-->
ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആട് 3. ജയസൂര്യ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവല്‍ തോമസ്. ആട് 3 യെക്കുറിച്ചുളള ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നൊരു റിപ്പോര്‍ട്ടായിരുന്നു നടി നിഖില വിമലിന്റെ ഐറ്റം ഡാന്‍സ്. ആട് 3യില്‍ നിഖില വിമലിന്റെ ഐറ്റം ഡാന്‍സ് ഉണ്ടാകുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നു. റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ആട് 3 യുടെ പ്രസ് മീറ്റില്‍ പറയാമെന്നായിരുന്നു നിഖില വിമലിന്റെ പ്രതികരണം. ഇപ്പോഴിതാ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ നടന്‍ വിജയ് ബാബു. ആട് 3യില്‍ നിഖില വിമലിന്റെ ഡാന്‍സ് നമ്പറുണ്ടോ എന്ന ചോദ്യത്തിനാണ് വിജയ് ബാബു മറുപടി നല്‍കുന്നത്.
''നിഖില വിമല്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ പ്രസ് കോണ്‍ഫറന്‍സില്‍ കാണാമെന്ന്. നിഖില വിമല്‍ മലയാളത്തിലെ എല്ലാവരും ഇഷ്ടപ്പെടുന്ന നല്ല നടിമാരില്‍ ഒരാളാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെ സിനിമകളില്‍ ചെറുതും വലതുമായ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആട് പോലൊരു സിനിമയില്‍ നിഖില വിമലിനെപ്പോലെ ഇത്ര നല്ലൊരു നടിയെ കൊണ്ടു വന്ന് ഐറ്റം ഡാന്‍സ് കളിപ്പിച്ചിട്ട് വിടുമെന്ന് തോന്നുന്നുണ്ടോ? '' എന്നാണ് വിജയ് ബാബു ചോദിക്കുന്നത്.
''ഇത് എവിടുന്നാണെന്ന് വന്നതെന്നറിയില്ല. അതിന് കുറിക്കു കൊള്ളുന്ന ഉത്തരം നിഖില തന്നെ തന്നിട്ടുണ്ട്. ഞാന്‍ പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞോളാമെന്ന്. എന്തായാലും അത് അവിടെ നില്‍ക്കട്ടെ. എന്തായാലും ഉടനെ തന്നെ ട്രെയിലര്‍ ലോഞ്ചുണ്ട്. അത് കഴിഞ്ഞ മാധ്യമങ്ങളെക്കാണും. അപ്പോള്‍ പറയാം. അതുവരെ ഇങ്ങനെയങ്ങ് പോകട്ടെ'' എന്നും വിജയ് ബാബു പറയുന്നുണ്ട്.