-->
ന്യൂഡല്‍ഹി: ഭീകരാക്രമണം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെത്തുടര്‍ന്നു ഡല്‍ഹി ഇന്നലെ അതീവ സുരക്ഷാവലയിത്തിലായി. പാകിസ്‌താന്‍ ആസ്‌ഥാനമായുള്ള നിരോധിത സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്‌ബ (എല്‍.ഇ.ടി) രാജ്യതലസ്‌ഥാനത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്ന പ്രത്യേക ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് ഇന്നലെ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും സുരക്ഷാസേന അതീവ ജാഗ്രത പുലര്‍ത്തിയത്.
മതപരമായ സ്‌ഥലങ്ങളെ കേന്ദ്രീകരിച്ചാണ് ഭീഷണിയുണ്ടായത്. ചെങ്കോട്ടയ്‌ക്ക് സമീപമുള്ള ചാന്ദ്‌നി ചൗക്ക് പ്രദേശത്തെ ഒരു ക്ഷേത്രം ലക്ഷ്യമായി കണ്ടെത്തി. കഴിഞ്ഞ ആറിന് പാകിസ്‌താന്‍ തലസ്‌ഥാനമായ ഇസ്ലാമാബാദിലെ ഷിയ പള്ളിയില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തിനു പ്രതികാരം ചെയ്യാന്‍ ഭീകരസംഘടന ശ്രമിക്കുന്നതായി സ്രോതസുകളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ആ സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇസ്ലാമാബാദ് സ്‌ഫോടനത്തില്‍ ബാഹ്യ പങ്കാളിത്തമുണ്ടെന്നു പാകിസ്‌താന്‍ മുമ്പ് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യ പാകിസ്‌താന്റെ അവകാശവാദം തള്ളിക്കളഞ്ഞു. "പാകിസ്‌താന്‍ തങ്ങളുടെ സാമൂഹിക ഘടനയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഗൗരവമായി പരിഹരിക്കുന്നതിനുപകരം, സ്വന്തം നാട്ടില്‍ വളര്‍ത്തിയെടുത്ത ദോഷങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം വഞ്ചിക്കുന്നത് നിര്‍ഭാഗ്യകരമാണ്. അത്തരം എല്ലാ ആരോപണങ്ങളും ഇന്ത്യ നിരസിക്കുന്നു. ഇത് അടിസ്‌ഥാനരഹിതവും അര്‍ഥശൂന്യവുമാണ്"-ഈ മാസം ആദ്യം പുറത്തിറക്കിയ ഒരു പ്രസ്‌താവനയില്‍ ഇന്ത്യ വ്യക്‌തമാക്കി.
ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ച് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പ്രത്യേക വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
റിപ്പബ്ലിക് ദിനാഘോഷത്തിന് മുമ്പ് ഈ ഭീഷണികളെക്കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ ലഭിച്ചതായി പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ സംസാരിച്ച രണ്ട് മുതിര്‍ന്ന ഡല്‍ഹി പോലീസ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.ആ പ്രാഥമിക വിവരങ്ങള്‍ പിന്നീട് വിലയിരുത്തിയെങ്കിലും, ശനിയാഴ്‌ച ലഭിച്ച പുതിയ പ്രത്യേക രഹസ്യാനേഷണ റിപ്പോര്‍ട്ടില്‍ ഇംപ്ര?വൈസ്‌ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) ആക്രമണം ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് വിവരം ലഭിച്ചത്. നിലവിലെ ഭീഷണിക്ക് മറുപടിയായി, പ്രധാന മത, പൈതൃക കേന്ദ്രങ്ങളില്‍ സുരക്ഷ ശക്‌തമാക്കിയതായി ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ദുര്‍ബലമായ സ്‌ഥലങ്ങള്‍ നിരീക്ഷിക്കുന്നതിന് കേന്ദ്ര ഏജന്‍സികളും ഡല്‍ഹി പോലീസ് യൂണിറ്റുകളും ഏകോപനം നിലനിര്‍ത്തുന്നു. സി.സി.ടിവി നിരീക്ഷണത്തിലൂടെയും കര്‍ശനമായ വാഹന പരിശോധനകളിലൂടെയും നിരീക്ഷണം ശക്‌തമാക്കി.
ബോംബ് നിര്‍മാര്‍ജന സ്‌ക്വാഡുകള്‍, ഡോഗ് സ്‌ക്വാഡുകള്‍, ക്വിക്ക് റിയാക്ഷന്‍ ടീമുകള്‍ എന്നിവയും തന്ത്രപ്രധാനമായ സ്‌ഥലങ്ങളില്‍ സജ്‌ജരാണെന്നു ഉദ്യോഗസ്‌ഥര്‍ ദേശീയ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. ചാന്ദ്‌നി ചൗക്കിലെ ഗൗരി ശങ്കര്‍ ക്ഷേത്രത്തില്‍ മഹാശിവരാത്രി ആഘോഷങ്ങള്‍ക്കിടെ പരിശീലനം ലഭിച്ച കമാന്‍ഡോകള്‍ക്കൊപ്പം ഒരു ഡി.സി.പി. റാങ്കിലുള്ള ഉദ്യോഗസ്‌ഥനെ അടുത്തിടെ വിന്യസിച്ചിരുന്നു.
മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്‌പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.