Friday, March 13, 2026 Last Updated 3 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.30 PM

തട്ടകത്തില്‍ വീഴ്‌ച

uploads/news/2026/02/826780/sp3.jpg

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ 12-ാം സീസണിലെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്‌ തോല്‍വി. മുംബൈ സിറ്റി എഫ്‌.സി. എതിരില്ലാത്ത ഒരു ഗോളിന്‌ കൊച്ചിയിലെ ആദ്യ ഹോം മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ തോല്‍വി സമ്മാനിച്ചു. ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്‌.
പന്തടക്കത്തില്‍ ഉള്‍പ്പെടെ ആധിപത്യം കാട്ടിയ ബ്ലാസ്‌റ്റേഴ്‌സ് ഗോളടിക്കാന്‍ മറന്ന കളിയുടെ 47-ാം മിനിറ്റില്‍ നായകന്‍ ലാലിയന്‍സുവലെ ചാങ്‌തെ നേടിയ ഗോളിലാണ്‌ മുംബൈ തുടര്‍ച്ചയായ രണ്ടാം ജയം ഉറപ്പാക്കിയത്‌. തുടക്കം മുതല്‍ ബ്ലാസ്‌റ്റേഴ്‌സ് ആക്രമിച്ചു കളിച്ചെങ്കിലും നീക്കങ്ങള്‍ പൂര്‍ണതയിലെത്തിയില്ല. വലതു വിങ്ങിലൂടെയായിരുന്നു ഗോള്‍ നീക്കങ്ങള്‍. കൊറുസിങ്‌ രണ്ടു തവണ അവസരമൊരുക്കി. പതിയെ താളം കണ്ടെത്തിയ മുംബൈക്ക്‌ തുടര്‍ച്ചയായി ലഭിച്ച മൂന്ന്‌ കോര്‍ണര്‍ കിക്കുകള്‍ മുതലെടുക്കാനുമായില്ല. ക്ലോസ്‌ റേഞ്ചില്‍ നിന്നുള്ള ചാങ്‌തെയുടെ ശ്രമം അര്‍ഷ്‌ വിഫലമാക്കി. 24-ാം മിനിറ്റില്‍ മുംബൈ രണ്ടുതവണ ഗോള്‍ മുഖത്തെത്തിയെങ്കിലും പ്രതിരോധം രക്ഷകരായി.
തൊട്ടടുത്ത മിനിറ്റില്‍ ബോക്‌സിനുള്ളില്‍ ഡാനിഷ്‌ ഫാറൂഖ്‌, പെരേര ഡയസിനെ ഫൗള്‍ ചെയ്‌തതിനെത്തുടര്‍ന്ന്‌ മുംബൈ സിറ്റിക്ക്‌ അനുകൂലമായ പെനല്‍റ്റി. അര്‍ഷ്‌ കൃത്യമായ ദിശയിലേക്ക്‌ ചാടി ഡയസിന്റെ കിക്ക്‌ തടഞ്ഞു. സ്‌റ്റേഡിയം ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ നേടിയെന്ന പോല്‍ ഇളകിമറിഞ്ഞു. 37-ാം മിനിറ്റില്‍ ബര്‍ത്തലോമിയു ഒരു ഫ്രീക്കിക്കിലൂടെ നേരിട്ട്‌ ഗോളിലേക്ക്‌ ഷോട്ട്‌ ഉതിര്‍ത്തു. പന്ത്‌ തൊട്ടുമുന്നില്‍ വച്ച്‌ ബൗണ്‍സ്‌ ചെയ്‌തെങ്കിലും, മുംബൈ ഗോള്‍ ഫുര്‍ബ കോര്‍ണര്‍ വഴങ്ങി തട്ടിയകറ്റി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മുംബൈ സിറ്റി ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ സമ്മര്‍ദത്തിലാക്കി. അര്‍ഷിന്റെ പാസിങ്ങിലെ പിഴവ്‌ മുതലെടുത്ത്‌ ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസ്‌ ഗോളിലേക്ക്‌ ഷോട്ട്‌ ഉതിര്‍ത്തു, പന്ത്‌ മറ്റൊരു താരത്തിന്റെ ദേഹത്ത്‌ തട്ടി ചാങ്‌തെയുടെ മുന്നിലേക്ക്‌. പരിചയസമ്പന്നനായ മുംബൈ നായകന്‍ ഒട്ടും പതറാതെ പന്ത്‌ അനായാസം വലയിലാക്കി. പന്ത്‌ കൂടുതല്‍ സമയവും ബ്ലാസ്‌റ്റേഴ്‌സിന്റെ വരുതിയിലായിരുന്നു. പക്ഷേ കിട്ടിയ ഗോള്‍ അവസരങ്ങളെല്ലാം തുലച്ചു. മുംബൈ ആകട്ടെ കിട്ടിയ മുന്‍തൂക്കം നിലനിര്‍ത്താന്‍ പ്രത്യാക്രമണങ്ങളില്‍ ശ്രദ്ധ കേന്ദ്രികരിച്ചു. ഡയസിന്റെ ഒരു അളന്നു മുറിച്ചൊരു ഷോട്ട്‌ അര്‍ഷ്‌ രക്ഷപെടുത്തി. സമനില പിടിക്കാന്‍ അധിക സമയത്തും ബ്ലാസ്‌റ്റേഴ്‌സ് ആഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ അകന്നുനിന്നു. മോഹന്‍ ബഗാനെതിരെ ഇറങ്ങിയ ടീമില്‍ നാലു മാറ്റങ്ങള്‍ വരുത്തിയാണ്‌ ബ്ലാസ്‌റ്റേഴ്‌സ് മുംബൈക്കെതിരെ കളിച്ചത്‌. വലയ്‌ക്ക് കീഴില്‍ സച്ചിന്‍ സുരേഷിന്‌ പകരം അര്‍ഷ്‌ അന്‍വര്‍ ഷെയ്‌ഖിന്‌ അവസരം നല്‍കി. മലയാളി താരങ്ങളായ സഹീഫ്‌, എബിന്‍ദാസ്‌ എന്നിവര്‍ക്കൊപ്പം ഡോഹ്ലിങ്ങിനും അവസരം ലഭിച്ചില്ല. മര്‍ലോണ്‍ റൂസ്‌, നവോച്ച സിങ്‌, സന്ദീപ്‌ സിങ്‌ എന്നിവരായിരുന്നു പകരക്കാര്‍.
നോര്‍ത്ത്‌ഈസ്‌റ്റ് യുണൈറ്റഡിനെതിരേ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ സമനില വഴങ്ങി ബംഗളുരു എഫ്‌.സി. ശ്രീ കണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം 1-1 നാണ്‌ അവസാനിച്ചത്‌്. 19-ാം മിനിറ്റില്‍ ബ്രയാന്‍ സാഞ്ചസ്‌ ബംഗളുരുവിനെ മുന്നിലെത്തിച്ചു. 68-ാം മിനിറ്റില്‍ ലാല്‍റിന്‍സുല ലായ്‌ബിയാകിന നോര്‍ത്ത്‌ ഈസ്‌റ്റിനെ ഒപ്പമെത്തിച്ചു.

Ads by Google
Sunday 22 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW