Friday, March 13, 2026 Last Updated 6 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.43 AM

അഭിഷേക്‌ കളിക്കും

uploads/news/2026/02/826520/4.jpg

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാളെ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ സൂപ്പര്‍ എട്ട്‌ മത്സരത്തിലുള്ള ഇന്ത്യന്‍ ടീമില്‍നിന്ന്‌ ഓപ്പണര്‍ അഭിഷേക്‌ ശര്‍മ ഒഴിവാക്കില്ല. ട്വന്റി20 യിലെ ഒന്നാം നമ്പര്‍ ബാറ്ററാണെങ്കിലും തുടരെ മൂന്ന്‌ മത്സരങ്ങളില്‍ അഭിഷേക്‌ പൂജ്യത്തിനു പുറത്തായിരുന്നു.
അഭിഷേകിനെ പുറത്താക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളൊന്നും നടന്നില്ലെന്ന്‌ ബൗളിങ്‌ കോച്ച്‌ മോര്‍ണി മോര്‍ക്കല്‍ പറഞ്ഞു. നേരിടുന്ന ആദ്യ പന്ത്‌ മുതല്‍ സിക്‌സറടിക്കാന്‍ ശ്രമിക്കുന്നതാണ്‌ അഭിഷേക്‌ നേരിടുന്ന പ്രശ്‌നമെന്ന്‌ ഇന്ത്യയുടെ മുന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. ഭക്ഷ്യവിഷ ബാധയില്‍നിന്നു മോചിതനായ ശേഷം അഭിഷേക്‌ ശര്‍മ മികവിലേക്കു മടങ്ങിയെത്തുന്നതേയുള്ളെന്ന്‌ ഇന്ത്യന്‍ അസിസ്‌റ്റന്റ്‌ കോച്ച്‌ റയാന്‍ ടെന്‍ ദോഷെയും പറഞ്ഞു. സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കൊപ്പമുള്ള ദക്ഷിണാഫ്രിക്ക, വെസ്‌റ്റിന്‍ഡീസ്‌, സിംബാബ്‌വേ എന്നിവര്‍ കരുത്തരാണ്‌. ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും തോല്‍പ്പിച്ച സിംബാബ്‌വേ കരുത്ത്‌ തെളിയിച്ചു. വിന്‍ഡീസും ദക്ഷിണാഫ്രിക്കയും അപരാജിതരാണ്‌. അഭിഷേക്‌ ശര്‍മയുടെ റണ്‍ വരള്‍ച്ചയാണ്‌ ഇന്ത്യയുടെ പ്രധാന തലവേദന.
യു.എസിനെതിരേ ഗോള്‍ഡന്‍ ഡക്കായ താരം പാകിസ്‌താനെതിരേ നാല്‌ പന്തുകള്‍ നേരിട്ടു മടങ്ങി. നെതര്‍ലന്‍ഡ്‌സിനെതിരേ നേരിട്ടത്‌ മൂന്ന്‌ പന്ത്‌. ഇഷാന്‍ കിഷന്റെ വെടിക്കെട്ടുകളാണ്‌ അഭിഷേകിന്റെ മൂന്ന്‌ പൂജ്യങ്ങളേയും മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചത്‌.
സൂപ്പര്‍ എട്ടില്‍ മലയാളി വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണിനെ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റിന്റെ ആരാധക സമ്മര്‍ദമുണ്ട്‌. ലോകകപ്പില്‍ നമീബിയയ്‌ക്കെതിരെ മാത്രമാണു സഞ്‌ജു കളിച്ചത്‌. എട്ടു പന്തുകള്‍ നേരിട്ട താരം മൂന്നു സിക്‌സറുകളും ഒരു ഫോറുമടക്കം 22 റണ്ണെടുത്തു പുറത്തായി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഓപ്പണിങ്ങില്‍ സഞ്‌ജുവിനെയും ഇഷാന്‍ കിഷനെയും പരീക്ഷിച്ചാല്‍ ടീമിനു ഗുണം ചെയ്യുമെന്നാണ്‌ ആരാധകരുടെ വാദം. വണ്‍ഡൗണായി ഇറങ്ങുന്ന തിലക്‌ വര്‍മയെ പുറത്തിരുത്തി സഞ്‌ജുവിനെ കളിപ്പിക്കണമെന്നു വാദിക്കുന്നവരും കുറവല്ല.
നിലയുറപ്പിക്കാനായി ഒട്ടേറെ ഡോട്ട്‌ ബോളുകള്‍ വഴങ്ങുന്ന തിലക്‌ വര്‍മ നെതര്‍ലന്‍ഡ്‌സിനെതിരേ നടന്ന മത്സരത്തില്‍ വിമര്‍ശിക്കപ്പെട്ടു. തിലകിന്റെ ലോകകപ്പിലെ സ്‌ട്രൈക്ക്‌ റേറ്റ്‌ 120 മാത്രമാണ്‌. 88 പന്തില്‍ നേടിയത്‌ 106 റണ്ണും. ൃ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സമീപകാലത്തു പുറത്തെടുത്ത പ്രകടനങ്ങളും സഞ്‌ജുവിന്റെ തിരിച്ചുവരവിനുള്ള സാധ്യത വര്‍ധിപ്പിക്കും.

Ads by Google
Saturday 21 Feb 2026 09.43 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW