-->
കൊച്ചി: ഇന്ത്യന്‍ സുപ്പര്‍ ലീഗ് ഫുട്‌ബോള്‍ 12-ാം സീസണിലെ ആദ്യ ഹോംമത്സരത്തിനായി ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ 7.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ എഫ്.സിയാണ് എതിരാളികള്‍.
സീസണിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ നിലവിലെ ചാമ്പ്യന്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് 2-0 ത്തിനു തോല്‍പ്പിച്ചിരുന്നു. ടീമിന്റെ മോശം പ്രകടത്തില്‍ ആരാധകര്‍ നിരാശയിലാണ്. ബഗാനുമായുള്ള സീസണിലെ ആദ്യ മത്സരം അവര്‍ക്കു കനത്ത പ്രഹരമായി. ഒത്തിണക്കമില്ലായ്‌മ മത്സരത്തില്‍ പ്രകടമായി. വിദേശ താരം കെവിന്‍ യോക്കിന്റെയും ഒമര്‍ ബായുടെയും പ്രകടനമായിരുന്നു പ്രതീക്ഷയായത്.
കളിയുടെ 85 മിനിറ്റ് വരെ മികച്ച മുന്നേറ്റം കാഴ്‌ചവയ്‌ക്കാന്‍ ടീമിനു കഴിഞ്ഞില്ല. ഒരു ഷോട്ടുപോലും എതിര്‍ ഗോള്‍മുഖത്തേക്ക് ഈ സമയം വരെ ഉതിര്‍ക്കാന്‍ കഴിയാതെ പോയി.
ആദ്യ ഹോം മത്സരം ജയിച്ച ആവേശത്തിലാണ് മുംബൈ സിറ്റി കൊച്ചിയില്‍ കളിക്കിറങ്ങുന്നത്. ചെന്നൈയിനെ ആണ് അവര്‍ തോല്‍പിച്ചത്. ശക്‌തമായ നിരയാണ് മുംബൈയ്‌ക്കെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സീസണില്‍ അവസാന മത്സരത്തില്‍ മുംബൈയെ തോല്‍പ്പിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായി.