Wednesday, March 11, 2026 Last Updated 15 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.34 PM

എല്ലാവര്‍ക്കും എന്തിന്‌ സൗജന്യം?. തെരഞ്ഞെടുപ്പ്‌ പ്രീണനത്തിനെതിരേ സുപ്രീം കോടതി

uploads/news/2026/02/826303/in1.jpg

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ട്‌, സംസ്‌ഥാനസര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക്‌ സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നതിനെ നിശിതമായി വിമര്‍ശിച്ച്‌ സുപ്രീം കോടതി. സൗജന്യഭക്ഷണവും സൗജന്യവൈദ്യുതിയുമൊക്കെ നല്‍കുന്നതു തുടര്‍ന്നാല്‍ യഥാര്‍ത്ഥ വികസനത്തിന്‌ എങ്ങനെ പണം കണ്ടെത്തുമെന്നു കോടതി ചോദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന തമിഴ്‌നാട്ടില്‍ സാമ്പത്തികാവസ്‌ഥ പരിഗണിക്കാതെ എല്ലാവര്‍ക്കും സൗജന്യവൈദ്യുതി നല്‍കുന്നതു സംബന്ധിച്ച വിഷയം പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ബജറ്റ്‌ കമ്മിയും വികസനത്തിനു പണമില്ലെന്ന പരാതിയും നിലനില്‍ക്കേയാണു തമിഴ്‌നാട്‌ സര്‍ക്കാര്‍ സബ്‌സിഡികള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നത്‌. സാമ്പത്തികശേഷി ഉള്ളവര്‍ക്കുപോലും സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നതിലൂടെ, ജോലി ചെയ്യാതിരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന അവസ്‌ഥയുണ്ടാകുമെന്നു കോടതി മുന്നറിയിപ്പ്‌ നല്‍കി.
എല്ലാവര്‍ക്കും സൗജന്യവൈദ്യുതി തീരുമാനം എന്തുകൊണ്ടാണ്‌ അവസാനനിമിഷം കൈക്കൊണ്ടതെന്നു തമിഴ്‌നാട്‌ സര്‍ക്കാരിനോട്‌ ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ അധ്യക്ഷനായ ബെഞ്ച്‌ ചോദിച്ചു. രാവിലെ മുതല്‍ സൗജന്യഭക്ഷണം, സഞ്ചരിക്കാന്‍ സൗജന്യ സൈക്കിള്‍, സൗജന്യവൈദ്യുതി. ഇപ്പോള്‍ ആളുകളുടെ അക്കൗണ്ടിലേക്ക്‌ നേരിട്ട്‌ പണമെത്തിക്കുന്ന ഘട്ടത്തില്‍ എത്തിയിരിക്കുന്നു. ഇന്ത്യയൊട്ടാകെ എന്തുതരം സംസ്‌കാരമാണ്‌ നമ്മള്‍ രൂപപ്പെടുത്തുന്നത്‌? ഒരു ക്ഷേമപദ്ധതിക്കു കീഴില്‍, പണമില്ലാത്തവര്‍ക്ക്‌ സൗജന്യങ്ങള്‍ നല്‍കുന്നത്‌ മനസിലാക്കാം. എന്നാല്‍, സാമ്പത്തികശേഷി ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ സൗജന്യങ്ങള്‍ നല്‍കിയാലോ? വിദ്യാഭ്യാസച്ചെലവ്‌ താങ്ങാനാകാത്ത കുട്ടികള്‍ക്ക്‌ അത്‌ സൗജന്യമായി നല്‍കണം. അത്‌ സര്‍ക്കാരിന്റെ കടമയാണ്‌. എന്നാല്‍, സാമ്പത്തികശേഷിയുള്ളവരുടെ കീശയിലേക്കാണ്‌ സൗജന്യങ്ങള്‍ ആദ്യമെത്തുന്നത്‌. സര്‍ക്കാരുകള്‍ ഇത്തരം നയം പുനഃപരിശോധിക്കേണ്ട സമയം ഇതല്ലേയെന്നും ചീഫ്‌ ജസ്‌റ്റിസ്‌ ചോദിച്ചു.
ഓരോ സംസ്‌ഥാനവും വരുമാനത്തിന്റെ കാല്‍ഭാഗമെങ്കിലും വികസനപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്‌ക്കണം. അധികവരുമാനമുള്ള സംസ്‌ഥാനമാണെങ്കിലും പൊതുവികസനത്തിനായി പണം ചെലവഴിക്കാന്‍ കടമയില്ലേ? അതിനു പകരം തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ സൗജന്യങ്ങള്‍ വിതരണം ചെയ്യുകയാണ്‌. ഇത്തരം നയം മൂലം വികസനത്തിനായി ചില്ലിക്കാശ്‌ മാറ്റിവയ്‌ക്കാന്‍ കഴിയുന്നില്ല. ഇത്‌ എല്ലാ സംസ്‌ഥാനങ്ങളുടെയും പ്രശ്‌നമാണ്‌, തമിഴ്‌നാടിന്റേത്‌ മാത്രമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ക്ക്‌ സൗജന്യങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത്‌ ബജറ്റില്‍ ഉള്‍പ്പെടുത്തി വേണം നടപ്പാക്കാനെന്നു ജസ്‌റ്റിസ്‌ ജോയ്‌മല്യ ബാഗ്‌ചി നിര്‍ദേശിച്ചു. അതെങ്ങനെ നടപ്പാക്കുമെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു. വൈദ്യുതി ഭേദഗതി ചട്ടങ്ങളിലെ (2024) ചട്ടം 23 റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട്‌ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. സൗജന്യവൈദ്യുതി വാഗ്‌ദാനം നടപ്പാക്കാന്‍ ആവശ്യമായ പണം എവിടെനിന്ന്‌ കണ്ടെത്തുമെന്ന ചോദ്യത്തിനു മറുപടി സമര്‍പ്പിക്കാന്‍ കോടതി സംസ്‌ഥാനസര്‍ക്കാരിനോട്‌ നിര്‍ദേശിച്ചു. ചട്ടഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും നോട്ടീസ്‌ അയച്ചു.
സര്‍ക്കാരുകള്‍ സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നതു ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണെന്നു കഴിഞ്ഞമാസവും ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ ചൂണ്ടിക്കാട്ടിയിരുന്നു. സൗജന്യങ്ങള്‍ നല്‍കുന്നതിലൂടെ ജനങ്ങള്‍ മടിയന്‍മാരായി മാറുമെന്നാണ്‌ 2025 ഫെബ്രുവരിയില്‍ സുപ്രീം കോടതി നിരീക്ഷിച്ചത്‌.

Ads by Google
Thursday 19 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW