Thursday, March 12, 2026 Last Updated 12 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.36 PM

ജോബ്‌ വാച്ച്‌ ടവര്‍ വരും: വി.ഡി. സതീശന്‍

uploads/news/2026/02/826338/k6.jpg

തൃശൂര്‍: തൊഴിലിന്റെ സ്വഭാവം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗ്‌ളോബല്‍ ജോബ്‌ മാര്‍ക്കറ്റ്‌ നിരീക്ഷിക്കാന്‍ പ്രഗത്ഭരായ മലയാളികളെ ഉള്‍പ്പെടുത്തി ജോബ്‌ വാച്ച്‌ ടവര്‍ സംവിധാനം വരുമെന്നു പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍. യു.ഡി.എഫ്‌. സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ കോണ്‍കേ്ലവിന്റെ ഭാഗമായുള്ള നയരേഖ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. വിവിധ സര്‍വകലാശാലകളിലെ അധ്യാപകരുമായും അക്കാദമീഷ്യന്മാരുമായും ഡോ. അച്യുത്‌ ശങ്കറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്‌താണു വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ നയരേഖ തയാറാക്കിയത്‌. വി.ഡി. സതീശന്റെ പുതുയുഗയാത്രയുടെ ഭാഗമായിട്ടായിരുന്നു പ്രകാശനം. അധ്യാപകരുടെ ജോലിഭാരം പുനര്‍നിര്‍വചിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'പി.ജി. വെയിറ്റേജ്‌ പുനഃപരിശോധിക്കും. റിട്ടയേര്‍ഡ്‌ അധ്യാപകരെയും എ.ഐ. സംവിധാനത്തെയും മൂല്യനിര്‍ണയത്തിന്‌ ഉപയോഗിക്കും. എല്ലാ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജുകളിലും എ.ഐ. ഡിപ്പാര്‍ട്‌മെന്റുകള്‍ സ്‌ഥാപിക്കും. രാജ്യാന്തര നിലവാരത്തില്‍ സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ റിസര്‍ച്ച്‌ സ്‌ഥാപിക്കും. കേരള ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സിലില്‍ ഹയര്‍ എജ്യുക്കേഷന്‍ ഡാഷ്‌ ബോര്‍ഡ്‌ കൊണ്ടുവരും. കുട്ടികളുടെ താത്‌പര്യം അറിയാന്‍ വാര്‍ഷിക സ്‌റ്റുഡന്റ്‌ സര്‍വേ നടത്തും. പഠനം കഴിയുന്ന കുട്ടികള്‍ എങ്ങോട്ടാണു പോകുന്നത്‌ എന്നതു മനസിലാക്കാന്‍ ഗ്രാജ്യുവേറ്റ്‌ എംപ്ലോയ്‌മെന്റ്‌ ട്രാക്കിങ്‌ ആരംഭിക്കും. സ്‌റ്റുഡന്റ്‌ മൈഗ്രേഷന്‍ സര്‍വേ ശക്‌തമാക്കും.
പല കോഴ്‌സുകളും കാലഹരണപ്പെട്ടു. പഠിക്കാന്‍ കുട്ടികളില്ല. കുട്ടികള്‍ വിദേശത്ത്‌ പോയി പഠിക്കുന്ന പ്രോഗ്രാമുകള്‍ കേരളത്തിലും ആരംഭിക്കും. വിദേശ സര്‍വകലാശാലകളുമായി എങ്ങനെ ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കാമെന്നും ആലോചിക്കും.
സര്‍വകലാശാലകളെ അക്കാദമിക്‌ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇടമാക്കി മാറ്റും. ലോകത്താതെ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ അക്കാദമിക്‌ സിന്‍ഡിക്കേറ്റില്‍ ഉള്‍പ്പെടുത്തും.
പൂക്കോട്‌ വെറ്റനറി മെഡിക്കല്‍ കോളജില്‍ റാഗിങിന്‌ ഇരയായി കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ റാഗിങിന്‌ എതിരെ പരാതിപ്പെടാന്‍ സിദ്ധാര്‍ത്ഥ്‌ സ്‌റ്റുഡന്റ്‌ ഡിസ്‌ട്രസ്‌ ആപ്പ്‌ നിലവില്‍ വരും. അധികാരികളെയും പോലീസിനെയും അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്‌ നീതിപൂര്‍വകമാക്കാന്‍ സ്വതന്ത്ര സ്‌റ്റുഡന്റ്‌ അക്കാദമിക്‌ ഇലക്ഷന്‍ കമ്മിഷന്‍ രൂപവത്‌കരിക്കും. മോഡല്‍ പാര്‍ലമെന്റ്‌ പോലെ പ്രതിപക്ഷ നേതൃസ്‌ഥാനവും കൊണ്ടുവരും. സര്‍വകലാശാല സമിതികളില്‍ കോളജ്‌ യൂണിയന്‍ ചെയര്‍പഴ്‌സണ്‍മാരെ റൊട്ടേഷന്‍ വ്യവസ്‌ഥയില്‍ ഉള്‍പ്പെടുത്തും. അക്കാദമിക്‌ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്‌ അക്കാദമീഷ്യന്‍മാരാണ്‌. അതിന്‌ പ്രത്യേക സംവിധാനം ഉണ്ടാക്കും. ദേശീയ വിദ്യാഭ്യാസ പദ്ധതിയില്‍ ഘടനാപരമായ മാറ്റം സ്വീകരിക്കും. വിദ്യാഭ്യാസത്തിന്റെ ഡെസ്‌റ്റിനേഷന്‍ പോയിന്റാക്കി കേരളത്തെ മാറ്റാനാകുമെന്നാണ്‌ പ്രതീക്ഷ'-സതീശന്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ തൊഴില്‍-സംരംഭ പദ്ധതി പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ്‌ അറിയിച്ചു.

Ads by Google
Thursday 19 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW