Friday, March 13, 2026 Last Updated 22 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 02.17 PM

പ്ലാസ്റ്റിക് ചവച്ച് ഭാരം കുറയ്ക്കും: ചൈനയില്‍ നടുക്കം സൃഷ്ടിച്ച് പുതിയ ഭക്ഷണരീതി

plastic, eating, trend, china

ലോകത്ത് ഓരോ ദിവസവും ലക്ഷകണക്കിനാളുകളാണ് ശരീരഭാരം കുറയ്ക്കാനായി ഭക്ഷണനിയന്ത്രണത്തിനും വ്യായാമത്തിനുപുറമേ പുതിയ വഴികള്‍ തേടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവയില്‍ പലതും അപകടങ്ങളിലും വലിയ ആരോഗ്യ പ്രശ്‌നങ്ങളിലും കലാശിക്കുന്നത് നാം കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന 'പ്ലാസ്റ്റിക് ഈറ്റിംഗ്' അഥവാ 'ക്ലിങ് റാപ്പ് ഡയറ്റ്' ആണ് ആളുകളില്‍ നടുക്കം സൃഷ്ടിക്കുന്നത്. ഭക്ഷണസാധനങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി വായില്‍ വച്ച് ചവയ്ക്കുന്നതാണ് ഈ രീതി. ഭക്ഷണം ചവയ്ക്കുമ്പോള്‍ വയര്‍ നിറഞ്ഞു എന്ന തോന്നല്‍ തലച്ചോറിന് ലഭിക്കുമെന്നും എന്നാല്‍ പ്ലാസ്റ്റിക് ഉള്ളതിനാല് ഭക്ഷണം വയറ്റിലേക്ക് പോകാത്തതുകൊണ്ട് കലോറി കൂടില്ലെന്നുമാണ് ഈ വിചിത്ര വാദക്കാരുടെ അവകാശവാദം.

ടിക് ടോക്ക്, എക്‌സ്, ഡൂയിന്‍ പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരം വീഡിയോകള്‍ പ്രചരിക്കുന്നത് ആരോഗ്യവിദഗ്ധരെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. കൗതുകത്തിന് തുടങ്ങുന്ന ഈ രീതി മാരകമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു. പ്ലാസ്റ്റിക്കിലെ രാസവസ്തുക്കളും മൈക്രോപ്ലാസ്റ്റിക് കണികകളും ശരീരത്തിനുള്ളിലെത്തുന്നത് ആമാശയത്തെയും കുടലിനെയും തകരാറിലാക്കും. ഇത് ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ ബാധിക്കുകയും കരള്‍, ശ്വാസകോശം തുടങ്ങിയ അവയവങ്ങളില്‍ വീക്കം ഉണ്ടാക്കുകയും ചെയ്യും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഗുരുതരമായ ദഹനപ്രശ്‌നങ്ങള്‍ക്കും ശ്വാസതടസ്സത്തിനും കാരണമാകും. ശാരീരിക പ്രശ്‌നങ്ങള്‍ക്കു പുറമെ, ഭക്ഷണത്തോടുള്ള തെറ്റായ കാഴ്ചപ്പാട് വളര്‍ത്തുന്നതിലൂടെ ഇത്തരം ട്രെന്‍ഡുകള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്കും ഉത്കണ്ഠയിലേക്കും വ്യക്തികളെ നയിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ഇത്തരം കുറുക്കുവഴികളിലൂടെ ഭാരം കുറയ്ക്കാം എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത വെറും അന്ധവിശ്വാസമാണ്. പട്ടിണി കിടന്നോ അസ്വാഭാവികമായ വഴികളിലൂടെയോ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നത് ഭാവിയില്‍ അമിതവണ്ണത്തിലേക്കോ മറ്റ് രോഗങ്ങളിലേക്കോ നയിക്കും. പോഷകഗുണമുള്ള ആഹാരം കഴിക്കുന്നതിനൊപ്പം കൃത്യമായ വ്യായാമവും ശീലിക്കുക എന്നതാണ് ആരോഗ്യകരമായ രീതി. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്റര്‍നെറ്റിലെ അപകടകരമായ ട്രെന്‍ഡുകളെ പിന്തുടരാതെ ഒരു ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിര്‍ദ്ദേശം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.

Ads by Google
Friday 20 Feb 2026 02.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW