Wednesday, March 11, 2026 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.34 PM

വരുന്നൂ, ഐ.എന്‍.എസ്‌. അരിധാമന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൂന്നാമത്തെ ആണവ ബാലിസ്‌റ്റിക്‌ മിസൈല്‍ അന്തര്‍വാഹിനി (എസ്‌.എസ്‌.ബി.എന്‍) യായ ഐ.എന്‍.എസ്‌ അരിധാമന്‍ ഏപ്രില്‍-മേയ്‌ മാസത്തോടെ സേവനമാരംഭിക്കും. രാജ്യത്തിന്റെ ആണവ പ്രതിരോധ സംവിധാനത്തിന്‌ ഇതു വലിയ ഉത്തേജനമാകുമെന്നാണു പ്രതീക്ഷ.
വിശാഖപട്ടണത്തെ രഹസ്യ ഷിപ്പ്‌ ബില്‍ഡിങ്‌ സെന്ററില്‍ (എസ്‌.ബി.സി) സ്വകാര്യ മേഖലയിലെ ഭീമനായ എല്‍ ആന്‍ഡ്‌ ടി നിര്‍മിച്ചതാണ്‌ ഐ.എന്‍.എസ്‌ അരിധാമന്‍. മാസങ്ങളായി ഈ അന്തര്‍വാഹിനി സമുദ്രപരീക്ഷണങ്ങളിലാണ്‌.
കമ്മീഷന്‍ ചെയ്‌തശേഷം ഇന്ത്യയുടെ ൈട്ര-സര്‍വീസസ്‌ ആണവ പ്രതിരോധ കമാന്‍ഡായ സ്‌ട്രാറ്റജിക്‌ ഫോഴ്‌സ്‌ കമാന്‍ഡിനു (എസ്‌.എഫ്‌.സി) കീഴിലുള്ള രണ്ട്‌ സഹോദര അന്തര്‍വാഹിനികളുമായി ഇതു ചേരും.
പതുക്കെ സഞ്ചരിക്കുന്നതും പരമ്പരാഗത അന്തര്‍വാഹിനി യുദ്ധക്കപ്പലുകളേക്കാള്‍ ആഴത്തില്‍ കൂടുതല്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നതുമാണ്‌ ഐ.എന്‍.എസ്‌ അരിധാമന്‍. 750 കിലോമീറ്റര്‍ പരിധിയുള്ള കെ-15, 3000 കിലോമീറ്ററിലധികം പരിധിയുള്ള കെ-4 ദീര്‍ഘദൂര ബാലിസ്‌റ്റിക്‌ മിസൈലുകള്‍ (എസ്‌.എല്‍.ബി.എം) നിശ്‌ചിത അളവില്‍ ഇതു വഹിക്കും. സമുദ്രോപരിതലത്തിലേക്ക്‌ ഉയര്‍ന്നുവരാതെ വെള്ളത്തിനടിയില്‍ പരിധിയില്ലാതെ തുടരാന്‍ ആഴങ്ങളില്‍ പതിയിരിക്കുന്ന ആണവ റിയാക്‌ടറുകള്‍ ഇതിനെ പര്യാപ്‌തമാക്കുന്നു. മിസൈലുകള്‍ വിക്ഷേപിക്കുംവരെ ഇതിന്റെ സ്‌ഥാനം അജ്‌ഞാതമായി നിലനില്‍ക്കും.
ഇന്ത്യയുടെ ആദ്യത്തെ ആണവ ബാലിസ്‌റ്റിക്‌ മിസൈലായ അരിഹന്ത്‌ 2016 ല്‍ കമ്മീഷന്‍ ചെയ്‌തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 2024 ല്‍ മെച്ചപ്പെടുത്തിയ ഐ.എന്‍.എസ്‌ അരിഘട്ടും പുറത്തിറക്കി. അരിധാമനു ശേഷം സമാനമായ വലിപ്പമുള്ള നാലാമത്തെ അന്തര്‍വാഹിനിയും സേവനത്തിനു സജ്‌ജമാകും. ഇതേത്തുടര്‍ന്നായിരിക്കും രാജ്യത്തിന്റെ യഥാര്‍ഥ ബൂമര്‍ പുറത്തുവരികയെന്നു പറയപ്പെടുന്നു. 14,000 ടണ്‍ വരെ ഭാരം വഹിക്കാന്‍ അതിനു കഴിയും. നിലവിലുള്ളതിന്റെ ഇരട്ടി ശേഷിയാണിത്‌.
സങ്കീര്‍ണമായ ആണവായുധ അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്ന ഏതാനും രാജ്യങ്ങളുടെ ഭാഗമാണ്‌ ഇന്ത്യ. യുഎസ്‌, റഷ്യ, ഫ്രാന്‍സ്‌, യു.കെ, ചൈന എന്നിവയാണ്‌ ഈ രംഗത്തുള്ള മറ്റു രാജ്യങ്ങള്‍.

Ads by Google
Thursday 19 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW