-->
അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയന്‍ വനിതള്‍ക്കെതിരേ അവരുടെ നാട്ടില്‍ ട്വന്റി20 ക്രിക്കറ്റ് പരമ്പര നേടി ഇന്ത്യ. അഡ്‌ലെയ്‌ഡ് ഓവലില്‍ നടന്ന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം 17 റണ്ണിനു ജയിച്ചാണ് ഇന്ത്യന്‍ വനിതകള്‍ 2-1 നു ചരിത്രം കുറിച്ചത്.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യന്‍ വനിതകള്‍ ആറ് വിക്കറ്റിന് 176 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഓസീസിന് ഒന്‍പത് വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. 2018 ന് ശേഷം ഓസ്‌ട്രേലിയല്‍ ആദ്യമായാണ് ഇന്ത്യ ട്വന്റി20 പരമ്പരയില്‍ ജയിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ 10 പരമ്പരകളു ഇന്ത്യ കൈവിട്ടിരുന്നു.
ഇന്നലെ ടോസ് നേടിയ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഓപ്പണര്‍ സ്‌മൃതി മന്ദാന (55 പന്തില്‍ മൂന്ന് സിക്‌സറും എട്ട് ഫോറുമടക്കം 82), 46 പന്തില്‍ 59 റണ്ണെടുത്ത ജമീമ റോഡ്രിഗസ് എന്നിവരാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ഓപ്പണര്‍ ഷഫാലി വര്‍മയെ (ആറ് പന്തില്‍ ഏഴ്) കിം ഗാരേത് അനാബെല്‍ സതര്‍ലന്‍ഡിന്റെ കൈയിലെത്തിച്ചെങ്കിലും സ്‌മൃതിയും ഷഫാലിയും വിട്ടുകൊടുക്കാന്‍ തയാറായില്ല. രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 34 പന്തില്‍ 50 കടന്നു. 38 പന്തില്‍ അര്‍ധ സെഞ്ചുറിയടിച്ച് സ്‌മൃതി മന്ദാനയും നിലപാട് വ്യക്‌തമാക്കി. രണ്ടവം വിക്കറ്റ് കൂട്ടുകെട്ട് 66 പന്തില്‍ നൂറിലെത്തി. 41 പന്തുകള്‍ നേരിട്ടാണു ജെമീമ അര്‍ധ സെഞ്ചുറിയടിച്ചത്. സ്‌മൃതിയെയും ജെമീമയെയും സതര്‍ലന്‍ഡ് പുറത്താക്കി. റിച്ചാ ഘോഷ് (ഏഴ് പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 18) നായിക സോഫി മോളിനക്‌സിനു വിക്കറ്റ് നല്‍കി. അമന്‍ജോക് കൗറും (ഒന്ന്) ദീപ്‌തി ശര്‍മയും (ഒന്ന്) അടുത്തടുത്ത പന്തുകളില്‍ റണ്ണൗട്ടായി. ഹര്‍മന്‍പ്രീത് രണ്ട് റണ്ണുമായി പുറത്താകാതെനിന്നു. ഓസീസ് വനിതകളില്‍ ആഷ്‌ലീഗ് ഗാഡ്‌നര്‍ (45 പന്തില്‍ ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം 57), ഫോബി ലിച്‌ഫീല്‍ഡ് (17 പന്തില്‍ 26) എന്നിവര്‍ മാത്രമാണു പൊരുതിയത്. ശ്രീ ചരണിയും ശ്രേയങ്ക പാട്ടീലും ഇന്ത്യക്കായി മൂന്ന് വിക്കറ്റുകള്‍ വീതമെടുത്തു. അരുന്ധതി റെഡ്‌ഡി രണ്ട് വിക്കറ്റും രേണുക സിങ് ഒരു വിക്കറ്റുമെടുത്തു. സ്‌മൃതി മന്ദാനയാണു മത്സരത്തിലെ താരം.