-->
ആലപ്പുഴ: ക്ഷേത്രോത്സവങ്ങളില്‍ വിപ്ലവകരമായ മാറ്റത്തിന് പ്രോത്സാഹനമേകി ആലപ്പുഴ ജില്ലയിലെ രണ്ടു ക്ഷേത്രങ്ങളില്‍ റോബോട്ടിക് ആനകളെ സമര്‍പ്പിച്ചു. വോയ്‌സസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്‌സ് സൊസൈറ്റി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ജില്ലയില്‍ ആദ്യമായി ജീവനുള്ള ആനകള്‍ക്കു പകരം അത്യാധുനികമായ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.
പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം മഹാവിഷ്‌ണു ക്ഷേത്രത്തിലേക്കും ചേര്‍ത്തല ഓംകാരേശ്വരം ശ്രീരാമ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലേക്കുമാണ് റോബോട്ടിക് ആനകളെ കൈമാറിയത്. നീലംകുളങ്ങര വിഷ്‌ണുദാസന്‍, ഓംകാരേശ്വരം രാമസേനാപതി എന്നീ പേരുകളിലുള്ള റോബോട്ടിക് ആനകളെ പൂര്‍ണമായ ആചാരങ്ങളോടെ ക്ഷേത്രസമിതികള്‍ ഏറ്റുവാങ്ങി.
ചാലക്കുടിയിലെ ഫോര്‍ ഹീ- ആര്‍ട്‌സ് ക്രിയേഷന്‍സ് ആര്‍ട്ടിസ്‌റ്റ് പ്രശാന്ത് പ്രകാശിന്റെ നേതൃത്വത്തില്‍ ഫൈബറും റബ്ബറും ഉപയോഗിച്ചാണ് ആനകളെ നിര്‍മിച്ചത്. പത്തടി ഉയരവും 500 കിലോ ഭാരവുമുള്ള ഈ റോബോട്ടിക് ആനകളുടെ കണ്ണുകള്‍, ചെവികള്‍, തുമ്പിക്കൈ, വാല്‍ എന്നിവ ചലിക്കുന്നവയാണ്. എഴുന്നള്ളത്ത് സമയത്ത് നാലു പേര്‍ക്ക് വരെ ഇവയുടെ പുറത്തിരിക്കാന്‍ സാധിക്കും.
2025 മാര്‍ച്ച് ഒന്നിനും 2026 ജനുവരി രണ്ടിനും ഇടയിലുള്ള പത്ത് മാസത്തിനിടെ കേരളത്തില്‍ 20 ആനകളാണ് ചരിഞ്ഞതെന്ന് വി.എഫ്.എ.ഇ.എസ്. പ്രവര്‍ത്തകര്‍ പറയുന്നു. അടുത്തകാലത്തതായി ഉത്സവങ്ങള്‍ക്ക് വരുന്ന ആനകളുമായി ബന്ധപ്പെട്ട അപകടങ്ങളും പാപ്പാന്മാരുടെ ദാരുണ അന്ത്യവുമെല്ലാം നിലവിലെ രീതികള്‍ മാറേണ്ടതിന്റെ ആവശ്യകത വ്യക്‌തമാക്കുന്നതാണന്ന് വി.എഫ്.എ.ഇ.എസ്. സ്‌ഥാപകയും മാനേജിങ് ഡയറക്‌ടറുമായ സംഗീത അയ്യര്‍ പറഞ്ഞു. ആചാരങ്ങളില്‍ വിട്ടുവീഴ്‌ച ചെയ്യാതെ തന്നെ ജീവജാലങ്ങളോട് കാരുണ്യം കാണിക്കാന്‍ ഈ സംരംഭം സഹായിക്കുമെന്ന് നീലംകുളങ്ങര ക്ഷേത്ര സമിതി പ്രസിഡന്റ് പി.ആര്‍. പുരുഷന്‍ പറഞ്ഞു.
റോബോട്ടിക് ആനയെ സ്‌പോണ്‍സര്‍ ചെയ്‌ത വോയ്‌സസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്‌സ് സൊസൈറ്റി(വി.എഫ്.എ.ഇ.എസ്) അംഗങ്ങള്‍ക്ക് ഓംകാരേശ്വരം ക്ഷേത്ര സമിതി പ്രസിഡന്റ് എന്‍.ആര്‍. സുരേന്ദ്രന്‍ നന്ദി അറിയിച്ചു.
നേരത്തേ തമിഴ്‌നാട്ടിലെ ശ്രീശങ്കരന്‍ കോവിലിലും തൃശൂര്‍ ചക്കംപറമ്പ് ഭഗവതി ക്ഷേത്രത്തിലും സംഘടന റോബോട്ടിക് ആനകളെ നല്‍കിയിരുന്നു. നിലമ്പൂരില്‍ 340 കാട്ടാനകള്‍ക്കായി സുരക്ഷിത ഇടനാഴി ഉറപ്പാക്കാന്‍ നാല് ഏക്കര്‍ ഭൂമി വിട്ടുനല്‍കിയതും പശ്‌ചിമ ബംഗാളില്‍ എലിസെന്‍സ് എ.ഐ. സാങ്കേതികവിദ്യയിലൂടെ ട്രെയിന്‍ അപകടങ്ങള്‍ ഒഴിവാക്കിയതും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.