-->
ന്യൂഡല്‍ഹി: ''ഇന്ത്യ എ.ഐ. ഇപാക്‌ട് ഉച്ചകോടി''യില്‍ ഷര്‍ട്ട് ഊരി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
ഇന്ത്യാ-യു.എസ്. വ്യാപാര കരാര്‍ ദേശവിരുദ്ധമെന്നും രാജ്യത്തിന്റെ താല്‍പ്പര്യത്തിന് ഹാനികരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറിനായി 'വിട്ടുവീഴ്‌ചകള്‍' ചെയ്‌തുവെന്നും ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി പ്രതിഷേധിച്ചത്.
ബിഹാറില്‍ നിന്നുള്ള ദേശീയ സെക്രട്ടറിമാരായ കൃഷ്‌ണ ഹരി, കുന്ദന്‍ യാദവ്, തെലങ്കാനയില്‍ നിന്നുള്ള ദേശീയ കോ-ഓഡിനേറ്റര്‍ നരസിംഹ യാദവ്, കിഴക്കന്‍ യു.പി. വൈസ് പ്രസിഡന്റ് അജയ് കുമാര്‍ എന്നീ നാല് പ്രവര്‍ത്തകരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഒരു ഡസനോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓണ്‍ലൈന്‍ വഴി പ്രവേശന രജിസളട്രേഷന്‍ ചെയ്‌താണ് ഭാരത് മണ്ഡപത്തില്‍ കടന്നത്. തുടര്‍ന്ന് ഇന്നലെ ഉച്ചയ്‌ക്ക് 12:30 ഓടെ ഇവര്‍ പ്രതിഷേധം നടത്തുകയായിരുന്നു. ബി.ജെ.പി. ഉപാധ്യക്ഷന്‍ ബൈജയന്ത് പാണ്ട യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധത്തെ 'ദേശവിരുദ്ധര്‍' എന്ന് വിശേഷിപ്പിച്ചു.
പ്രധാനമന്ത്രി 'വിട്ടുവീഴ്‌ചകള്‍' ചെയ്യുമ്പോള്‍ മൗനം പാലിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബ് രാഹുല്‍ ഗാന്ധിയുടെ ' പോരാളികളുടെ' പ്രതിഷേധത്തെ ന്യായീകരിച്ചു. പ്രതിഷേധക്കാര്‍ ഓണ്‍ലൈനില്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നെന്നും ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്‌താണ് പ്രവേശിച്ചതെന്നും അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ദേവേഷ് കുമാര്‍ മഹ്‌ല പറഞ്ഞു. ''അവര്‍ സെ്വറ്ററും ടീ-ഷര്‍ട്ടും ധരിച്ചിരുന്നു. അഞ്ചാം ഹാളിനടുത്ത് സെ്വറ്ററുകളും ജാക്കറ്റുകളും അഴിച്ചുമാറ്റിയശേഷം ടീ-ഷര്‍ട്ടുകള്‍ വീശി പ്രതിഷേധിച്ചു'' -അദ്ദേഹം പറഞ്ഞു.
വേദിയിലുണ്ടായിരുന്നവരെ അത്ഭുതപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരുടെ ജാക്കറ്റുകള്‍ ഊരിമാറ്റി ടീ-ഷര്‍ട്ടുകള്‍ വീശി. മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന പ്രതിഷേധക്കാരുടെ ടീ-ഷര്‍ട്ടുകള്‍ പിടിച്ചുപറിക്കാന്‍ വേദിയിലുണ്ടായിരുന്ന ചിലര്‍ ശ്രമിച്ചു. താമസിയാതെ, സുരക്ഷാ ഉദ്യോഗസ്‌ഥര്‍ പ്രതിഷേധക്കാരെ പുറത്താക്കി. തുടര്‍ന്ന് പോലീസ് അവരില്‍ ചിലരെ കസ്‌റ്റഡിയിലെടുത്തു.