Thursday, March 12, 2026 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.49 AM

മയക്കുമരുന്ന്‌ കേസ്‌ പ്രതികളില്‍നിന്ന്‌ കൈക്കൂലി; എക്‌സൈസ്‌ പ്രിവന്റീവ്‌ ഓഫീസറുടെ ശിക്ഷ ശരിവച്ചു

കൊച്ചി: മയക്കുമരുന്നു കേസിലെ പ്രതികളില്‍നിന്നു പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ അടിമാലി നാര്‍ക്കോട്ടിക്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ സ്‌പെഷല്‍ സ്‌ക്വാഡിലെ എക്‌സൈസ്‌ പ്രിവന്റീവ്‌ ഓഫീസറുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു.
രാജാക്കാട്‌ പൂവക്കാട്ട്‌ വീട്ടില്‍ പി.ഡി. ദേവസ്യയെ കൈക്കൂലി വാങ്ങിയ കുറ്റത്തിന്‌ ഒരു വര്‍ഷം കഠിനതടവിനും പതിനായിരം രൂപ പിഴ ഒടുക്കാനും ഔദ്യോഗിക കൃത്യവിലോപത്തിനു രണ്ടുവര്‍ഷം കഠിന തടവിനും 20,000 രൂപ പിഴ ഒടുക്കുന്നതിനും മൂവാറ്റുപുഴ വിജിലന്‍സ്‌ സ്‌പെഷല്‍ കോടതി ശിക്ഷിച്ചിരുന്നു. ഇതിനെതിരേയാണു പ്രതി അപ്പീല്‍ നല്‍കിയത്‌.
നാര്‍ക്കോട്ടിക്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ രജിസ്‌റ്റര്‍ ചെയ്‌ത മയക്കുമരുന്ന്‌ കേസിലെ പ്രതികളായ കൊന്നത്തടി മൂലേപ്പറമ്പില്‍ മെല്‍വിന്‍ തോമസ്‌, തേവരോളിയില്‍ വിനോദ്‌ രാമന്‍, രാജക്കാട്‌ മറ്റത്തില്‍ സനീഷ്‌ സരളപ്പന്‍, മഴുവന്‍ചേരില്‍ മനോജ്‌ ഫിലിപ്പ്‌ എന്നിവരില്‍ നിന്നും എക്‌സൈസ്‌ പ്രിവന്റീവ്‌ ഓഫീസര്‍ കൈക്കൂലി വാങ്ങേണ്ട ആവശ്യമില്ലെന്നും വാങ്ങിയെന്ന ആരോപണം അവിശ്വസനീയമാണെന്നുമുള്ള വാദം ജസ്‌റ്റിസ്‌ എ. ബദറുദ്ദീന്‍ നിരാകരിച്ചു. എക്‌സൈസ്‌ ഓഫീസറായ പ്രതിയുടെ കൈയില്‍ ഫിനോപ്‌തലീന്‍ പൗഡര്‍ പുരണ്ടതിനു മതിയായ വിശദീകരണമില്ലെന്നും പ്രതി കൈപ്പറ്റിയ പണം സമീപത്തെ ഓടയില്‍ എറിഞ്ഞു കളഞ്ഞതു വിജിലന്‍സ്‌ കണ്ടെടുത്തതു സ്വതന്ത്ര സാക്ഷികളുടെയും ഗസറ്റഡ്‌ ഓഫീസറുടെയും സാന്നിധ്യത്തിലാണെന്നും അവരെ അവിശ്വസിക്കുന്നതിനു മതിയായ കാരണങ്ങളില്ലെന്നും കോടതി വിലയിരുത്തി. കൈക്കൂലി വാങ്ങിയ കുറ്റത്തിനുള്ള ശിക്ഷ ആറുമാസമായും ഔദ്യോഗിക കൃത്യവിലോപത്തിനുള്ള ശിക്ഷ ഒരുവര്‍ഷമായും കുറച്ചിട്ടുണ്ട്‌. വിജിലന്‍സിനുവേണ്ടി സ്‌പെഷല്‍ ഗവ. പ്ലീഡര്‍ എ. രാജേഷ്‌, സീനിയര്‍ ഗവ. പ്ലീഡര്‍ എസ്‌. രേഖ എന്നിവര്‍ ഹാജരായി.

Ads by Google
Saturday 21 Feb 2026 09.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW