-->
ന്യൂഡല്‍ഹി: അറപ്പും വെറുപ്പും ഉളവാക്കുന്ന എഫ്‌സ്‌റ്റീന്‍ ഫയല്‍സില്‍ പേരുവന്ന ഹര്‍ദീപ് സിങ് പുരിയെ കേന്ദ്രമന്ത്രി സ്‌ഥാനത്തുനിന്ന് നീക്കണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു. വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെ ഭരണകക്ഷിയായ ബി.ജെ.പി അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് പുരിയുടെയും വ്യവസായി അനില്‍ അംബാനിയുടെയും പങ്കാളിത്തത്തിനു വ്യക്‌തമായ തെളിവുകളുണ്ടായിട്ടും വിശദീകരണം തേടാനോ ഉത്തരവാദിത്വം ഉറപ്പാക്കാനോ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
പാര്‍ലമെന്റില്‍ എപ്‌സ്‌റ്റീന്‍ ഫയല്‍സിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ല. ലഭ്യമായ തെളിവുകളുണ്ടായിട്ടും ഹര്‍ദീപ് പുരി പത്രസമ്മേളനത്തില്‍ കള്ളം പറഞ്ഞു. അദ്ദേഹത്തെ പുറത്താക്കുന്നതിനുപകരം വഞ്ചനാപരമായ എല്ലാ മാര്‍ഗങ്ങളിലൂടെയും കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. ഈ സാഹചര്യത്തില്‍ 'ദേശീയ നാണക്കേട്' നികത്താന്‍ പുരിയെ പ്രധാനമന്ത്രി മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് പൊളിറ്റ് ബ്യൂറോ ആവശ്യപ്പെടുന്നതായാണ് പ്രസ്‌താവനയിലുള്ളത്. യു.എസ് നീതിന്യായ വകുപ്പും ട്രംപ് ഭരണകൂടവും വലിയ തോതില്‍ മൂടിവയ്‌ക്കാന്‍ ശ്രമിച്ചിട്ടും എഫ്‌സ്‌റ്റീന്‍ ഫയലുകളുടെ വെറുപ്പുളവാക്കുന്ന ഉള്ളടക്കം ദിവസേന വെളിപ്പെടുന്നതായും സി.പി.എം വ്യക്‌തമാക്കുന്നു.
രാഷ്‌ട്രീയക്കാര്‍, സാമ്പത്തിക മേധാവികള്‍, ടെക് ഭീമന്മാര്‍, സെലിബ്രിറ്റികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന എഫ്‌സ്‌റ്റീന്‍ ശൃംഖലയുടെ ആക്രമണാത്മക ക്രിമിനല്‍ സ്വഭാവം സംബന്ധിച്ച് സംശയത്തിന്റെ കണിക പോലുമില്ലെന്നാണ് പ്രസ്‌താവനയിലെ വിശദീകരണം.
പല രാജ്യങ്ങളിലും നിയമപരമായ ശിക്ഷാനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. യു.കെയില്‍ ആന്‍ഡ്രൂ രാജകുമാരന്‍ അറസ്‌റ്റ് ചെയ്യപ്പെട്ടതും പദവി പിന്‍വലിക്കപ്പെട്ടതും പാര്‍ട്ടി എടുത്തുകാട്ടുന്നുമുണ്ട്.