-->
തൃശൂര്‍: കൈവശാവകാശ രേഖയ്‌ക്കു കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. കടിക്കാട് വില്ലേജ് ഓഫീസറും പത്തനംതിട്ട ചിറ്റാര്‍ സ്വദേശിയുമായ എന്‍.പി. വിനോദാണു പിടിയിലായത്. പരാതിക്കാരന് കൈവശാവകാശ രേഖ നല്‍കുന്നതിന് 50,000 രൂപയാണ് വിനോദ് കൈക്കൂലി വാങ്ങിയത്. പരാതിക്കാരന് പിതാമഹനു പട്ടയംവഴി ലഭിച്ച 92 സെന്റ് ഭൂമി പിതാവിന്റെ പേരിലേക്കു മാറ്റാനാണ് കൈവശാവകാശരേഖ ആവശ്യപ്പെട്ടത്. ഒരുമാസം മുമ്പാണ് അപേക്ഷ സമര്‍പ്പിച്ചത്.
പിന്നീട് പലതവണ വില്ലേജ് ഓഫിസിലെത്തിയെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. കഴിഞ്ഞ 16ന് ചെന്നപ്പോള്‍ വില്ലേജ് ഓഫീസറുടെ ചുമതലയുണ്ടായിരുന്ന സ്‌പെഷന്‍ വില്ലേജ് ഓഫീസറായ വിനോദ് മൂന്നുലക്ഷം രൂപ കൈക്കൂലിയായി നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് അറിയിച്ചു. ഇത്രയും പണം നല്‍കാനാവില്ലെന്ന് അറിയിച്ചപ്പോള്‍ 2.5 ലക്ഷം മതിയെന്നും ഇത് ചാക്കിലോ കടലാസിലോ പൊതിഞ്ഞ് 20ന് നാലിന് മുമ്പ് സീറ്റിന് പിന്നില്‍ വയ്‌ക്കാനും ആവശ്യപ്പെട്ടു. പരാതിക്കാരന്‍ വിവരം വിജിലന്‍സിനെ അറിയിച്ചു.
ഇന്നലെ 50,000 രൂപയുമായി എത്തിയ പരാതിക്കാരനോട് തുക റിക്കാഡ് റൂമില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പണം വാങ്ങിയ വിനോദിനെ തൃശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.