-->
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്‌ബ ആസൂത്രണം ചെയ്‌ത പദ്ധതി തകര്‍ത്ത് ഡല്‍ഹി പോലീസ്. ഭീകരസംഘത്തിലെ എട്ടുപേരെ അറസ്‌റ്റ് ചെയ്‌തു. ഇതില്‍ ഏഴുപേരും ബംഗ്ലാദേശികളാണ്.
ഫെബ്രുവരി 7-8 തീയതികളില്‍, ഡല്‍ഹിയിലെയും കൊല്‍ക്കത്തയിലെയും മെട്രോ സ്‌റ്റേഷനുകളില്‍ 'കശ്‌മീരിനെ സ്വതന്ത്രമാക്കുക', 'കശ്‌മീരിലെ വംശഹത്യ അവസാനിപ്പിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് ഡല്‍ഹി പോലീസിന്റെ സ്‌പെഷല്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് ഭീകരനീക്കം കണ്ടെത്തിയത്.
പശ്‌ചിമ ബംഗാളിലെ മാള്‍ഡയില്‍നിന്ന് ഉമര്‍ ഫാറൂഖ്, റോബില്‍ ഉല്‍ ഇസ്ലാം എന്നീ രണ്ടുപേരെ ആദ്യം അറസ്‌റ്റ് ചെയ്‌തു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ തമിഴ്‌നാട്ടിലെ തിരുപ്പുര്‍ ജില്ലയില്‍ കൂടുതല്‍ പ്രതികള്‍ ഒളിച്ചിരിക്കുന്നതായി സൂചന ലഭിച്ചു.
തിരുപ്പുരിന്റെ വിവിധഭാഗങ്ങളില്‍നിന്നായി മിസാനുര്‍ റഹ്‌മാന്‍, മുഹമ്മദ് ഷബാത്ത്, ഉമര്‍, മുഹമ്മദ് ലിതാന്‍, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്‌ജാല്‍ എന്നിവര്‍ അറസ്‌റ്റിലായി. ഇവരെല്ലാം വസ്‌ത്രനിര്‍മാണ യൂണിറ്റുകളില്‍ ജോലി ചെയ്‌തിരുന്നവരാണെന്നു പോലീസ് പറഞ്ഞു.
വ്യാജ ആധാര്‍ കാര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത്. എട്ട് മൊബൈല്‍ ഫോണുകളും 16 സിം കാര്‍ഡുകളും ഇവരില്‍നിന്ന് കണ്ടെടുത്തു.
ഭീകരസംഘത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിയന്ത്രിച്ചിരുന്നത് ബംഗ്ലാദേശില്‍നിന്നാണ്. ഷബ്ബീര്‍ അഹമ്മദ് ലോണ്‍ എന്നയാളാണു നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്.
ഇന്ത്യയില്‍ ചാവേര്‍ ആക്രമണം ആസൂത്രണം ചെയ്‌തതിന് 2007 ല്‍ ഷബ്ബീര്‍ അറസ്‌റ്റിലായി ജയിലില്‍ അടയ്‌ക്കപ്പെട്ടിരുന്നു. പുറത്തിറങ്ങിയ ശേഷം ഇന്ത്യ വിട്ട് ലഷ്‌കറെ തൊയ്‌ബയില്‍ ചേര്‍ന്നു. ബംഗ്ലാദേശില്‍ താവളമുറപ്പിച്ചാണ് ഇയാള്‍ ലഷ്‌കറെയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത്. ബംഗ്ലാദേശിലുള്ള സൈദുല്‍ ഇസ്ലാം എന്നയാളുമായും സംഘത്തിനു ബന്ധമുണ്ടെന്നു പോലീസ് പറഞ്ഞു.
പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍നിന്ന് വിവിധ സ്‌ഥലങ്ങളുടെ വീഡിയോകളും ഫോട്ടോകളും കണ്ടെടുത്തു. ചില വീഡിയോകളില്‍ ആയുധങ്ങള്‍ വാങ്ങാനുള്ള ശ്രമങ്ങളും കണ്ടെത്തി.
ഇന്ത്യയില്‍ വലിയ ആക്രമണം നടത്താന്‍ ലഷ്‌കറെ തൊയ്‌ബ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഭീകരസംഘത്തിലെ ചിലര്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. കൂടുതല്‍ ചോദ്യം ചെയ്യലിനായി എല്ലാ പ്രതികളെയും ഡല്‍ഹിയിലെത്തിക്കും.