Friday, March 13, 2026 Last Updated 9 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.34 PM

വീണ്ടുമൊരു... സൂപ്പര്‍ 8 മത്സരം ഇന്നു നടക്കും

uploads/news/2026/02/826663/sp1.jpg

അഹമ്മദാബാദ്‌: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിലെ സൂപ്പര്‍ എട്ട്‌ മത്സരം ഇന്നു നടക്കും. നരേന്ദ്ര മോദി ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ഏഴ്‌ മുതലാണു മത്സരം.
കഴിഞ്ഞ ലോകകപ്പ്‌ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ്‌ ഇന്ത്യ ജേതാക്കളായത്‌. ഫൈനലിലെ തോല്‍വിക്കു പകരം വീട്ടാനുറച്ചാണ്‌ എയ്‌ദീന്‍ മാര്‍ക്രവും സംഘവും കളിക്കുക. കിരീടം നിലനിര്‍ത്താനുറച്ചാണു സൂര്യകുമാര്‍ യാദവും സംഘവും കളത്തിലിറങ്ങുക.
ഇവിടെ വൈകിട്ട്‌ നടക്കുന്ന മത്സരങ്ങളിലെല്ലാം മികച്ച സ്‌കോറുകള്‍ പിറന്നു. പിന്തുടര്‍ന്നു നേടാനും മികച്ച പിച്ചാണിത്‌. കറുത്ത മണ്ണിന്റെ പ്രതലത്തിലാണു മത്സരമെന്നതിനാല്‍ റണ്‍ മഴ പ്രതീക്ഷിക്കാം. ടോസ്‌ നേടുന്നവര്‍ പിന്തുടരാന്‍ തീരുമാനിച്ചാലും അദ്‌ഭുതപ്പെടാനില്ല. മത്സരത്തിന്‌ അനുകൂലമായ കാലാവസ്‌ഥയാണ്‌. ദക്ഷിണാഫ്രിക്കയുടെ ഗ്രൂപ്പിലെ നാല്‌ മത്സരങ്ങളില്‍ മൂന്നും ഇവിടെയാണ്‌്. ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്കു മികച്ച റെക്കോഡുണ്ട്‌. ഇതുവരെ കളിച്ച ഏഴ്‌ മത്സരങ്ങളില്‍ അഞ്ചിലും അവരാണു ജയിച്ചത്‌. ഇടംകൈയന്‍ ബാറ്റര്‍മാരുടെ ആധിക്യമാണ്‌ ഇന്ത്യക്ക്‌ ഒരേ സമയം ആശങ്കയും ആനുകൂല്യവുമാണ്‌.
ഇന്ത്യക്കെതിരേ ഓഫ്‌ സ്‌പിന്നര്‍മാര്‍ ആധിപത്യം പുലര്‍ത്തുന്നത്‌ ഇടംകൈയന്‍ ബാറ്റര്‍മാരുടെ സാന്നിധ്യം കൊണ്ടാണെന്ന്‌ മികച്ച കളിയെഴുത്തുകാരും ചൂണ്ടിക്കാട്ടി. തുടരെ പൂജ്യത്തിനു പുറത്തായ ഓപ്പണര്‍ അഭിഷേക്‌ ശര്‍മയും ഇടംകൈയനാണ്‌്. പാര്‍ട്ട്‌ ടൈം ഓഫ്‌ സ്‌പിന്നറായ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്‌ദീന്‍ മാര്‍ക്രം ഇന്നലെ ബൗളിങ്ങിലാണു കൂടുതല്‍ സമയം ചെലവഴിച്ചത്‌. ഇന്ത്യ നെറ്റ്‌സില്‍ ഓഫ്‌ സ്‌പിന്നര്‍മാരെക്കൊണ്ടാണു പരിശീലിച്ചത്‌.
പാര്‍ട്ട്‌ ടൈം സ്‌പിന്നര്‍മാരായ വാഷിങ്‌ടണ്‍ സുന്ദറും തിലക്‌ വര്‍മയുമാണ്‌ കൂടുതലും പന്തെറിഞ്ഞത്‌്. ഇഷാന്‍ കിഷാനും റിങ്കു സിങും വരെ ഇടയ്‌ക്കു പന്തെറിഞ്ഞു. കോച്ച്‌ ഗൗതം ഗംഭീര്‍ മുന്‍നിരയില്‍ ഒരു വലംകൈയന്‍ ബാറ്റര്‍ വേണമെന്ന നിലപാടെടുത്താല്‍ മലയാളി താരം സഞ്‌ജു സാംസണിന്‌ നറുക്കു വീഴും.
ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ 'പൂജ്യം' നേടിയ താരമാണ്‌ അഭിഷേക്‌ ശര്‍മ (അഞ്ച്‌). അതില്‍ മൂന്നും ഈ ലോകകപ്പില്‍ തുടരെയായിരുന്നു. ട്വന്റി20 യിലെ നമ്പര്‍ വണ്‍ ബാറ്ററായ അഭിഷേകിനെ ഒഴിവാക്കില്ലെന്ന്‌ ബാറ്റിങ്‌ കോച്ച്‌ റയാന്‍ ടെന്‍ ദോഷെ വ്യക്‌തമാക്കിയിരുന്നു.
അടിച്ചു തകര്‍ക്കുന്ന വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനിലാണ്‌ പ്രതീക്ഷ. തുടക്കത്തില്‍ ഡോട്ട്‌ ബോളുകള്‍ വഴങ്ങുന്ന തിലക്‌ വര്‍മയുടെ ഇന്നിങ്‌സും ഒരേ സമയം ആശങ്കയും ആനുകൂല്യവുമാണ്‌. ന്യൂസിലന്‍ഡിനെതിരേ അനായാസ ജയം കുറിച്ച ദക്ഷിണാഫ്രിക്കയെ എളുപ്പം തള്ളാനുമാകില്ല. അവസാന ഗ്രൂപ്പ്‌ മത്സരത്തില്‍ കളിച്ച വാഷിങ്‌ടണ്‍ സുന്ദറിനു പകരം ഇടംകൈയന്‍ സ്‌പിന്നര്‍ അക്ഷര്‍ പട്ടേല്‍ ടീമിലെത്തും. ഇടംകൈയന്‍ പേസര്‍ അര്‍ഷദീപ്‌ സിങും സ്‌ഥാനം നിലനിര്‍ത്തുമെന്നാണു സൂചന. ദക്ഷിണാഫ്രിക്ക പേസര്‍ ലുങ്കി എന്‍ഗിഡിയെ കഴിഞ്ഞ മത്സരത്തില്‍ കളിപ്പിച്ചില്ല. വിക്കറ്റ്‌ വേട്ടക്കാരില്‍ മുമ്പനായ എന്‍ഗിഡിയും ആന്റിച്‌ നോര്‍ടിയയും തിരിച്ചെത്തുമെന്നാണു സൂചന.
സാധ്യതാ ടീം: ഇന്ത്യ - അഭിഷേക്‌ ശര്‍മ, ഇഷാന്‍ കിഷന്‍, തിലക്‌ വര്‍മ, സൂര്യകുമാര്‍ യാദവ്‌ (നായകന്‍), ഹാര്‍ദിക്‌ പാണ്ഡ്യ, റിങ്കു സിങ്‌, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, അര്‍ഷദീപ്‌ സിങ്‌, ജസ്‌പ്രീത്‌ ബുംറ, വരുണ്‍ ചക്രവര്‍ത്തി.
സാധ്യതാ ടീം: ദക്ഷിണാഫ്രിക്ക- എയ്‌ദീന്‍ മാര്‍ക്രം (നായകന്‍), ക്വിന്റണ്‍ ഡി കോക്ക്‌, റയാന്‍ റികല്‍ടണ്‍, ഡെവാള്‍ഡ്‌ ബ്രെവിസ്‌, ട്രിസ്‌റ്റന്‍ സ്‌റ്റബ്‌സ്, സഡേവിഡ്‌ മില്ലര്‍, മാര്‍കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്‌, കേശവ്‌ മഹാരാജ്‌, കാഗിസോ റബാഡ/ആന്റിച്‌ നോര്‍ടിയ, ലുങ്കി എന്‍ഗിഡി.

Ads by Google
Saturday 21 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW