-->
കൊല്‍ക്കത്ത: വെസ്‌റ്റിന്‍ഡീസിന്റെ ഓള്‍റൗണ്ടര്‍ ജാസണ്‍ ഹോള്‍ഡര്‍ രാജ്യാന്തര ക്രിക്കറ്റില്‍ 300 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇറ്റലിക്കെതിരായ മത്സരത്തില്‍ കളിച്ചതോടെയാണു ഹോള്‍ഡര്‍ 300 തികച്ചത്.
34 വയസുകാരനായ ജാസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസിനായി 69 ടെസ്‌റ്റുകളും 138 ഏകദിനങ്ങളും 93 ട്വന്റി20 കളും കളിച്ചു. ടെസ്‌റ്റില്‍ 162 വിക്കറ്റുകളും 29.83 ശരാശരിയില്‍ 3073 റണ്ണും സ്വന്തം. മൂന്ന് സെഞ്ചുറികളും 14 അര്‍ധ സെഞ്ചുറികളും ഹോള്‍ഡറുടെ പേരിലുണ്ട്. ഏകദിനത്തില്‍ 159 വിക്കറ്റുകള്‍ നേടിയ ഹോള്‍ഡര്‍ 24.85 ശരാശരിയില്‍ 12 അര്‍ധ സെഞ്ചുറികളടക്കം 2237 റണ്ണെടുത്തു. ട്വന്റി20 യില്‍ 105 വിക്കറ്റെടുത്ത ഹോള്‍ഡറിന് 17.15 ശരാശരിയില്‍ 789 റണ്ണുമെടുക്കാനായി.
സി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസ് ഇറ്റലിയെ 42 റണ്ണിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് ആറ് വിക്കറ്റിന് 165 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇറ്റലി 18-ാം ഓവറില്‍ 123 റണ്ണിന് ഓള്‍ഔട്ടായി. സി ഗ്രൂപ്പിലെ നാല് മത്സരങ്ങളും ജയിച്ച വിന്‍ഡീസ് എട്ട് പോയിന്റ് നേടി. രണ്ടാം സ്‌ഥാനത്തുള്ള ഇംഗ്ലണ്ടിന് ആറ് പോയിന്റാണ്. ഇറ്റലി രണ്ട് പോയിന്റുമായാണു നാട്ടിലേക്കു മടങ്ങിയത്.
ടോസ് നേടിയ ഇറ്റാലിയന്‍ നായകന്‍ ഹാരി മാനേറ്റി വിന്‍ഡീസിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. നാല് റണ്ണെടുത്ത ബ്രാന്‍ഡന്‍ കിങിനെ അലി ഹസനും ഒരു റണ്ണെടുത്ത ഷിംറോണ്‍ ഹിറ്റ്‌മീറിനെ ഡ്രാകയും പുറത്താക്കിയെങ്കിലും നായകനും ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഷായ് ഹോപ് (46 പന്തില്‍ നാല് സിക്‌സറും ആറ് ഫോറുമടക്കം 75) ബാറ്റിങ് വിന്‍ഡീസിനെ തുണച്ചു. റോസ്‌റ്റണ്‍ ചേസ് (25 പന്തില്‍ 24), ഷര്‍ഫാനെ റഥര്‍ഫോഡ് (15 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 24), മാത്യു ഫോര്‍ദെ (എട്ട് പന്തില്‍ പുറത്താകാതെ 16) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. റോവ്‌മന്‍ പവല്‍ (ഒന്‍പത്), ജാസണ്‍ ഹോള്‍ഡര്‍ (ഒന്‍പത്) എന്നിവര്‍ നിരാശപ്പെടുത്തി. ഇറ്റലിക്കായി ബെന്‍ മാനേറ്റി, ക്രിഷാന്‍ കാലുഗാമഗെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും അലി ഹസന്‍, തോമസ് ഡ്രാക്ക എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. വിന്‍ഡീസ് മുന്‍ നായകന്‍ ജാസണ്‍ ഹോള്‍ഡറിന്റെ 300-ാം മത്സരമായിരുന്നു അത്.
ഇറ്റലിക്കായി ജെജെ സ്‌മറ്റ്‌സ് (24), ബെന്‍ മാനേറ്റി (21 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 26) എന്നിവര്‍ മാത്രമാണു രണ്ടക്കം കടന്നത്. വിന്‍ഡീസിനായി ഷാമാര്‍ ജോസഫ് നാല് വിക്കറ്റും മാത്യു ഫോര്‍ദെ മൂന്ന് വിക്കറ്റുമെടുത്തു. ഗുദാകേശ് മോതി രണ്ട് വിക്കറ്റും അകീല്‍ ഹുസൈന്‍ ഒരു വിക്കറ്റുമെടുത്തു. ഹോപാണു മത്സരത്തിലെ താരം.