-->
യുഎസ്എസ് എബ്രഹാം ലിങ്കൺ, യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് എന്നീ വിമാനവാഹിനികൾ ഇറാൻ തീരത്തിന് സമീപം നിലയുറപ്പിച്ചതിനെ തുടര്‍ന്ന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി.
"വിമാനവാഹിനിക്കപ്പലുകൾ അപകടകാരികളാണ്, എന്നാൽ അവയെ സമുദ്രത്തിന്‍റെ ആഴങ്ങളിലേക്ക് മുക്കാൻ ശേഷിയുള്ള ആയുധങ്ങൾ അതിലും അപകടകാരികളാണ്" എന്നായിരുന്നു ഫെബ്രുവരി 17ന് നടത്തിയ പ്രസംഗത്തിൽ ഖമേനിയുടെ പ്രഖ്യാപനം. ആയുധത്തിന്‍റെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ലെങ്കിലും, ഹോർമുസ് കടലിടുക്കിൽ മേധാവിത്വം സ്ഥാപിക്കാനുള്ള ഇറാന്‍റെ പ്രഹരശേഷിയെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണിത്.
ഇറാന്‍റെ പക്കലുള്ള അത്യാധുനിക 'ഫത്താഹ്' ഹൈപ്പർസോണിക് മിസൈലുകളാണ് ഖമേനി സൂചിപ്പിച്ച ആയുധങ്ങളിൽ പ്രധാനമായി കരുതപ്പെടുന്നത്. ശബ്‍ദത്തേക്കാൾ 13 മുതൽ 15 മടങ്ങ് വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഫത്താഹ്-1, മിസൈൽ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ലക്ഷ്യസ്ഥാനത്ത് എത്താൻ രൂപകൽപ്പന ചെയ്തതാണ്. ഇതിന്‍റെ പരിഷ്കരിച്ച പതിപ്പായ ഫത്താഹ്-2 കൂടുതൽ സങ്കീർണ്ണമായ പാതയിലൂടെ സഞ്ചരിച്ച് ശത്രു കപ്പലുകളെ തകർക്കാൻ ശേഷിയുള്ളതാണെന്ന് സൈനിക നിരീക്ഷകർ വിലയിരുത്തുന്നു. 2024 ഒക്ടോബറിൽ ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തിൽ ഇത്തരം മിസൈലുകൾ ഇറാൻ വിജയകരമായി പരീക്ഷിച്ചിരുന്നു.