Saturday, March 14, 2026 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.36 PM

ഇന്റര്‍ മിലാന്‌ അപ്രതീക്ഷിത തോല്‍വി.

ഓസ്‌ലോ: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ ഒന്നാം പാദ പ്രീ ക്വാര്‍ട്ടറില്‍ ഇറ്റലിയിലെ കരുത്തനായ ഇന്റര്‍ മിലാന്‌ അപ്രതീക്ഷിത തോല്‍വി. നോര്‍വേയിലെ ബോഡോ/ ഗ്ലിറ്റാണ്‌ മൂന്നുവട്ടം ചാമ്പ്യന്‍മാരായ ഇന്ററിനെ തോല്‍പ്പിച്ചത്‌.
ആര്‍ട്ടിക്‌ മേഖലയില്‍ സ്‌ഥിതി ചെയ്യുന്ന ബോഡോയുടെ തട്ടകമായ അസ്‌പിമ്യാറ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-1 നായിരുന്നു അട്ടിമറി ജയം. സോന്‍ദ്രെ ഫെറ്റ്‌, യെന്‍സ്‌ പീറ്റര്‍ ഹേഗ്‌, കാസ്‌പര്‍ വാട്‌സ് ഹോഗ്‌ എന്നിവരാണു നോര്‍വീജിയന്‍ ക്ലബിനായി ഗോളടിച്ചത്‌്. ഫ്രാന്‍സെസ്‌കോ പിയോ എസ്‌പോസിറ്റോയുടെ ഗോളാണ്‌ ഇന്ററിന്റെ അഭിമാനം കാത്തത്‌. ഉത്തര ധ്രുവത്തിന്‌ അടുത്തു സ്‌ഥിതി ചെയ്യുന്ന ചെറു നഗരമാണ്‌ ഗ്ലിന്റ്‌. 54,000 മാണ്‌ ഇവിടുത്തെ ജനസംഖ്യ. മാഞ്ചസ്‌റ്റര്‍ സിറ്റി (3-1), അത്‌ലറ്റിക്കോ മാഡ്രിഡ്‌ (2-1) തുടങ്ങിയ വമ്പന്‍മാരെ അട്ടിമറിച്ച ശേഷമാണ്‌ ഇന്ററിനെ നേരിട്ടത്‌. 2020 മുതല്‍ 2024 വരെ നോര്‍വീജിയന്‍ ലീഗ്‌ ജേതാക്കളായി.
ഇറ്റാലിയന്‍ സീരി എയില്‍ ഒന്നാം സ്‌ഥാനത്തു തുടരുന്ന ഇന്റര്‍ അടുത്ത കാലത്തൊന്നും കനത്ത തോല്‍വി നേരിട്ടില്ല. കഴിഞ്ഞ മൂന്ന്‌ സീസണുകളില്‍ രണ്ട്‌ തവണയും ഫൈനലില്‍ കളിച്ച ടീമുമാണ്‌. കനത്ത മഞ്ഞു വീഴ്‌ചയുള്ളതിനാല്‍ പ്രത്യേകം തയാറാക്കിയ പിച്ചാണ്‌ അസ്‌പിമ്യാറ സ്‌റ്റേഡിയത്തിലുള്ളത്‌. കളിയുടെ 20-ാം മിനിറ്റില്‍ നോര്‍വേ ക്ലബ്‌ മുന്നിലെത്തി. ഇന്റര്‍ പ്രതിരോധം കണക്കു തെറ്റിച്ച്‌ ഹോഗിന്റെ ബാക്ക്‌ഹീല്‍ പാസ്‌ ഫെറ്റിലേക്ക്‌. കണ്ണടച്ചു തുറക്കും മുമ്പ്‌ പന്ത്‌ ഇന്റര്‍ ഗോള്‍ കീപ്പര്‍ യാന്‍ സോമറിനെ മറികടന്ന്‌ വലയിലെത്തി. പിന്നാലെ ഇന്ററിന്റെ മാറ്റിയോ ഡാര്‍മിയന്‍ ഗോളിലേക്കു ഷോട്ട്‌ പായിച്ചെങ്കിലും ഗോള്‍ പോസ്‌റ്റ് തടസമായി. നികോള ബാറേലയുടെ ഗോളെന്നുറച്ച ഷോട്ട്‌ ഗോള്‍ കീപ്പര്‍ നികിത ഹെയ്‌കിന്‍ തടുത്തു. 30-ാം മിനിറ്റില്‍ ഇന്റര്‍ ഗോള്‍ മടക്കി. ബാറേലയുടെ ക്രോസിനെ കാര്‍ലോസ്‌ ഒഗസ്‌റ്റസ്‌ ഹെഡ്‌ ചെയ്‌തതു നികിത ഹെയ്‌കിന്‍ തടുത്തിട്ടു. പന്ത്‌ കാത്തുനിന്ന എസ്‌പോസിറ്റോയുടെ പാകത്തിനായിരുന്നു.61-ാം മിനിറ്റിലാണ്‌ അടുത്ത ഗോളിന്റെ പിറവി. ഹോഗ്‌ എത്തിച്ചു നല്‍കിയ പന്ത്‌ മാര്‍ക്ക്‌ ചെയ്യാതെനിന്ന ഹേഗ്‌ ഗോളാക്കി. 64-ാം മിനിറ്റില്‍ അടുത്ത ഗോളുമെത്തി. ഒലെ ഡിഡ്രിക്‌ ബ്ലൂംബര്‍ഗിന്റെ ക്രോസ്‌ ഹോഗ്‌ വലയിലാക്കി. 25 നു സ്വന്തം തട്ടകത്തില്‍ നടക്കുന്ന രണ്ടാംപാദത്തില്‍ വന്‍ മാര്‍ജിനില്‍ ജയിച്ചാലെ ഇന്ററിനു മുന്നേറാനാകു. മറ്റു മത്സരങ്ങളില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ക്ലബ്‌ ബ്രൂഗ്‌ 3-3 നു സമനിലയില്‍ കുരുക്കി. ബയേണ്‍ ലവര്‍കൂസന്‍ 2-0 ത്തിന്‌ ഒളിമ്പിയാകോസിനെ തോല്‍പ്പിച്ചു. ക്ലബ്‌ ബ്രൂഗിന്റെ തട്ടകമായ യാന്‍ ബ്രൈഡല്‍ സ്‌റ്റേഡിയത്തിലായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡ്‌ സമനില വഴങ്ങിയത്‌. ജൂലിയന്‍ അല്‍വാറസ്‌, ലൂക്‌മാന്‍ എന്നിവര്‍ അത്‌ലറ്റിക്കോയ്‌ക്കായി ഗോളടിച്ചു. ഒര്‍ഡോനെസിന്റെ സെല്‍ഫ്‌ ഗോളും അത്‌ലറ്റിക്കോയുടെ അക്കൗണ്ടിലെത്തി. ബ്രൂഗിനായി ഒനിദെിക, ട്രെസോള്‍ഡി, ടിസോലിസ്‌ എന്നിവരും ഗോളടിച്ചു.

Ads by Google
Thursday 19 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW