Thursday, March 12, 2026 Last Updated 30 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.49 AM

ജയിലില്‍ പോകാനായി വ്യാജബോംബ്‌ ഭീഷണി; യുവാവ്‌ പിടിയില്‍

കൊല്ലം: ജയിലില്‍ കിട്ടുന്ന നല്ല ഭക്ഷണവും കൂലിയും പ്രതീക്ഷിച്ച്‌ കലക്‌ടറേറ്റ്‌ സമുച്ചയത്തില്‍ ബോംബ്‌ വച്ചിട്ടുണ്ടെന്ന്‌ പോലീസിന്റെ ടോള്‍ഫ്രീ നമ്പറില്‍ വ്യാജ ഭീഷണി മുഴക്കിയ യുവാവിനെ പോലീസ്‌ പിടികൂടി. കൊല്ലം മയ്യനാട്‌ മുക്കം വലിയഴികം വീട്ടില്‍ പ്രമോദ്‌ ജോണി(44)നെയാണ്‌ കൊല്ലം വെസ്‌റ്റ്‌ പോലീസ്‌ പിടികൂടിയത്‌.
കഴിഞ്ഞ ദിവസം രാവിലെ 10-നാണ്‌ സ്വന്തം മൊബൈല്‍ ഫോണില്‍ നിന്ന്‌ 112 എന്ന നമ്പറില്‍ വിളിച്ച്‌ ഭീഷണി മുഴക്കിയത്‌. കലക്‌ടറേറ്റില്‍ വച്ചിട്ടുള്ള ബോംബ്‌ 50 മിനിറ്റിനുള്ളില്‍ പൊട്ടുമെന്നായിരുന്നു ഭീഷണി. ഫോണ്‍ നമ്പര്‍ ഉപയോഗിച്ച്‌ മിനിറ്റുകള്‍ക്കുള്ളില്‍ ഉടമയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന്‌ ടവര്‍ ലൊക്കേഷന്‍ മനസിലാക്കി പ്രമോദിന്റെ വീട്ടില്‍ പോലീസ്‌ എത്തുമ്പോള്‍ വീടിന്‌ മുമ്പില്‍ ഇയാള്‍ പോലീസ്‌ വരുന്നതും നോക്കി നില്‍ക്കുകയായിരുന്നു.
ജയിലില്‍ കഴിയാനാണ്‌ ബോംബ്‌ ഭീഷണി മുഴക്കിയതെന്നും അവിടെ നല്ല ഭക്ഷണവും ജോലിക്കു വലിയ കൂലിയും ലഭിക്കുമെന്ന്‌ പ്രമോദ്‌ പറഞ്ഞു. പോലീസ്‌ ഇയാളെ വിശദമായി ചോദ്യം ചെയ്‌തു. തുടര്‍ന്നു നാട്ടില്‍ നടത്തിയ അന്വേഷണത്തിന്‌ ശേഷമാണ്‌ ഇയാളുടെ മൊഴി വിശ്വസിച്ചത്‌.
അവിവാഹിതനായ പ്രമോദ്‌ ജോണ്‍ ജോലിക്കു പോകാറില്ലെന്നും അടിപിടിക്കേസില്‍ നേരത്തേ 15 ദിവസം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും അന്ന്‌ കൃത്യസമയത്ത്‌ ഭക്ഷണം ലഭിച്ചിരുന്നതായും പറഞ്ഞു. ഇയാളെ പിന്നീട്‌ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കലക്‌ടറേറ്റില്‍ ബോംബ്‌ സ്‌ക്വാഡ്‌ ഉള്‍പ്പടെയെത്തി നടത്തിയ പരിശോധനയിലും വ്യാജ ഭീഷണിയാണെന്ന്‌ തെളിഞ്ഞു.

Ads by Google
Saturday 21 Feb 2026 09.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW