-->
കൊച്ചി: സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ.) കുടിശിക അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. പത്തു ശതമാനം കുടിശികയാണ് അനുവദിച്ചത്. മാര്‍ച്ചിലെ ശമ്പളത്തിനൊപ്പം ഇതു ലഭിക്കും.
പുതിയ ഉത്തരവുപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 35 ശതമാനം നിരക്കില്‍ ഡി.എ. ലഭിക്കും. കഴിഞ്ഞാഴ്‌ച അനുവദിച്ച മൂന്നുശതമാനത്തിനു പിന്നാലെയാണിപ്പോള്‍ പത്തുശതമാനം കുടിശിക കൂടി അനുവദിച്ചത്. ഇതിലൂടെ ബജറ്റില്‍ വാഗ്‌ദാനം ചെയ്‌ത 13 ശതമാനം ഡി.എ. കുടിശികയും അനുവദിച്ചു.
ക്ഷാമബത്ത, ക്ഷാമാശ്വാസ കുടിശിക വിതരണം ചെയ്യുമെന്നു ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 35 ശതമാനം ക്ഷാമബത്തയാണു ജീവനക്കാര്‍ക്കു കിട്ടേണ്ടിയിരുന്നത്. 22 ശതമാനമാണു കൊടുത്തുവന്നിരുന്നത്. 13 ശതമാനം കുടിശികയായിരുന്നു. ക്ഷാമബത്ത കൃത്യമായി അനുവദിച്ചിരുന്നില്ല. അതു ഗഡുക്കളായി നല്‍കുമെന്നാണു ബജറ്റ് പ്രഖ്യാപനം. ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങാനുണ്ട്. ബജറ്റ് പ്രഖ്യാപനമായ ശമ്പള കമ്മിഷന്‍ സംബന്ധിച്ചും ഉത്തരവ് ഇറങ്ങേണ്ടതുണ്ട്.