Wednesday, March 11, 2026 Last Updated 20 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.47 AM

ബംഗാള്‍ എസ്‌.ഐ.ആര്‍. കോടതി മേല്‍നോട്ടത്തില്‍

ന്യൂഡല്‍ഹി: പശ്‌ചിമബംഗാളിലെ പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്‌ (എസ്‌.ഐ.ആര്‍) മേല്‍നോട്ടം വഹിക്കാന്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം.
സേവനത്തിലുള്ളവരോ വിരമിച്ചവരോ ആയ അഡീഷണല്‍ ജില്ലാ ജഡ്‌ജിമാരെ ജുഡീഷ്യല്‍ ഓഫീസര്‍മാരായി നിയമിക്കേണ്ടതു കല്‍ക്കട്ട ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാണ്‌. സംസ്‌ഥാനസര്‍ക്കാരും കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷനും പരസ്‌പരം അവിശ്വസിക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതിക്കു മുന്നില്‍ മറ്റ്‌ മാര്‍ഗമില്ലെന്നു ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വിപുല്‍ എം. പഞ്ചോളി എന്നിവരുള്‍പ്പെട്ട ബെഞ്ച്‌ വ്യക്‌തമാക്കി.
ബംഗാളില്‍ നടന്നുവരുന്ന എസ്‌.ഐ.ആര്‍. പൂര്‍ത്തീകരിക്കുകയെന്നതാണ്‌ പരമപ്രധാനമായ പരിഗണനാവിഷയമെന്നു കോടതി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച്‌ നിരവധി ഇടക്കാല ഉത്തരവുകള്‍ ഇതിനകം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്‌. നിര്‍ഭാഗ്യവശാല്‍, രണ്ട്‌ ഭരണഘടനാസ്‌ഥാപനങ്ങള്‍ക്കിടയിലുള്ള വിശ്വാസരാഹിത്യമാണ്‌ ആരോപണ-പ്രത്യാരോപണങ്ങളിലൂടെ വെളിപ്പെടുന്നതെന്നും ബെഞ്ച്‌ നിരീക്ഷിച്ചു.
ഇലക്‌ടറല്‍ രജിസ്‌റ്റര്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കാന്‍ മതിയായ ഉദ്യോഗസ്‌ഥരെ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ സംസ്‌ഥാനസര്‍ക്കാര്‍ വിട്ടുനല്‍കുന്നില്ലെന്ന തര്‍ക്കത്തേത്തുടര്‍ന്നാണ്‌ ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്‌.
തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ സ്വന്തമായി മൈക്രോ നിരീക്ഷകരെയും സ്‌പെഷല്‍ റോള്‍ നിരീക്ഷകരെയും നിയമിക്കുന്നതിനെ മമതാ ബാനര്‍ജി സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഇലക്‌ടറല്‍ രജിസ്‌റ്റര്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുമെന്നു കോടതി വ്യക്‌തമാക്കി. അതിനായി സേവനത്തിലുള്ളവരും വിരമിച്ചവരുമായ അഡീഷണല്‍ ജില്ലാ ജഡ്‌ജിമാരെ വിട്ടുനല്‍കാന്‍ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസിനോട്‌ അഭ്യര്‍ഥിച്ചു. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ജില്ലകള്‍ സന്ദര്‍ശിച്ച്‌ കെട്ടിക്കിടക്കുന്ന പരാതികള്‍ തീര്‍പ്പാക്കണം. സംസ്‌ഥാനസര്‍ക്കാര്‍ ഇതിനകം വിട്ടുനല്‍കിയ മൈക്രോ നിരീക്ഷകരും മറ്റ്‌ ഉദ്യോഗസ്‌ഥരും ജുഡീഷ്യല്‍ ഓഫീസര്‍മാരെ സഹായിക്കണം. ഇതേ വിഷയത്തില്‍ കോടതികളില്‍ നിലവിലുള്ള കേസുകളെ ഉത്തരവ്‌ ബാധിക്കാനിടയുള്ളതിനാല്‍ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ കമ്മിറ്റി ഓഫ്‌ രജിസ്‌ട്രാര്‍ ജനറലിന്റെയും ജില്ലാ ജഡ്‌ജിമാരുടെയും സഹായം തേടണം. എസ്‌.ഐ.ആര്‍. നടപടികള്‍ സുഗമമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്‌ടര്‍മാരും എസ്‌.പിമാരും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക്‌ ആവശ്യമായ സഹായം നല്‍കണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ മുന്‍നിശ്‌ചയിച്ചപ്രകാരം 28-നകം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനും സുപ്രീം കോടതി അനുമതി നല്‍കി. അവസാനതീയതിക്കുശേഷവും തെരഞ്ഞെടുപ്പ്‌ കമ്മിഷനു സപ്ലിമെന്ററി ലിസ്‌റ്റുകള്‍ പ്രസിദ്ധീകരിക്കാം.
എസ്‌.ഐ.ആര്‍. ഓഫീസര്‍മാര്‍ ഭീഷണി നേരിടുന്നതു സംബന്ധിച്ച പരാതികളില്‍ കൈക്കൊണ്ട നടപടികളെപ്പറ്റി സംസ്‌ഥാന പോലീസ്‌ മേധാവി അധികസത്യവാങ്‌മൂലം സമര്‍പ്പിക്കണം. എസ്‌.ഐ.ആര്‍. നടപടികള്‍ക്കു തടസം സൃഷ്‌ടിക്കരുതെന്നു സംസ്‌ഥാനസര്‍ക്കാരിന്‌ സുപ്രീം കോടതി നേരത്തേ താക്കീത്‌ നല്‍കിയിരുന്നു.

Ads by Google
Saturday 21 Feb 2026 09.47 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW