-->
കൊച്ചി: മികച്ച സ്‌പോര്‍ട്‌സ് ലേഖകനുള്ള 2023 ലെ ജി.വി.രാജ അവാര്‍ഡിന് ശുപാര്‍ശ നല്‍കിയത് മാധ്യമ പ്രവര്‍ത്തകനല്ലാത്തയാള്‍ക്കെന്ന് കേരള സ്‌പോര്‍ട്‌സ് ജേണലിസ്‌റ്റ്സ് അസോസിയേഷന്‍ (കെ.എസ്.ജെ.എ.).
ഇതിനെതിരേ കെ.എസ്.ജെ.എ. മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിനും പരാതി നല്‍കി. ജൂറിയില്‍ കായിക മാധ്യമ പ്രവര്‍ത്തന രംഗത്തെ ആരും തന്നെയില്ലെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. അവാര്‍ഡ് നല്‍കുന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും ജൂറിയിലെത്തിയത് അനൗചിത്യമാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്‌ചയാണ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ അവാര്‍ഡുകള്‍ ഒന്നിച്ച് പ്രഖ്യാപിച്ചത്.
അതില്‍ 2023 ലെ അവാര്‍ഡ് ലഭിച്ച പി.ടി.അജീഷ് എന്‍ട്രിയായി അയച്ചത് കേരളത്തിലെ ഒരു പ്രമുഖ പത്രത്തിലെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച ''ലോകകപ്പ് - സഞ്‌ജുവിന്റെ ഭാവി എന്താകും, ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സും കുഞ്ഞുങ്ങളും'' എന്നീ ലേഖനങ്ങളായിരുന്നു. അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നതിന്റെ അടിസ്‌ഥാന ലക്ഷ്യം സ്‌പോര്‍ട്‌സ് ജേണലിസത്തില്‍ പ്ര?ഫഷണലായി ഏര്‍പ്പെട്ടിരിക്കുന്നവരെയും ഈ മേഖലയുടെ പുരോഗതിക്കായി സ്വയം സമര്‍പ്പിച്ചവരെയും അംഗീകരിക്കുകയാണ്. സ്‌പോര്‍ട്‌സ് ജേണലിസ്‌റ്റല്ലാത്ത ഒരു വ്യക്‌തിക്ക് അവാര്‍ഡ് നല്‍കുന്നത് നിര്‍ഭാഗ്യകരമാണ്. ഡോ. അജീഷ് പി.ടി. നിലവില്‍ എസ്.സി.ഇ.ആര്‍.ടിയില്‍ ഗവേഷണ ഓഫീസറാണ്. കരിയര്‍ സ്‌പോര്‍ട്‌സ് ജേണലിസ്‌റ്റുമല്ല. ''മികച്ച സ്‌പോര്‍ട്‌സ് ജേണലിസ്‌റ്റ്'' വിഭാഗത്തില്‍ പത്രപ്രവര്‍ത്തകനല്ലാത്ത വ്യക്‌തിക്ക് ബഹുമതി നല്‍കുന്നത് അവാര്‍ഡിന്റെ
ഉദ്ദേശ്യത്തെ ദുര്‍ബലപ്പെടുത്തി. സ്‌പോര്‍ട്‌സ് ജേണലിസ്‌റ്റുകളുടെ അന്തസിനെ അവമതിക്കുന്ന തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാരും സ്‌പോര്‍ട്‌സ് കൗണ്‍സിലും ജൂറിയും തയാറാകണമെന്ന് കെ.എസ്.ജെ.എ. പ്രസിഡന്റ് സ്‌റ്റാന്‍ റയാനും സെക്രട്ടറി സി.കെ.രാജേഷ് കുമാറും ആവശ്യപ്പെട്ടു. അര്‍ഹതയുള്ള ഒരു സ്‌പോര്‍ട്‌സ് ജേണലിസ്‌റ്റിന് അവാര്‍ഡ് നല്‍കാന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനയച്ച പരാതിയില്‍ അവര്‍ വ്യക്‌തമാക്കി.