-->
മഹീന്ദ്രയുടെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് എസ്യുവിയായ XUV 3XO ഇവി കഴിഞ്ഞ മാസമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുറത്തിറക്കിയത്. 13.89 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വാഹനം എത്തുന്നത്. XUV 3XO ഇവിയുടെ ഡെലിവറികള്‍ അടുത്ത ആഴ്ച്ച ഇന്ത്യയില്‍ ആരംഭിക്കാനാണ് മഹീന്ദ്ര പദ്ധതിയിട്ടിരിക്കുന്നത്. അതായത് 2026 ഫെബ്രുവരി 23-ാം തീയതി ഇലക്ട്രിക് എസ്യുവിക്കായുള്ള വിതരണം കമ്പനി തുടങ്ങും. AX5, AX7L എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മോഡല്‍ വിപണനത്തിന് എത്തിയിരിക്കുന്നത്. ആദ്യത്തേതിന് 13.89 ലക്ഷവും രണ്ടാമത്തേതിന് 14.96 ലക്ഷവുമാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരിക.
7.2kW AC ചാര്‍ജറിന് 50,000 രൂപ അധികമായി മുടക്കേണ്ടിയും വരുന്നതാണ്. അംഗീകൃത ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈനിലും XUV 3XO ഇവിയുടെ ബുക്കിംഗുകള്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. 39.4 kWh ബാറ്ററി പായ്‌ക്കോടെയാണ് വാഹനം എത്തുന്നത്. ഫുള്‍ ചാര്‍ജില്‍ 285 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ചാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അവകാശപ്പെടുന്നത്. 147.5 bhp കരുത്തില്‍ പരമാവധി 310 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കുന്ന മോട്ടോറുമായാണ് ബാറ്ററി പായ്ക്ക് ജോടിയാക്കിയിരിക്കുന്നത്. 8.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും മഹീന്ദ്രയുടെ കോംപാക്ട് ഇലക്ട്രിക് എസ്യുവിക്ക് സാധിക്കുന്നതാണ്. ഫണ്‍, ഫാസ്റ്റ്, ഫിയര്‍ലെസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും ഇവിക്കൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡ്രൈവ് മോഡുകള്‍ ഓരോന്നും ത്രോട്ടില്‍ റെസ്‌പോണ്‍സും പവര്‍ ഡെലിവറിയിലും മാറ്റം കൊണ്ടുവരുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. 50kW DC ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ ബാറ്ററി 0 മുതല്‍ 80 ശതമാനം വരെ XUV 3XO ഇവിയിലെ ബാറ്ററി പായ്ക്ക് ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. കോംപാക്റ്റ് ഇലക്ട്രിക് എസ്യുവിയില്‍ ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റേഷനുമായി 10.25 ഇഞ്ച് രണ്ട് സ്‌ക്രീനുകള്‍, ഓണ്‍-ബോര്‍ഡ് നാവിഗേഷനോടുകൂടിയ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഓള്‍-എല്‍ഇഡി ലൈറ്റിംഗ്, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഓട്ടോ ഹെഡ്ലാമ്പുകള്‍, വൈപ്പറുകള്‍, വയര്‍ലെസ് ചാര്‍ജര്‍, 6 എയര്‍ബാഗുകള്‍, ESP, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ടോപ്പ് ട്രിമില്‍ പനോരമിക് സണ്‍റൂഫ്, ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, 7-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ പോലുള്ള അധിക ഫീച്ചറുകളും ലഭിക്കുന്നതായിരിക്കും.
സ്റ്റോപ്പ്-ആന്‍ഡ്-ഗോ സഹിതമുള്ള അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍-കീപ്പിംഗ് അസിസ്റ്റന്‍സ്, കൊളിഷന്‍ വാര്‍ണിംഗ്, ട്രാഫിക് സൈന്‍ റെക്കഗ്‌നിഷന്‍ മുതലായവ ഉള്‍പ്പെടെയുള്ള ലെവല്‍ 2 ADAS സവിശേഷതകളും AX7L വേരിയന്റിലുണ്ടാവും. എക്സ്റ്റീരിയറില്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ബില്‍റ്റ്-ഇന്‍ ഇന്‍ഡിക്കേറ്ററുകളുള്ള സിഗ്‌നേച്ചര്‍ ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, കണക്റ്റഡ് ടെയില്‍-ലാമ്പ് ലേഔട്ട്, റൂഫ് റെയിലുകള്‍, ഒരു സ്പോര്‍ട്ടി റിയര്‍ സ്പോയിലര്‍ എന്നിവയെല്ലാമാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റെല്‍ത്ത് ബ്ലാക്ക്, ഗാലക്‌സി ഗ്രേ, എവറസ്റ്റ് വൈറ്റ്, ടാംഗോ റെഡ്, നെബുല ബ്ലൂ, ഡീപ് ഫോറസ്റ്റ് എന്നിങ്ങനെ ആകര്‍ഷകമായ 6 കളര്‍ ഓപ്ഷനുകളിലും മഹീന്ദ്ര XUV 3XO ഇവി തെരഞ്ഞെടുക്കാനാവുന്നതാണ്.