-->
കൊച്ചി: തൊടുപുഴയില്‍ യുവാവ് കുഴിയില്‍ വീണു മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ഇരുപത്തേഴ് വയസുകാരനാണ് ജീവന്‍ നഷ്‌ടമായതെന്നും ആര്‍ക്കും ഒരു വേദനയും തോന്നുന്നില്ലേയെന്നും കോടതി ചോദിച്ചു. അപകടമുണ്ടായ ശേഷം വകുപ്പുകള്‍ പരസ്‌പരം കുറ്റപ്പെടുത്തുകയല്ല വേണ്ടത്. സര്‍ക്കാരിന് എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനത്തെക്കുറിച്ച് അറിവുണ്ടാകണം. അപകടം സംബന്ധിച്ച യഥാര്‍ത്ഥ വസ്‌തുതയെന്തെന്നു പരിശോധിക്കാനും കോടതി നിര്‍ദേശം നല്‍കി.
രണ്ടുദിവസം മുമ്പ് മുതലക്കോടം സ്വദേശി ജെയ്‌സ് ബെന്നി (27) യാണ് കുഴിയില്‍ വീണു മരിച്ചത്. കലുങ്ക് നിര്‍മ്മിക്കാന്‍ റോഡരികിലെടുത്ത കുഴി ഒരു മാസത്തിലേറെയായി മൂടാതെ കിടക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പാണ് കലുങ്ക് നിര്‍മാണത്തിനായി ഇവിടെ പ്രവൃത്തികള്‍ നടത്തിയത്. കുഴി മൂടണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അധികൃതരുടെ അനാസ്‌ഥയാണ് അപകടത്തിനു കാരണമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.