-->
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവേ തമിഴ്‌നാട് രാഷ്‌ട്രീയത്തെ ചൂടുപിടിപ്പിച്ച് 365 കോടിയുടെ അഴിമതി ആരോപണം. സംസ്‌ഥാന മുനിസിപ്പല്‍ അഡ്‌മിനിസ്‌ട്രേഷന്‍ ആന്‍ഡ് വാട്ടര്‍ സപ്ലൈ വകുപ്പില്‍ 365 കോടി രൂപയുടെ അഴിമതി നടന്നതായി ആരോപിക്കപ്പെടുന്ന കേസില്‍ എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്താന്‍ മദ്രാസ് ഹൈക്കോടതി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്‌ഷന്‍ ഡയറക്‌ടറേറ്റിനു നിര്‍ദേശം നല്‍കി.
വകുപ്പിലെ സ്‌ഥലംമാറ്റങ്ങള്‍, നിയമനങ്ങള്‍, സര്‍ക്കാര്‍ ടെന്‍ഡറുകള്‍ എന്നിവയ്‌ക്കായി കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. തങ്ങളുടെ കണ്ടെത്തലുകള്‍ ഇ.ഡി. സംസ്‌ഥാന അധികൃതര്‍ക്കു കൈമാറിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമത്തിലെ സെക്‌ഷന്‍ 66(2) പ്രകാരം ഇ.ഡി. പങ്കിട്ട വിവരങ്ങള്‍ വെറും പരാതിയല്ലെന്നും വ്യക്‌തമായ തെളിവുകള്‍ അതില്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.
മുനിസിപ്പല്‍ അഡ്‌മിനിസ്‌ട്രേഷന്‍ ആന്‍ഡ് വാട്ടര്‍ സപ്ലൈ വകുപ്പ് മന്ത്രി കെ.എന്‍. നെഹ്‌റുവിന്റെ കൂട്ടാളികളുടെ വസതികളിലും സ്‌ഥാപനങ്ങളിലും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇ.ഡി. നടത്തിയ പരിശോധകളില്‍ വാട്ട്‌സ്‌ആപ്പ് ചാറ്റുകള്‍, ഫോട്ടോഗ്രാഫുകള്‍, ട്രാന്‍സ്‌ഫര്‍ ഉത്തരവുകള്‍, സാമ്പത്തിക രേഖകള്‍ എന്നിവയുള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തിരുന്നു.
വകുപ്പിലെ സ്‌ഥലംമാറ്റങ്ങള്‍ക്കും നിയമനങ്ങള്‍ക്കുമായി ഉദ്യോഗസ്‌ഥരില്‍ നിന്നും എന്‍ജിനിയര്‍മാരില്‍നിന്നും 7 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ കൈക്കൂലി വാങ്ങിയതായി ഇ.ഡി. ആരോപിക്കുന്നു.
365.87 കോടി രൂപയുടെ കള്ളപ്പണം വെളിപ്പിക്കല്‍ ഇടപാടുകള്‍ നടന്നതിന്റെ തെളിവുകള്‍ ലഭിച്ചതായും ഇ.ഡി. പറയുന്നു. റിയല്‍ എസ്‌റ്റേറ്റ്, നിര്‍മാണ ബിസിനസുകള്‍, നിക്ഷേപം, ബിനാമി സ്‌ഥാപനങ്ങള്‍, സ്വര്‍ണം, വിദേശ സ്വത്ത് സമ്പാദനം തുടങ്ങിയ മേഖലകളിലാണു പണം ചെലവഴിച്ചിരിക്കുന്നത്.