-->
കൊല്ലം: ശബരിമല ക്ഷേത്രത്തിലെ കട്ടിളപ്പാളികള്‍ കടത്തിയ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സി.പി.എം. നേതാവുമായ എ.പത്മകുമാറിനു ജാമ്യം. കേസില്‍ 90 ദിവസമായിട്ടും പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്ന് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. ദ്വാരപാലക ശില്‍പ്പ കേസില്‍ റിമാന്‍ഡിലായതിനാല്‍ പത്മകുമാറിനു പക്ഷേ, ജയിലില്‍നിന്നു പുറത്തിറങ്ങാനാവില്ല.
കട്ടിളപ്പാളി കേസില്‍ എട്ടാം പ്രതിയായി നവംബര്‍ 20നാണ് പത്മകുമാര്‍ അറസ്‌റ്റിലായത്. റിമാന്‍ഡില്‍ കഴിയവെ ദ്വാരപാലക ശില്‍പ കേസിലും അറസ്‌റ്റ് രേഖപ്പെടുത്തി. അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാറിന്റെകൂടി അറിവോടെയാണു കവര്‍ച്ചയെന്നായിരുന്നു കണ്ടെത്തല്‍. ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുമായി പത്മകുമാറിനുള്ള ഉറ്റബന്ധം വ്യക്‌തമാക്കുന്ന മൊഴികളും തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു അറസ്‌റ്റെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയില്‍ വ്യക്‌തമാക്കിയിരുന്നു.
കേസില്‍ 2019-ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളായിരുന്ന സി.പി.ഐ. നേതാവ് കെ.പി. ശങ്കരദാസ്, സി.പി.എം. പ്രതിനിധി എന്‍.വിജയകുമാര്‍ എന്നിവരെയും അറസ്‌റ്റ് ചെയ്‌തിരുന്നു. ഈ ബോര്‍ഡിന്റെ കാലത്ത് ദേവസ്വം കമ്മിഷണറും പിന്നാലെ പ്രസിഡന്റുമായ എന്‍.വാസുവും അറസ്‌റ്റിലായി. മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി, ശബരിമല മുന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എന്‍. വാസു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്.ശ്രീകുമാര്‍ എന്നിവര്‍ ഇതിനകം ജാമ്യം നേടി പുറത്തിറങ്ങി.
തിരുവാഭരണം മുന്‍ കമ്മിഷണര്‍ കെ.എസ്. ബൈജുവിനു കട്ടിളപ്പാളിക്കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ചെങ്കിലും ദ്വാരപാലക ശില്‍പ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജയില്‍ മോചിതനായില്ല. അറസ്‌റ്റിലായി 41-ാം ദിനം തന്ത്രി കണ്‌ഠര് രാജീവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.
തന്ത്രിക്കെതിരേ തെളിവുകളൊന്നും ഹാജരാക്കാന്‍ എസ്.ഐ.ടിക്കു കഴിഞ്ഞില്ലെന്നു നിരീക്ഷിച്ചാണു ജാമ്യം നല്‍കിയത്. സ്വര്‍ണപ്പാളികളടക്കമുള്ളവ സൂക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണെന്നും ആചാരപരമായ കാര്യങ്ങളാണു തന്ത്രിയുടെ ചുമതലയില്‍ വരുന്നതെന്നും ജാമ്യ ഉത്തരവിലുണ്ട്.