-->
അഹമ്മദാബാദ്: നിലവിലെ ചാമ്പ്യന്‍ ഇന്ത്യക്ക് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ തോല്‍വി. നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 76 റണ്ണിനാണു തോല്‍പ്പിച്ചത്.
ഗ്രൂപ്പ് ഒന്ന് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് 187 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇന്ത്യ 18.5 ഓവറില്‍ 111 റണ്ണിന് ഓള്‍ഔട്ടായി. 22 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത ഇടംകൈയന്‍ പേസര്‍ മാര്‍കോ യാന്‍സനാണ് ഇന്ത്യയുടെ ഏറെനാള്‍ നീണ്ട വിജയക്കുതിപ്പ് അവസാനിപ്പിച്ചത്‌്. ഇടംകൈയന്‍ സ്‌പിന്നര്‍ കേശവ് മഹാരാജ് മൂന്ന് വിക്കറ്റും കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റും നായകന്‍ എയ്‌ദീന്‍ മര്‍ക്രാം ഒരു വിക്കറ്റുമെടുത്തു. 37 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം 42 റണ്ണെടുത്ത ശിവം ദുബെ മാത്രമാണു നിലവിലെ ചാമ്പ്യന്‍മാര്‍ക്കു വേണ്ടി പൊരുതിയത്. സ്‌ഥിരം രക്ഷകരായ ഓപ്പണര്‍ ഇഷാന്‍ കിഷന്‍, റിങ്കു സിങ് എന്നിവര്‍ പൂജ്യത്തിനു പുറത്തായിരുന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മ (12 പന്തില്‍ 15), മെല്ലെപ്പോയ നായകന്‍ സൂര്യകുമാര്‍ യാദവ് (22 പന്തില്‍ 18), ഹാര്‍ദിക് പാണ്ഡ്യ (17 പന്തില്‍ ഒരു സിക്‌സറടക്കം 18), വാഷിങ്‌ടണ്‍ സുന്ദര്‍ (11 പന്തില്‍ ഒരു സിക്‌സറടക്കം 11) എന്നിവരാണു രണ്ടക്കം കടന്ന മറ്റുള്ളവര്‍.
ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്‌ദീന്‍ മാര്‍ക്രം ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. അവര്‍ക്കു മോശം തുടക്കമാണ് ലഭിച്ചത്. ഡേവിഡ് മില്ലര്‍ (35 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറുമടക്കം 63), ട്രിസ്‌റ്റന്‍ സ്‌റ്റബ്‌സ് (24 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം പുറത്താകാതെ 44), ഡെവാള്‍ഡ് ബ്രെവിസ് (29 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ഫോറുമടക്കം 45) എന്നിവരാണ് ടീമിനെ മികച്ച നിലയിലെത്തിച്ചത്. ഓപ്പണര്‍മാരായ എയ്‌ദീന്‍ മാര്‍ക്രം (നാല്), ക്വിന്റണ്‍ ഡി കോക്ക് (ആറ്), റയാന്‍ റികല്‍ടണ്‍ (ഏഴ്) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്ക മൂന്നിന് 20 റണ്ണെന്നു തകര്‍ന്നു. ഡി കോക്കിനെയും റികല്‍ടണിനെയും ജസ്‌പ്രീത് ബുംറയും മാര്‍ക്രത്തെ അര്‍ഷദീപ് സിങും പുറത്താക്കി.
മില്ലറും ബ്രെവിസും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് 29 പന്തില്‍ 50 കടന്നു. ലെഗ് സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ കടന്നാക്രമിക്കാനും അവര്‍ മറന്നില്ല. 26 പന്തിലാണ് മില്ലര്‍ അര്‍ധ സെഞ്ചുറി കടന്നത്. ബ്രെവിസിനെ അഭിഷേക് ശര്‍മയുടെ കൈയിലെത്തിച്ച് ശിവം ദുബെയാണു കൂട്ടുകെട്ട് പൊളിച്ചത്. സ്‌റ്റബ്‌സിനൊപ്പം ചേര്‍ന്ന് ടീമിനെ 150 കടത്തിയ ശേഷം മില്ലര്‍ പുറത്തായി. വരുണ്‍ ചക്രവര്‍ത്തി മില്ലറിനെ തിലക് വര്‍മയുടെ കൈയിലെത്തിച്ചു. മാര്‍കോ യാന്‍സന്‍ (രണ്ട്), കോര്‍ബിന്‍ ബോഷ് (അഞ്ച്) എന്നിവരെ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക 200 ലെത്തുന്നത് ഒഴിവാക്കാനായി. കാഗിസോ റബാഡ (0) സ്‌റ്റബ്‌സിനൊപ്പം പുറത്താകാതെനിന്നു. ഇന്ത്യക്കായി ബൂംറ നാല് ഓവറില്‍ 15 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. അര്‍ഷദീപ് സിങ് രണ്ട് വിക്കറ്റെടുത്തു. വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 47 റണ്‍ വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്. ശിവം ദുബെ രണ്ട് ഓവറില്‍ 32 റണ്‍ വഴങ്ങി ഒരു വിക്കറ്റെടുത്തു. പാര്‍ട്ട് ടൈം ഓഫ് സ്‌പിന്നറായ മാര്‍ക്രം എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഇഷാന്‍ കിഷന്‍ (0) റയാന്‍ റികല്‍ടണിന്റെ കൈയിലെത്തി. യാന്‍സന്‍ എറിഞ്ഞ അടുത്ത ഓവറില്‍ തിലക് വര്‍മയും (ഒന്ന്) മടങ്ങി. പുറത്തേക്കു പോയ പന്തിനു ബാറ്റ് വച്ച തിലകിനെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് അനായാസം പിടികൂടി. ലോകകപ്പില്‍ ആദ്യമായി റണ്ണെടുത്തെങ്കിലും ഓപ്പണര്‍ അഭിഷേക് ശര്‍മയ്‌ക്കും (12 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 15) നിലയുറപ്പിക്കാനായില്ല. താരത്തെ യാന്‍സന്റെ പന്തില്‍ ബോഷ് പിടികൂടി.