-->
ഹൈദരാബാദ്: രാജ്യത്തെ മൂന്നു പ്രമുഖ ബിരിയാണി വില്‍പ്പന ശൃംഖലകള്‍ കേന്ദ്രീകരിച്ചു നടത്തിയ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന് ആദായനികുതി വകുപ്പ്. ബില്ലിങ്ങില്‍ കൃത്രിമം കാട്ടി 70,000 കോടി രൂപയുടെ വരുമാനം മറച്ചുവച്ചതായും ഇത്തരത്തില്‍ നികുതിവെട്ടിപ്പ് നടത്തിയെന്നുമാണ് ആദായനികുതി വകുപ്പിന്റെ ഹൈദരാബാദ് യൂണിറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഹൈദരാബാദിലെ മൂന്നു ബിരിയാണി ശൃംഖലകളെ കേന്ദ്രീകരിച്ച് നടന്ന നികുതി വെട്ടിപ്പ് അന്വേഷണം, ഭക്ഷ്യമേഖലയിലാകെ നടന്ന വന്‍തോതിലുള്ള ബില്ലിങ് ക്രമക്കേടുകളിലേക്കാണു വെളിച്ചംവീശിയത്. ഈ റെസ്‌റ്റോറന്റുകളിലെ സാമ്പത്തിക ക്രമക്കേടുകളെയും കണക്കില്‍പ്പെടാത്ത വരുമാനത്തെയും കുറിച്ചുള്ള ആദായനികുതി വകുപ്പിന്റെ അന്വേഷണമാണ് ഈ വലിയ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഈ മൂന്ന് ബ്രാന്‍ഡുകളുടെയും ഉടമസ്‌ഥരുടെ വീടുകളിലും റെസ്‌റ്റോറന്റുകളിലുമായി 30 കേന്ദ്രങ്ങളില്‍ റെയ്‌ഡ് നടത്തിയിരുന്നു. വിവിധ അക്കൗണ്ടുകളിലൂടെ നടന്ന യു.പി.ഐ. ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണു വന്‍ തട്ടിപ്പിന്റെ സൂചനകള്‍ ലഭിച്ചത്.
രാജ്യത്തുടനീളമുള്ള 1.7 ലക്ഷത്തിലധികം റെസ്‌റ്റോറന്റ് ഐഡികള്‍ കൈകാര്യം ചെയ്യുന്ന പി.ഒ.എസ്. സിസ്‌റ്റത്തില്‍നിന്നുള്ള ഏകദേശം 60 ടി.ബി.(ടെറാ ബൈറ്റ്) വരുന്ന ബില്ലിങ് ഡേറ്റ ഉദ്യോഗസ്‌ഥര്‍ വിശകലനം ചെയ്‌തു. ഇതോടെ അന്വേഷണം രാജ്യമാകെ വ്യാപിച്ചു. 'ആയിരക്കണക്കിന് ഭക്ഷണശാലകള്‍' ഉപയോഗിക്കുന്ന ഒരു പ്രത്യേക ബില്ലിങ് സോഫ്‌റ്റ്‌വേറില്‍ 'ബള്‍ക്ക് ഡിലീറ്റ്' എന്നൊരു സൗകര്യമുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. അത് ഉപയോഗിച്ച് 30 ദിവസത്തെ വരെ വില്‍പന രേഖകള്‍ പൂര്‍ണമായും മായ്‌ച്ചു കളയാന്‍ സാധിക്കും. വ്യക്‌തിഗത ബില്ലുകള്‍ ഡിലീറ്റ് ചെയ്യുക, ബില്ല് തയാറാക്കിയ ശേഷം അതില്‍ മാറ്റങ്ങള്‍ വരുത്തുക തുടങ്ങിയ സംവിധാനങ്ങള്‍ വില്‍പന കണക്കുകള്‍ കുറച്ചു കാണിക്കാന്‍ ദുരുപയോഗം ചെയ്‌തതായി നികുതി ഉദ്യോഗസ്‌ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ വില്‍പന കുറച്ചു കാണിക്കുന്നതിലൂടെ നികുതി ബാധ്യത ലഘൂകരിക്കാനാണ് റെസ്‌റ്റോറന്റുകള്‍ ശ്രമിച്ചത്.
2019-20 കാലഘട്ടം മുതല്‍ ഇത്തരത്തില്‍ മറച്ചുവയ്‌ക്കപ്പെട്ട വില്‍പന ഏകദേശം 70,000 കോടി രൂപ വരുമെന്നാണ് പ്രാഥമിക കണക്ക്. ഇതില്‍ ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി മാത്രം 5,000 കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടന്നിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ആയിരക്കണക്കിന് പാന്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട രേഖകളിലും ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ഒരു കോടി രൂപയിലധികം വരുന്ന വെളിപ്പെടുത്താത്ത വില്‍പന നടന്നിട്ടുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് ആദായനികുതി വകുപ്പ് ഇതുവരെ ഔദ്യോഗിക പ്രസ്‌താവന പുറത്തിറക്കിയിട്ടില്ല. മായ്‌ച്ചു കളഞ്ഞ ബില്ലിങ് വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.