഗോള താരിഫ് 10 ശതമാനത്തില്‍നിന്ന് 15 ശതമാനമായി ഉയര്‍ത്തിയാണിത്.