Thursday, March 12, 2026 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.49 AM

മാതൃകാ ടൗണ്‍ഷിപ്പ്‌ ഒന്നാംഘട്ടം സജ്‌ജം; മുഖ്യമന്ത്രി 25 ന്‌ ഉദ്‌ഘാടനം ചെയ്യും

uploads/news/2026/02/826551/6.jpg

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു. കല്‍പ്പറ്റ ഏല്‍സ്‌റ്റണ്‍ എസ്‌റ്റേറ്റിലാണു ടൗണ്‍ഷിപ്പ്‌. ഇവിടെ 25 ന്‌ നാലുമണിക്കു നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പിന്റ ആദ്യഘട്ട ഉദ്‌ഘാടനവും ഗുണഭോക്‌താക്കള്‍ക്കുള്ള പട്ടയ വിതരണവും നിര്‍വഹിക്കും.
ഭൂപ്രകൃതിക്കും കാലാവസ്‌ഥയ്‌ക്കും അനുയോജ്യമായ രീതിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഏജന്‍സികളുടെയും തൊഴിലാളികളുടെയും ഏകോപിതമായ പ്രവര്‍ത്തനത്തിലൂടെയാണ്‌ ടൗണ്‍ഷിപ്പ്‌ യാഥാര്‍ഥ്യമാക്കുന്നത്‌. ഒന്നാംഘട്ടത്തില്‍ 178 വീടുകളാണു പൂര്‍ത്തിയായത്‌. ദുരന്തത്തില്‍ പൂര്‍ണമായും വീട്‌ നഷ്‌ടപ്പെട്ട കുടുംബങ്ങള്‍ക്ക്‌ ഈ വീടുകള്‍ നല്‍കും.
ഏഴു സെന്റില്‍ 1000 ചതുരശ്രയടിയില്‍ പണിത ഒറ്റനില കെട്ടിടങ്ങള്‍ ഭാവിയില്‍ ഇരുനില നിര്‍മിക്കാനുള്ള അടിത്തറയോടെയാണു തയാറാക്കിയിരിക്കുന്നത്‌. പ്രകൃതിദുരന്തങ്ങള്‍ അതിജീവിക്കാന്‍ സാധിക്കുന്ന വിധത്തിലാണ്‌ ഇതിന്റെ നിര്‍മാണം. പ്രധാന കിടപ്പുമുറി, രണ്ടു മുറികള്‍, സിറ്റൗട്ട്‌, ലിവിങ്‌, സ്‌റ്റഡി റൂം, ഡൈനിങ്‌, അടുക്കള, സ്‌റ്റോര്‍ ഏരിയ എന്നിവ വീടുകള്‍ക്കുണ്ടാകും.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ എല്‍സ്‌റ്റണ്‍ എസ്‌റ്റേറ്റിലെ 64.47 ഹെക്‌ടര്‍ ഭൂമിയാണ്‌ ടൗണ്‍ഷിപ്പ്‌ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്‌. ഇവിടെയൊരുങ്ങുന്ന 410 വീടുകള്‍ 1662 ല്‍ അധികം ആളുകള്‍ക്കു തണലാകും. വീടുകള്‍ക്കു പുറമെ പൊതു റോഡ്‌, ആരോഗ്യകേന്ദ്രം, അംഗന്‍വാടി, പൊതുമാര്‍ക്കറ്റ്‌, കമ്യൂണിറ്റി സെന്ററുകള്‍ എന്നിവയും ഇതിന്റെ ഭാഗമാകും.
ആരോഗ്യകേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, വാക്‌സിനേഷന്‍, ഒബ്‌സര്‍വേഷന്‍ മുറികള്‍, ഒ.പി, ടിക്കറ്റ്‌ കൗണ്ടര്‍ എന്നീ സൗകര്യങ്ങള്‍ സജ്‌ജജീകരിക്കും. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്‌റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്‌, കുട്ടികള്‍ക്കുള്ള കളിസ്‌ഥലം, പാര്‍ക്കിങ്‌ എന്നിവയൊരുക്കും. മര്‍ട്ടിപര്‍പ്പസ്‌ ഹാള്‍, കളിസ്‌ഥലം, ലൈബ്രറി, സ്‌പോട്‌സ്‌ക്ല ബ്‌, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സെന്ററില്‍ നിര്‍മിക്കും. അതിജീവിതര്‍ക്ക്‌ സുരക്ഷിത ഇടം വാസയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഭൂമി ഏറ്റെടുക്കല്‍.
ഉദ്‌ഘാടന സമ്മേളനത്തില്‍ റവന്യു മന്ത്രി കെ. രാജന്‍ അധ്യക്ഷനാകും.
മന്ത്രിമാരായ ഒ.ആര്‍ കേളു, റോഷി അഗസ്‌റ്റിന്‍, എ.കെ. ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ബി. ഗണേഷ്‌കുമാര്‍, പി.എ. മുഹമ്മദ്‌ റിയാസ്‌, പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍, പ്രതിപക്ഷ ഉപനേതാവ്‌ പി.കെ കുഞ്ഞാലിക്കുട്ടി, പ്രിയങ്ക ഗാന്ധി എം.പി, ടി. സിദ്ദിഖ്‌ എം.എല്‍.എ, ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌, റവന്യു ദുരന്തനിവാരണ വകുപ്പ്‌ സെക്രട്ടറി എം.ജി. രാജമാണിക്യം, ജില്ലാ കലക്‌ടര്‍ ഡി.ആര്‍. മേഘശ്രീ, ടൗണ്‍ഷിപ്പ്‌ പ്രോജക്‌ട്‌ സ്‌പെഷ്യല്‍ ഓഫീസര്‍ എസ്‌. സുഹാസ്‌, ജനപ്രതിനിധികള്‍, ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Ads by Google
Saturday 21 Feb 2026 09.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW