Wednesday, March 11, 2026 Last Updated 17 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.47 AM

കള്ളപ്പണം വെളുപ്പിക്കല്‍ പിതൃസ്വത്ത്‌ കണ്ടുകെട്ടാന്‍ തടസമില്ല: ഹൈക്കോടതി

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പാരമ്പര്യ സ്വത്തുക്കള്‍ക്ക്‌ പ്രത്യേക ഇളവില്ലെന്ന്‌ ഡല്‍ഹി ഹൈക്കോടതി. പിതൃസ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന്‌ തടസമില്ലെന്നും ജസ്‌റ്റിസുമാരായ നവീന്‍ ചൗള, രവീന്ദര്‍ ദുദേജ എന്നിവരടങ്ങിയ ബെഞ്ച്‌ നിരീക്ഷിച്ചു.
അപ്പലേറ്റ്‌ ൈട്രബ്യൂണലിന്റെ പി.എം.എല്‍.എ പ്രകാരമുള്ള 2025 ലെ ഉത്തരവ്‌ ചോദ്യചെയ്‌ത്‌ നല്‍കിയ അപ്പീലിലാണ്‌ കോടതി വിധി പ്രസ്‌താവിച്ചത്‌. സൈനിക്‌ വിഹാറിലെ തന്റെ സ്വത്തിന്റെ താല്‍ക്കാലിക ജപ്‌തി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ ശരിവച്ചത്‌ തള്ളണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍, ഇ.ഡിയുടെ നടപടി ഹൈക്കോടതി ശരിവയ്‌ക്കുകയാണുണ്ടായത്‌. ഇ.ഡി. ജപ്‌തി ചെയ്യാനൊരുങ്ങിയ സ്വത്ത്‌ താന്‍ വാങ്ങിയതല്ല. 1991ല്‍ പിതാവ്‌ സ്വന്തം വരുമാനത്തില്‍നിന്ന്‌ ഇരുവരുടെയും പേരില്‍ വാങ്ങിയതാണ്‌. അതിനാല്‍ അത്‌ കണ്ടുകെട്ടാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. അനധികൃത ഫണ്ടുകളില്‍ നിന്ന്‌ വാങ്ങിയതല്ലാത്തപക്ഷം പാരമ്പര്യ സ്വത്ത്‌ കണ്ടുകെട്ടാന്‍ കഴിയില്ലെന്ന ഹര്‍ജിക്കാരന്റെ നിലപാട്‌ കോടതി തള്ളി. അത്‌ വെറും തെറ്റിദ്ധാരണയാണെന്നും പി.എം.എല്‍.എ നിയമത്തിനു വിരുദ്ധമാണെന്നും കോടതി വിധിച്ചു.
അപ്പലേറ്റ്‌ ട്രിബ്യൂണലിന്റെ വിധിയില്‍ തെറ്റില്ല. കേസില്‍ പട്ടികപ്പെടുത്തിയ കുറ്റകൃത്യങ്ങളില്‍നിന്ന്‌ സൃഷ്‌ടിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന 'കുറ്റകൃത്യത്തിന്റെ വരുമാനത്തിനു' തുല്യമായ മൂല്യമാണ്‌ പ്രസ്‌തുത സ്വത്തിനുള്ളതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.പി.എം.എല്‍.എ സെക്ഷന്‍ 2(1)(യു) പ്രകാരം, ക്രിമിനല്‍ പ്രവര്‍ത്തനത്തിന്റെ ഫലമായി നേരിട്ടോ അല്ലാതെയോ ലഭിച്ച 'കളങ്കപ്പെട്ട സ്വത്തുക്കള്‍' മാത്രമേ 'കുറ്റകൃത്യത്തിന്റെ വരുമാനം' എന്ന്‌ വിശേഷിപ്പിക്കാന്‍ കഴിയൂ എന്ന്‌ ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. മരിച്ചുപോയ പിതാവ്‌ വഴി വന്ന സ്വത്ത്‌ കണ്ടുകെട്ടുന്നത്‌ അനുവദനീയമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍, വിദേശനാണ്യ രൂപത്തിലാണ്‌ ഹര്‍ജിക്കാരന്‌ 'കുറ്റകൃത്യത്തിന്റെ വരുമാനം' കിട്ടിയതെന്നും അത്‌ വിദേശത്തുനിന്നാണ്‌ ഇട്ടതെന്നും ഇ.ഡി. ചൂണ്ടിക്കാട്ടി. അതിനാല്‍, അത്‌ ലഭ്യമാക്കാനാകില്ല. ഹര്‍ജിക്കാരന്റെ പിതൃസ്വത്ത്‌ കുറ്റകൃത്യത്തിന്റെ വരുമാനത്തിനു തുല്യ മൂല്യമുള്ളതാണ്‌. അതിനാല്‍, പി.എം.എല്‍.എ പ്രകാരം കണ്ടുകെട്ടിയതായും ഏജന്‍സി കോടതിയെ അറിയിച്ചു.

Ads by Google
Saturday 21 Feb 2026 09.47 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW