-->
ബാങ്കോക്ക്: റൈസിങ് സ്‌റ്റാര്‍സ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ എ വനിതകള്‍ക്ക് കിരീടം. തായ്‌ലന്‍ഡിലെ ടെര്‍ഡ്‌തായ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്‌ചിത 20 ഓവറില്‍ ഏഴ് വിക്കറ്റിന് 134 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് കളി തീരാന്‍ അഞ്ച് പന്തുകള്‍ ശേഷിക്കേ 88 റണ്ണിന് ഓള്‍ഔട്ടായി.
ഇന്ത്യക്കായി തേജല്‍ ഹസാബ്‌നിസ് 34 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 51 റണ്ണുമായി പുറത്താകാതെനിന്നു. നായിക രാധാ യാദവ് 30 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 36 റണ്ണെടുത്തു. 17 പന്തില്‍ 19 റണ്ണെടുത്ത ഓപ്പണര്‍ ദിനേഷ് വൃന്ദയാണു രണ്ടക്കം കടന്ന മറ്റൊരു താരം. മലയാളി താരം മിന്നു മണി ഗോള്‍ഡന്‍ ഡക്കായി. ബംഗ്ലാദേശിനായി ഫാതിമ ഖാതൂണ്‍ നാല് വിക്കറ്റുമായി തിളങ്ങി. ഫര്‍ജാന ഇസാമിന്‍, ഫാതിമ ജഹാന്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. ഇന്ത്യക്കായി പ്രേമ റാവത് നാല് ഓവറില്‍ 12 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. സോണിയ മെന്‍ധിയ, തനുജ കന്‍വാര്‍ എന്നിവര്‍ രണ്ട് വിക്കറ്റും സോണിയ ഠാക്കൂര്‍, മിന്നു മണി, രാധാ യാദവ് എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.