-->
സി.ബി.എസ്.ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ക്ക് തുടക്കമായെങ്കിലും, മാത്തമാറ്റിക്‌സ് ബേസിക് പേപ്പര്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ നിരാശരാക്കിയിരിക്കുകയാണ്. സാധാരണഗതിയില്‍ ലളിതമായിരിക്കുമെന്ന് കരുതപ്പെടുന്ന ബേസിക് പേപ്പര്‍, ഇത്തവണ സ്റ്റാന്‍ഡേര്‍ഡ് പേപ്പറിനേക്കാള്‍ കടുപ്പമേറിയതായിരുന്നു എന്നാണ് പ്രധാന പരാതി. പരീക്ഷയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഗണിതത്തില്‍ ഉപരിപഠനം ആഗ്രഹിക്കാത്തവര്‍ക്കായി ഏര്‍പ്പെടുത്തിയ ഈ ലളിത പതിപ്പ് ഇത്രത്തോളം പ്രയാസകരമായത് പരീക്ഷയെഴുതിയവരെ അമ്പരപ്പിച്ചിരിക്കുകയാണ്.
പരീക്ഷാ തയ്യാറെടുപ്പുകളെല്ലാം പാഴായെന്ന് ചൂണ്ടിക്കാട്ടി ഒരു വിദ്യാര്‍ത്ഥിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പേപ്പറിനേക്കാള്‍ സങ്കീര്‍ണ്ണമായ ചോദ്യങ്ങളാണ് ബേസിക് പേപ്പറില്‍ ഉണ്ടായിരുന്നതെന്നും വിദ്യാര്‍ത്ഥിനി ആരോപിക്കുന്നു. 'സി.ബി.എസ്.ഇ ഞങ്ങളെ ചതിച്ചു' എന്ന കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് നിരവധി വിദ്യാര്‍ത്ഥികളാണ് രംഗത്തെത്തിയിരിക്കുന്നത്. ഉത്തരക്കടലാസുകള്‍ പരിശോധിക്കുമ്പോള്‍ ഉദാരമായ സമീപനം വേണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2019ലാണ് സി.ബി.എസ്.ഇ ഗണിതശാസ്ത്രത്തില്‍ സ്റ്റാന്‍ഡേര്‍ഡ്, ബേസിക് എന്നിങ്ങനെ രണ്ട് വിഭാഗങ്ങള്‍ അവതരിപ്പിച്ചത്. സിലബസ് ഒന്നാണെങ്കിലും ബേസിക് പേപ്പര്‍ താരതമ്യേന എളുപ്പമായിരിക്കുമെന്ന് ബോര്‍ഡ് മുന്‍പ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പ്രായോഗിക ബുദ്ധി പരീക്ഷിക്കുന്ന ചോദ്യങ്ങള്‍ ബേസിക് പേപ്പറില്‍ അമിതമായി ഉള്‍പ്പെടുത്തിയത് വിദ്യാര്‍ത്ഥികളെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്ന് അനുകൂലമായ എന്തെങ്കിലും വിശദീകരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥി ലോകം.