Friday, March 13, 2026 Last Updated 13 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.30 PM

ശ്രീലങ്കയെ തോല്‍പ്പിച്ച്‌ ഇംഗ്ലണ്ട്‌

uploads/news/2026/02/826779/sp2.jpg

പലെകലെ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌് ലോകകപ്പ്‌ സൂപ്പര്‍ എട്ട മത്സരത്തില്‍ ഇംഗ്ലണ്ടിന്‌ 51 റണ്ണിന്റെ ഗംഭീര ജയം.
സൂപ്പര്‍ എട്ട്‌ ഗ്രൂപ്പ്‌ 2 വില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ ഒന്‍പത്‌ വിക്കറ്റിന്‌ 146 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ശ്രീലങ്ക 16.4 ഓവറില്‍ 95 റണ്ണിന്‌ ഓള്‍ഔട്ടായി. മികച്ച ജയത്തോടെ ഇംഗ്ലണ്ട്‌ ഗ്രൂപ്പില്‍ ഒന്നാമതായി. പാകിസ്‌താനും ന്യൂസിലന്‍ഡും ഒരു പോയിന്റ്‌ വീതമെടുത്തു പിന്നാലെയുണ്ട്‌.
ഇതേ വേദിയില്‍ പാകിസ്‌താനും ന്യൂസിലന്‍ഡും തമ്മില്‍ നടക്കേണ്ടിയിരുന്ന മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ടോസ്‌ നേടിയ ലങ്കന്‍ നായകന്‍ ദാസുന്‍ ശനക ഇംഗ്ലണ്ടിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. ഇവിടെ നടന്ന ഗ്രൂപ്പ്‌ മത്സരത്തില്‍ ഓസ്‌ട്രേലിയയെ പിന്തുടര്‍ന്നു തോല്‍പ്പിച്ച ബലത്തിലാണു ദാസുന്‍ ഇംഗ്ലണ്ടിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടത്‌.
ബാറ്റിങ്‌ തകര്‍ച്ച നേരിട്ടെങ്കിലും ഓപ്പണര്‍ ഫില്‍ സാള്‍ട്ട്‌ (40 പന്തില്‍ രണ്ട്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 62), ഓള്‍റൗണ്ട്‌ പ്രകടനം പുറത്തെടുത്ത വില്‍ ജാക്‌സ് (14 പന്തില്‍ 21 റണ്ണും മൂന്ന്‌ വിക്കറ്റും) എന്നിവരുടെ മികവ്‌ ഇംഗ്ലീഷുകാര്‍ക്കു തുണയായി. ന്യൂനമര്‍ദ ഭീഷണിയിലാണു മത്സരം നടന്നത്‌. ഓപ്പണറും വിക്കറ്റ്‌ കീപ്പറുമായ ജോസ്‌ ബട്ട്‌ലര്‍ (14 പന്തില്‍ ഏഴ്‌) മങ്ങിയ ഫോം തുടര്‍ന്നു. ജേക്കബ്‌ ബെതാല്‍ (മൂന്ന്‌), ടോം ബാന്റണ്‍ (ആറ്‌) എന്നിവരും പുറത്തായതോടെ ഇംഗ്ലണ്ട്‌ മൂന്നിന്‌ 49 റണ്ണെന്ന നിലയിലായി. നായകന്‍ ഹാരി ബ്രൂകും (ഏഴ്‌ പന്തില്‍ 14) സാള്‍ട്ടും ചേര്‍ന്നതോടെയാണ്‌ ഇംഗ്ലീഷുകാര്‍ നേരെ നിന്നത്‌. ടീം സ്‌കോര്‍ 68 നില്‍ക്കേ ബ്രൂക്‌ മടങ്ങി. 11 പന്തില്‍ 11 റണ്ണെടുത്ത സാം കുറാനും പുറത്തായതോടെ അവര്‍ നാലിന്‌ 68 റണ്ണെന്നായി. വില്‍ ജാക്‌സും സാള്‍ട്ടും ചേര്‍ന്നാണ്‌ സ്‌കോര്‍ നൂറിലെത്തിച്ചത്‌. 36 പന്തുകള്‍ നേരിട്ടാണ്‌ ഇംഗ്ലണ്ട്‌ ഓപ്പണര്‍ അര്‍ധ സെഞ്ചുറി കടന്നത്‌. സാള്‍ട്ട്‌ മടങ്ങിയ ശേഷം ടീമിന്‌ ആഞ്ഞടിക്കാനായില്ല. താരത്തിന്റെ ഈ ലോകകപ്പിലെ ആദ്യ അര്‍ധ സെഞ്ചുറിയാണിത്‌.
ലിയാം ഡോവ്‌സണ്‍ (ആറ്‌), ജോഫ്ര ആര്‍ച്ചര്‍ (0) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. ആദില്‍ റഷീദും (ഒന്ന്‌) ജാമി ഓവര്‍ടണും (10 പന്തില്‍ 10) പുറത്താകാതെനിന്നു. ലങ്കയ്‌ക്കായി ദുനിത വല്ലലാഗെ മൂന്ന്‌ വിക്കറ്റും ദില്‍ഷന്‍ മദുശനക, മഹീഷ തീക്ഷ്‌ണ എന്നിവര്‍ രണ്ട്‌ വിക്കറ്റും ദുഷ്‌മന്ത ചാമീര ഒരു വിക്കറ്റുമെടുത്തു. ലങ്കയ്‌ക്കായി നായകന്‍ ദാസുന്‍ ശനക (24 പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 30) മാത്രമാണു പൊരുതിയത്‌. തുടക്കത്തില്‍ തന്നെ ലങ്ക വമ്പന്‍ തിരിച്ചടി നേരിട്ടു. ടീം സ്‌കോര്‍ 15 ല്‍ നില്‍ക്കേ ഓപ്പണര്‍ പാതും നിസംഗ (ഒന്‍പത്‌) ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ ജാമി ഓവര്‍ടണിനു പിടികൊടുത്തു. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ ടോപ്‌ ഓര്‍ഡറിലെ അഞ്ച്‌ ബാറ്റര്‍മാരെ പുറത്താക്കാന്‍ ഇംഗ്ലണ്ടിനായി. കുശല്‍ മെന്‍ഡിസിനെ (നാല്‌) ജാക്‌സ് സ്വന്തം ബൗളിങ്ങില്‍ പിടികൂടി. അടുത്ത പന്തില്‍ പവന്‍ രത്നനായകെ ഗോള്‍ഡന്‍ ഡക്കുമായി. ഓപ്പണര്‍ കാമില്‍ മിഷാരയെ (11 പന്തില്‍ ആറ്‌) ആര്‍ച്ചര്‍ പുറത്താക്കിയതോടെ ലങ്ക നാലിന്‌ 22 റണ്ണെന്ന നിലയിലായി. ദുഷാന്‍ ഹേമന്ത (അഞ്ച്‌) ഓവര്‍ടണിന്റെ പന്തില്‍ ഹിറ്റ്‌ വിക്കറ്റായി. ജാക്‌സിനെ കൂടാതെ ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്‌, ലിയാം ഡാവ്‌സണ്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും ജാമി ഓവര്‍ട്ടണ്‍ ഒരു വിക്കറ്റുമെടുത്തു. ജാക്‌സാണു മത്സരത്തിലെ താരം.

Ads by Google
Sunday 22 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW