-->
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിക്കു സമീപമുള്ള റേസ് കോഴ്‌സ് റോഡിലെ മൂന്നു ചേരികള്‍ ഒഴിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. മാര്‍ച്ച് ആറിനകം സ്‌ഥലം ഒഴിയണമെന്നും സാവ്‌ദ ഗെവ്രയില്‍ അവര്‍ക്ക് അനുവദിച്ച ഫ്‌ളാറ്റുകളിലേക്കു മാറണമെന്നും ആവശ്യപ്പെട്ടു ചേരികളിലെ താമസക്കാര്‍ക്കു നോട്ടീസ് നല്‍കിത്തുടങ്ങി.
ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്‌മെന്റ് ബോര്‍ഡിന്റെ (ഡി.യു.എസ്.ഐ.ബി.) കോളനിയിലാണു ഫ്‌ളാറ്റുകള്‍. ഭായി റാം ക്യാമ്പ്, മസ്‌ജിദ് ക്യാമ്പ്, റേസ് കോഴ്‌സ് റോഡിലെ ഡി.ഐ.ഡി. ക്യാമ്പ് എന്നിവിടങ്ങളിലെ താമസക്കാര്‍ക്കാണ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ലാന്‍ഡ് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസ് നോട്ടീസ് നല്‍കുന്നത്. ഒഴിഞ്ഞില്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. സര്‍ക്കാര്‍ ഭൂമിയിലാണു വീടുകളെന്നു നോട്ടീസില്‍ പറയുന്നു. 717 വീട്ടുകാര്‍ക്ക് സാവ്‌ദ ഗെവ്രയില്‍ ഫ്‌ളാറ്റുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
ലോക് കല്യാണ്‍ മാര്‍ഗിലുള്ള പ്രധാനമന്ത്രിയുടെ വസതി ഈ ചേരികള്‍ക്കു സമീപത്തായാണ്. 2016-ല്‍ ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ റേസ് കോഴ്‌സ് റോഡിന്റെ പേര് ലോക് കല്യാണ്‍ മാര്‍ഗ് എന്ന് മാറ്റിയെങ്കിലും, എല്‍ ആന്‍ഡ് ഡി.ഒ. രേഖകളില്‍ ഇപ്പോഴും ചേരികളുടെ വിലാസം റേസ് കോഴ്‌സ് റോഡ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ജനുവരിയില്‍ എല്‍ ആന്‍ഡ് ഡി.ഒയും ഡല്‍ഹി വികസന അതോറിറ്റിയും സംയുക്‌ത സര്‍വേ നടത്തിയശേഷമാണ് മൂന്നു ചേരികളിലെ താമസക്കാരെ ഏകദേശം 45 കിലോമീറ്റര്‍ അകലെയുള്ള സാവ്‌ദ ഗെവ്രയിലെ ഡി.യു.എസ്.ഐ.ബി. കോളനിയില്‍ പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 29 ന് എല്ലാ താമസക്കാര്‍ക്കും പുനരധിവാസത്തിനായി നോട്ടീസ് നല്‍കിയെങ്കിലും നടപടി ഡല്‍ഹി ഹൈക്കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടു. മേയ് 13 നാണ് കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത്. അതിനു മുമ്പ് നടപടിക്രമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഹര്‍ജിക്കാരെ ഒഴിപ്പിക്കരുതെന്നു കോടതി നിര്‍ദശം നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് അധികൃതര്‍ വീണ്ടും നോട്ടീസ് നല്‍കിയത്.