-->
കൊല്ലം: ആര്‍.എസ്.പി. സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം ഷിബു ബേബി ജോണ്‍ രാജിവച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണു താല്‍ക്കാലികമായി സ്‌ഥാനമൊഴിഞ്ഞത്. മുന്‍ സംസ്‌ഥാന സെക്രട്ടറി എ.എ. അസീസിനാണ് തെരഞ്ഞെടുപ്പ് കാലത്തു സെക്രട്ടറിയുടെ ചുമതല.
ചവറയിലാകും ഷിബു ബേബി ജോണ്‍ സ്‌ഥാനാര്‍ഥിയാകുക. കഴിഞ്ഞ തവണ ഇടതു സ്വതന്ത്രനായ ഡോ. സുജിത് വിജയന്‍ പിള്ളയോടും അതിനു മുമ്പു സുജിത്തിന്റെ പിതാവ് എന്‍.വിജയന്‍ പിള്ളയോടും പരാജയപ്പെട്ടിരുന്നു.
അതിനിടെ, ആര്‍.എസ്.പി. സീറ്റുകള്‍ സംബന്ധിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നാളെ ഇടുക്കിയില്‍ ചര്‍ച്ച നടക്കും. മണ്ഡലം കമ്മിറ്റികള്‍ 24നു ചേരുന്നുണ്ട്. കൊല്ലം ജില്ലയില്‍ ആര്‍.എസ്.പിയുടെ മറ്റൊരു സീറ്റായ ഇരവിപുരത്ത് എന്‍.കെ. പ്രേമചന്ദന്റെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രന്‍, സജി ഡി. ആനന്ദ് എന്നിവരുടെ പേരുകളാണു പരിഗണനയില്‍. മണ്ഡലം കമ്മിറ്റിയില്‍ ഭൂരിപക്ഷം നേടിയാല്‍ കാര്‍ത്തിക് സ്‌ഥാനാര്‍ഥിയാകാനാണ് സാധ്യത.