Wednesday, March 11, 2026 Last Updated 15 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.32 PM

ഇന്ത്യയുമായുള്ള കരാര്‍ തുലാസില്‍

ന്യൂഡല്‍ഹി: പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ താരിഫ്‌ നയം റദ്ദാക്കിയ യു.എസ്‌. സുപ്രീം കോടതി വിധി പഠിച്ചുവരുകയാണെന്നു കേന്ദ്ര വാണിജ്യ-വ്യവസായമന്ത്രാലയം. യു.എസുമായുള്ള വാണിജ്യക്കരാര്‍ അന്തിമമാക്കുന്നതു സംബന്ധിച്ച്‌ ഇന്ത്യന്‍ പ്രതിനിധിസംഘം ഇന്ന്‌ വാഷിങ്‌ടണില്‍ എത്താനിരിക്കേയാണ്‌ ട്രംപിന്‌ കോടതിയില്‍നിന്ന്‌ താരിഫ്‌ നയത്തില്‍ തിരിച്ചടിയേറ്റത്‌.
ഇന്ത്യയ്‌ക്കുമേല്‍ ട്രംപ്‌ ചുമത്തിയ 50% അധികത്തീരുവ വാണിജ്യകരാര്‍ ചര്‍ച്ചകളുടെ പശ്‌ചാത്തലത്തില്‍ 18 ശതമാനമായി കുറയ്‌ക്കാന്‍ ധാരണയായിരുന്നു. എന്നാല്‍, യു.എസ്‌. സുപ്രീം കോടതി വിധിയോടെ ഇത്‌ 10 ശതമാനത്തിലേക്കു താഴുമെന്നാണു വിലയിരുത്തല്‍. കോടതി വിധിയുടെ അനന്തരഫലം കൂടി വിലയിരുത്തിയശേഷമാകും ഇനി വാണിജ്യക്കരാര്‍ ഒപ്പുവയ്‌ക്കുക.
കോടതിയില്‍നിന്നു തിരിച്ചടിയേറ്റതിനു തൊട്ടുപിന്നാലെ യു.എസിലേക്കുള്ള എല്ലാ ഇറക്കുമതിക്കും ട്രംപ്‌ 10% ആഗോളതീരുവ പ്രഖ്യാപിച്ചു. അപൂര്‍വമായി മാത്രം പ്രയോഗിക്കാറുള്ള, യു.എസ്‌. ഭരണഘടനയിലെ വകുപ്പ്‌ 122 പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ്‌ ട്രംപിന്റെ നടപടി. 1962-ലെ വ്യാപാരവിപുലീകരണനിയമം വകുപ്പ്‌ 232, 1974-ലെ വാണിജ്യനിയമം വകുപ്പ്‌ 301 എന്നിവ നിലവിലുണ്ടെന്നും അവയെ കോടതി വിധി ബാധിക്കില്ലെന്നും വൈറ്റ്‌ ഹൗസ്‌ വ്യക്‌തമാക്കി. ദേശീയസുരക്ഷയുടെ അടിസ്‌ഥാനത്തിലുള്ളതാണ്‌ 1962-ലെ നിയമം. ഉരുക്ക്‌, അലുമിനിയം, സെമി കണ്ടക്‌ടറുകള്‍ തുടങ്ങിയ ഉത്‌പന്നങ്ങളുടെ കാര്യത്തില്‍ ഈ നിയമം നിലവില്‍ പ്രയോഗത്തിലുണ്ട്‌.
ട്രംപിന്റെ പകരത്തീരുവ യു.എസ്‌. സുപ്രീം കോടതി റദ്ദാക്കിയതോടെ ഇന്ത്യയില്‍നിന്നുള്ള 55 ശതമാനത്തോളം ഉത്‌പന്നങ്ങള്‍ 25% തീരുവയില്‍നിന്ന്‌ (കരാര്‍ മുന്‍നിര്‍ത്തി 18 ശതമാനത്തിലേക്കു കുറച്ചത്‌ ഉള്‍പ്പെടെ) മുക്‌തമാകുമെന്ന്‌ വാണിജ്യവിദഗ്‌ധന്‍ അജയ്‌ ശ്രീവാസ്‌തവ ചൂണ്ടിക്കാട്ടി. ശേഷിക്കുന്ന ഉത്‌പന്നങ്ങളില്‍ ഉരുക്കിനും അലുമിനിയത്തിനും യു.എസ്‌. നിയമം വകുപ്പ്‌ 232 പ്രകാരമുള്ള 50 ശതമാനവും ചില വാഹനഭാഗങ്ങള്‍ക്ക്‌ 25 ശതമാനവും തീരുവ തുടരും. സ്‌മാര്‍ട്ട്‌ ഫോണുകള്‍, പെട്രോളിയം ഉത്‌പന്നങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയ്‌ക്കുള്ള തീരുവ ഇളവും തുടരും.
വാണിജ്യക്കരാറില്‍ സമ്മതിച്ച തീരുവകളില്‍ ഏതെങ്കിലും രാജ്യത്തിന്റെ ഭാഗത്തുനിന്ന്‌ മാറ്റങ്ങളുണ്ടായാല്‍ മറ്റേ രാജ്യം അതിനനുസരിച്ച്‌ ധാരണ പരിഷ്‌കരിക്കുമെന്നാണ്‌ കഴിഞ്ഞ ആറിനു പുറപ്പെടുവിച്ച സംയുക്‌തപ്രസ്‌താവനയിലെ ഒരു വ്യവസ്‌ഥ.
നിലവില്‍ കോടതി വിധിയോടെ യു.എസ്‌. തീരുവകളില്‍ മാറ്റം വന്നിരിക്കുന്നു. അതിനാല്‍ സംയുക്‌തപ്രസ്‌താവനയിലെ വ്യവസ്‌ഥ ഇന്ത്യയ്‌ക്ക്‌ ഉപയോഗിക്കാം. കരാറില്‍നിന്നു പിന്മാറാനോ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യപ്പെടാനോ തുല്യതയുടെ അടിസ്‌ഥാനത്തില്‍ പുതിയ വ്യവസ്‌ഥകള്‍ ആവശ്യപ്പെടാനോ കഴിയും. കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ യു.എസുമായുള്ള വാണിജ്യക്കരാര്‍ ഇന്ത്യ പുനഃപരിശോധിക്കണമെന്നും ശ്രീവാസ്‌തവ നിര്‍ദേശിച്ചു.
കോടതി വിധിക്കുശേഷം ട്രംപ്‌ പ്രഖ്യാപിച്ച 10% തീരുമ മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയ്‌ക്കും ബാധകമാണ്‌. അതുകൊണ്ടുതന്നെ കരാര്‍ സംബന്ധിച്ച്‌ ഇതുവരെ നടന്ന ചര്‍ച്ചകള്‍ക്കു പ്രസക്‌തി നഷ്‌ടപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Ads by Google
Saturday 21 Feb 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW