-->
അമ്പലപ്പുഴ: ശസ്‌ത്രക്രിയയ്‌ക്കു വിധേയയായ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പോലീസ് സ്‌റ്റേഷനിലും സംഘര്‍ഷ പരമ്പര. ഇന്നലെ രാവിലെ 10.30 ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്കു നടത്തിയ മാര്‍ച്ച് പ്രധാന കവാടത്തില്‍ പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന പ്രതിഷേധം കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എം. ലിജു ഉദ്‌ഘാടനം ചെയ്‌തു.
ഈ സമയം സംഭവത്തെക്കുറിച്ചു വിശദീകരിക്കാന്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ പ്രിന്‍സിപ്പല്‍ ഡോ. ബി. പത്മകുമാറും സുപ്രണ്ട് ഡോ. ഹരികുമാറും പത്രസമ്മേളനം നടത്തുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍, സംസ്‌ഥാന സെക്രട്ടറി വിശാഖ് പത്തിയൂര്‍, ജില്ലാ പ്രസിഡന്റ് എം.പി പ്രവീണ്‍ എന്നിവര്‍ അവിടേക്കെത്തി. ഡയസിനു മുകളില്‍ക്കയറി ഇവര്‍ മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷം ഉടലെടുത്തു. അല്‍പ്പസമയത്തിനു ശേഷം പോലീസ് സംഘമെത്തി ഇവരെ വലിച്ചിഴച്ച് താഴെയെത്തിച്ചു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജീപ്പില്‍ കയറ്റുന്നതിനിടെ രണ്ടു വനിതാ പ്രവര്‍ത്തകരടക്കമുള്ളവര്‍ ജീപ്പിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ മണ്ഡലം പ്രസിഡന്റ് നീനുവിനെ വനിതാ പോലീസില്ലാതെ അമ്പലപ്പുഴ സി.ഐയുടെ നേതൃത്വത്തില്‍ നീക്കം ചെയ്‌തതും സംഘര്‍ഷത്തിനിടയാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ജീപ്പില്‍ കയറ്റുന്നതിനിടെ തട്ടിവീണ് നീനുവിന് പരുക്കേറ്റിരുന്നു. ഇവരെ പിന്നീട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം മൊബൈലില്‍ പകര്‍ത്തിയ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌തതും പ്രതിഷേധത്തിനു വഴിവച്ചു.
അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനിലെത്തിച്ച പ്രവര്‍ത്തകര്‍ക്കെതിരേ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുക്കാനുള്ള പോലീസ് തീരുമാനം വന്‍ സംഘര്‍ഷത്തിനു കാരണമായി. തുടര്‍ന്ന് അഡ്വ. എം. ലിജു, ഡി.സി.സി പ്രസിഡന്റ് ബാബുപ്രസാദ്, എ.എ. ഷുക്കൂര്‍, എം.ജെ ജോബ് എന്നിവരുടെ നേതൃത്വത്തില്‍ സ്‌റ്റേഷനു മുന്നില്‍ ഉപരോധം നടത്തി. ഈ നേതാക്കള്‍ ഡിവൈ.എസ്.പിയുമായി പിന്നീട് ചര്‍ച്ച നടത്തിയെങ്കിലും ആശുപത്രി അധികൃതര്‍ പരാതി നല്‍കിയതുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുമെന്നു പോലീസ് അറിയിച്ചു. പ്രവര്‍ത്തകരെ വിടണമെന്നാവശ്യപ്പെട്ടു നടത്തിയ പ്രതിഷേധം പോലീസുമായുള്ള ഉന്തിലും തള്ളിലുമാണ് അവസാനിച്ചത്. വനിതാ പ്രവര്‍ത്തകയെ കൈയേറ്റം ചെയ്‌ത സി.ഐക്കെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
ആശുപത്രിയില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് 10 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജ്യമാമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കേസ് നിയമപരമായും രാഷ്ര്‌ടീയപരമായും നേരിടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫിന്റെ (59) വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവമാണ് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. അഞ്ചുവര്‍ഷം മുമ്പ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇവര്‍ക്ക് ശസ്‌ത്രക്രിയ നടത്തിയിരുന്നു.