-->
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെയുണ്ടായ അരാജകത്വത്തിലും തടസങ്ങളിലും കോണ്‍ഗ്രസിനെതിരേ പൊട്ടിത്തെറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ എം.പിമാരെ സീറ്റ് 'കൈയടക്കാന്‍' വിട്ടതുകൊണ്ട് ഒരാള്‍ക്കും പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്ന് മോദി പറഞ്ഞു.
മീററ്റില്‍ നടന്ന പൊതുയോഗത്തിലാണ് മോദി കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ചത്. ഫെബ്രുവരി 4 ന് ബജറ്റ് സമ്മേളനത്തിനിടെ പാര്‍ലമെന്റില്‍ നടന്ന സംഭവം പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. 'രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് തയാറെടുക്കുകയായിരുന്നു ഞാന്‍. അപ്പോഴേയ്‌ക്കും പ്രധാനമന്ത്രിയുടെ സീറ്റ് വനിതാ കോണ്‍ഗ്രസ് എം.പിമാര്‍ വളഞ്ഞു. കോണ്‍ഗ്രസ് തുടര്‍ച്ചയായി ഇത്തരം പ്രവൃത്തികളാണ് ചെയ്യുന്നത്. പാര്‍ലമെന്റിനെ പ്രവര്‍ത്തിക്കാന്‍ അവര്‍ അനുവദിക്കുന്നില്ല. സഖ്യകക്ഷികളെ സംസാരിക്കാനും അനുവദിക്കുന്നില്ല. പ്രധാനമന്ത്രിയുടെ കസേരയില്‍ ഇരിക്കണമെങ്കില്‍ ജനങ്ങളുടെ ഹൃദയം കീഴടക്കണം. വനിതാ എം.പിമാരെ തള്ളിവിട്ടതുകൊണ്ട് ആവില്ല.
ഇന്ത്യ-എഐ ഇംപാക്‌ട് ഉച്ചകോടി 2026-ല്‍ കോണ്‍ഗ്രസിന്റെ യുവജനവിഭാഗം ഷര്‍ട്ട് ഊരി നടത്തിയ പ്രതിഷേധത്തിനെതിരേയും പ്രധാനമന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
'രാജ്യത്തെ ഏറ്റവും പഴയ പാര്‍ട്ടി പ്രത്യയശാസ്‌ത്രപരമായി പാപ്പരായിരിക്കുന്നു' എന്നാണ് ഇതു തെളിയിക്കുന്നത്. രാജ്യത്തിന്റെ പുരോഗതി ദഹിക്കാന്‍ കഴിയാത്ത ചില രാഷ്‌്രടീയ പാര്‍ട്ടികള്‍ ഇവിടെയുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ലോകത്തിലെ ഏറ്റവും വലിയ എ.ഐ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചു. ഒരു വികസ്വര രാജ്യത്തും ഇങ്ങനെയൊരു ചരിത്രസംഭവം നടന്നിട്ടില്ല. ഈ എ.ഐ ഉച്ചകോടിയില്‍ നിങ്ങളും അഭിമാനിച്ചില്ലേ എന്ന് ഞാന്‍ കോണ്‍ഗ്രസുകാരോട് ചോദിക്കുന്നു.
കോണ്‍ഗ്രസ് പക്ഷേ അവിടെ എന്താണ് ചെയ്‌തത്? ഒരു ആഗോള ഉച്ചകോടി വേദിയെ അവര്‍ വൃത്തികെട്ട രാഷ്‌ട്രീയത്തിനുള്ള വേദിയാക്കി. വിദേശ അതിഥികള്‍ക്ക് മുന്നില്‍ നേതാക്കള്‍ നഗ്‌നരായി എത്തി. നിങ്ങള്‍ ഇതിനകം നഗ്‌നരാണെന്ന് രാഷ്‌ട്രത്തിന് അറിയാം, പിന്നെ എന്തിനാണ് വസ്‌ത്രങ്ങള്‍ അഴിച്ചുമാറ്റണമെന്ന് തോന്നിയത് എന്നും പ്രധാനമന്ത്രി പരിഹസിച്ചു.