Wednesday, March 11, 2026 Last Updated 57 Min 6 Sec ago English Edition
Todays E paper
Ads by Google

അന്തര്‍ധാര

രാമചന്ദ്രന്‍
രാമചന്ദ്രന്‍
Thursday 19 Feb 2026 11.34 PM

മന്ത്രി രാജീവ്‌ കോടതിയില്‍ പറയേണ്ടത്‌

പി.രാജീവും സി.പി.എമ്മും ഇനി എന്ത്‌ ചെയ്യണമെന്ന്‌ വ്യക്‌തമാണ്‌. ഈ വകുപ്പ്‌ റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന്‌ സുപ്രീംകോടതിയോട്‌ എത്രയും വേഗം ആവശ്യപ്പെടണം. ആചാരപ്രകാരമാണ്‌ സ്‌ത്രീപ്രവേശനം നിരോധിച്ചത്‌ എന്ന്‌ 1965ലെ കേരള നിയമത്തില്‍ പറഞ്ഞിട്ടുണ്ട്‌. ആ വകുപ്പ്‌ വീണ്ടെടുക്കുമ്പോള്‍ രാജീവും സി.പി.എമ്മും ആചാരവും വിശ്വാസവും വീണ്ടെടുക്കും.
uploads/news/2026/02/826298/Sabarimala.jpg

കേരളത്തില്‍ ഇക്കുറി തെരഞ്ഞെടുപ്പ്‌ പ്രചാരണം മുറുകുമ്പോള്‍ സുപ്രീംകോടതിയില്‍ ശബരിമല വിഷയം കൊടുമ്പിരിക്കൊള്ളുകയും അത്‌ കത്തിക്കാളുകയും ചെയ്യും. 2018ല്‍ ശബരിമലയില്‍ സ്‌ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പുനഃപരിശോധന നടക്കുന്നത്‌ ആ ദിവസങ്ങളില്‍ ആയിരിക്കും.

എന്നാല്‍, സുപ്രീം കോടതിയില്‍ നടക്കുന്നത്‌ ശബരിമല വിധിയുടെ പുനഃപരിശോധന മാത്രമാണ്‌ എന്ന ധാരണ ശരിയല്ല. സകല മതങ്ങളുടെയും ആരാധനാലയങ്ങളിലെ സ്‌ത്രീപ്രവേശനം എന്ന വിഷയമാണ്‌ കോടതി കൈകാര്യം ചെയ്യുന്നത്‌. പുനഃപരിശോധനയിലേക്ക്‌ കടക്കും മുന്‍പ്‌ വിശാലമായ ഭരണഘടനാ പ്രശ്‌നങ്ങള്‍ എന്തൊക്കെ എന്ന്‌ വ്യക്‌തത വരുത്തുകയാണ്‌ കോടതി ചെയ്യുക. ഇതിനായി ഏഴ്‌ ചോദ്യങ്ങള്‍ കോടതി തയാറാക്കി. അവയ്‌ക്ക്‌ മാര്‍ച്ച്‌ 14നകം കക്ഷികള്‍ മറുപടി നല്‍കണം. അല്ലാതെ ഒരു സത്യവാങ്‌മൂലം ഇപ്പോള്‍ കേരളം തിരുത്തി നല്‍കേണ്ടതില്ല. ശബരിമലയില്‍ സ്‌ത്രീപ്രവേശനത്തെ സ്വാഗതം ചെയ്യുന്ന സത്യവാങ്‌മൂലം നേരത്തെ നല്‍കിയത്‌ നിലനില്‍ക്കുന്നു.

ഇന്ദു മല്‍ഹോത്രയാണ്‌ ശരി

ആ ഏഴ്‌ ചോദ്യങ്ങളില്‍ ശബരിമലയില്‍ സ്‌ത്രീപ്രവേശനം വേണോ എന്ന ചോദ്യം ഇല്ല. ഭരണഘടനയിലെ 25, 26 അനുഛേദങ്ങളില്‍ പറയുന്ന മതസ്വാതന്ത്ര്യത്തിന്റെ സാധ്യത, പരിധി, പ്രത്യേക വിശ്വാസ സമൂഹത്തിന്റെ അവകാശം, ധാര്‍മ്മികത, ഹിന്ദുക്കളിലെ വിഭാഗങ്ങള്‍ എന്ന പ്രയോഗത്തിന്റെ അര്‍ഥം എന്നിവയാണ്‌ ചോദ്യങ്ങളില്‍ ഉള്ളത്‌. ഇതിനാണ്‌ കേരളം ഉടന്‍ മറുപടി കൊടുക്കേണ്ടത്‌. അങ്ങനെ വിശാലമായ ചില കാര്യങ്ങളില്‍ വ്യക്‌തത വരുത്തിയ ശേഷം അടുത്ത ഘട്ടത്തിലാണ്‌ സ്‌ത്രീപ്രവേശന വിധിയുടെ പുനഃപരിശോധന നടക്കുക. വാദങ്ങളില്‍ അത്‌ വരില്ല എന്നര്‍ത്ഥമില്ല.

ഏപ്രില്‍ ഏഴു മുതല്‍ 22 വരെ ഈ പ്രക്രിയ കോടതിയില്‍ നടക്കും. ഏഴ്‌ മുതല്‍ ഒന്‍പത്‌ വരെ പുനരവലോകന ചേരിയുടെ വാദം നടക്കും. ഏപ്രില്‍ 14 മുതല്‍ 16 വരെ എതിര്‍ ചേരിയുടെ വാദം ഉണ്ടാകും. 21ന്‌ വിയോജിപ്പുകള്‍ അറിയിക്കാം. 22ന്‌ കോടതിയെ സഹായിക്കുന്ന അമിക്കസ്‌ ക്യൂറി കാര്യങ്ങള്‍ ബോധിപ്പിക്കും. തൃപ്പൂണിത്തുറക്കാരന്‍ കെ. പരമേശ്വര്‍, ശിവം സിങ്‌ എന്നിവര്‍ ആണ്‌ അമിക്കസ്‌ ക്യൂറി. എല്ലാ കക്ഷികളും സ്വീകരിച്ച നിലപാട്‌ അവര്‍ കോടതിയെ അറിയിക്കും. പുനരവലോകന ചേരിയുടെ ഭാഗം കൃഷ്‌ണകുമാര്‍ സിങ്ങും എതിര്‍ ചേരിയുടെ ഭാഗം ശാശ്വതി പാരിയും പറയും.

കൊച്ചി നേവല്‍ ബേസ്‌ സ്‌കൂളിലും ഹൈദരാബാദ്‌ നാഷനല്‍ സര്‍വകലാശാലയിലും പഠിച്ച പരമേശ്വര്‍ മുന്‍പ്‌ ശബരിമല കേസില്‍ അമിക്കസ്‌ ക്യൂറി ആയിരുന്ന രാജു രാമചന്ദ്രനെ സഹായിച്ചിരുന്നു. പശ്‌ചാത്തലം നന്നായി അറിയാം. യു.പിയില്‍ അഡീഷനല്‍ അഡ്വക്കേറ്റ്‌ ജനറല്‍ ആയിരുന്നു.
പുനരവലോകനത്തിന്‌ ആധാരമായ വിധി 2018 നവംബറില്‍ ഉണ്ടായതാണ്‌. ഭക്‌തിക്ക്‌ ലിംഗവിവേചനമില്ല എന്നായിരുന്നു വിധി. അഞ്ചംഗ ബെഞ്ചില്‍ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര, ആര്‍.എഫ്‌. നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്‌, ഇന്ദു മല്‍ഹോത്ര എന്നിവരായിരുന്നു അംഗങ്ങള്‍. ഇന്ദു മല്‍ഹോത്ര ഭിന്നവിധി എഴുതി സ്‌ത്രീകള്‍ക്ക്‌ ശബരിമലയില്‍ പ്രവേശനം വേണ്ട, ആചാരങ്ങള്‍ പ്രധാനം എന്ന്‌ അവര്‍ എഴുതി. ഒന്നാന്തരം വീക്ഷണം ആയിരുന്നു അത്‌. ആ ബെഞ്ചില്‍ ആര്‍ത്തവ അനുഭവം അവര്‍ക്ക്‌ മാത്രം ആയിരുന്നതിനാല്‍ അവര്‍ എഴുതിയത്‌ ഭൂരിപക്ഷ വിധി ആക്കുകയായിരുന്നു ബുദ്ധി. പിണറായിയും പി. രാജീവും രക്ഷപ്പെട്ടേനെ. നവോത്ഥാന മതിലിന്‌ ഇഷ്‌ടിക ഇറക്കേണ്ടി വരില്ലായിരുന്നു!

സി.പി.എം. ചെയ്യേണ്ടത്‌

ഇന്ത്യയില്‍ പ്രത്യേക മതവിഭാഗങ്ങള്‍ക്ക്‌ ചില ഇളവുകളുണ്ട്‌. എന്നാല്‍, അയ്യപ്പഭക്‌തര്‍ പ്രത്യേക മതവിഭാഗമല്ല എന്ന്‌ കോടതി വിധിച്ചു. ശ്രീരാമകൃഷ്‌ണ മിഷന്‍ 1980കളില്‍ ഹിന്ദുമതത്തില്‍നിന്ന്‌ വേറിട്ട പ്രത്യേക വിഭാഗമാണെന്ന്‌ കോടതിയില്‍ വാദിച്ചിരുന്നു.രാമകൃഷ്‌ണയിസം. ഭരണകൂട ഇടപെടലില്‍നിന്ന്‌ തങ്ങളുടെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ സംരക്ഷിക്കാനുള്ള തന്ത്രം ആയിരുന്നു ഇത്‌. ഭരണഘടനയിലെ 30 (1) വകുപ്പ്‌ അനുശാസിക്കുന്ന ന്യൂനപക്ഷ സംരക്ഷണം അവര്‍ അവകാശപ്പെട്ടു. ഈ വാദം കല്‍ക്കട്ട ഹൈക്കോടതി അംഗീകരിച്ചു. 1995ല്‍ സുപ്രീംകോടതി അത്‌ തള്ളി. അവരുടെ സംരക്ഷണം 30 (1) ലെ ന്യൂനപക്ഷാവകാശം അനുസരിച്ചല്ല, ഭരണഘടനയുടെ വകുപ്പ്‌ 26 ലെ മതവിഭാഗം എന്ന നിലയ്‌ക്കാണ്‌. അവര്‍ ഹിന്ദുമതത്തിനുള്ളിലെ ഒരു ശാഖയാണ്‌ എന്ന്‌ കോടതി നിരീക്ഷിച്ചു.

ശ്രീരാമകൃഷ്‌ണ മിഷന്‍ ഈ വാദം ഉന്നയിച്ചത്‌, ബംഗാളിലെ അന്നത്തെ സി.പി.എം. സര്‍ക്കാര്‍ തങ്ങളുടെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഏറ്റെടുക്കും എന്ന്‌ ഭയന്നിട്ടായിരുന്നു. എക്കാലവും അന്തവും കുന്തവുമില്ലാതെ തീരുമാനങ്ങള്‍ എടുക്കുന്ന സി.പി.എമ്മിന്‌ ഭരണഘടന കുന്തവും കുടച്ചക്രവുമാണെന്ന്‌ പണ്ഡിതവരേണ്യനായ സജി ചെറിയാന്‍ നിരീക്ഷിച്ചിട്ടുണ്ട്‌. കോടതികള്‍ ധനികര്‍ക്കുള്ളതാണെന്ന്‌ വിമര്‍ശിച്ച ഇ.എം.എസ്‌. കോര്‍ട്ടലക്ഷ്യേക്കസില്‍ ശിക്ഷിക്കപ്പെട്ടു, ശുംഭന്‍ എന്ന വാക്കിന്‌ എം.വി. ജയരാജന്‍ പാഠഭേദങ്ങള്‍ ചമച്ചു.

ആ പൈതൃകമാകാം നിയമമന്ത്രി പി. രാജീവും പിന്തുടരുന്നത്‌. നവോത്ഥാന മതിലിന്റെ പുറത്തു കൂടിയാണോ സ്‌ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചത്‌ എന്ന്‌ രാജീവ്‌ ചോദിക്കുകയുണ്ടായി. ഈ പുകിലെല്ലാം ഉണ്ടാക്കിയത്‌ താനല്ല, കാരണഭൂതമാണ്‌ എന്ന കലിപ്പ്‌ ആ വാചകത്തില്‍ ഉണ്ട്‌.
ഇതു കൊണ്ടൊന്നും രാജീവോ സി.പി.എമ്മോ രക്ഷപ്പെടില്ല. കാരണം, ശബരിമലയില്‍ സ്‌ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ സി.പി.എം. അഴിക്കേണ്ട ഒരു കുരുക്കുണ്ട്‌. 1965ല്‍ കേരളം പാസാക്കിയ ഹിന്ദു ആരാധനാലയ നിയമത്തിന്റെ ( ദ്‌ കേരളാ ഹിന്ദു പ്ലേസസ്‌ ഓഫ്‌ പബ്ലിക്‌ വര്‍ഷിപ്പ്‌(ഓതറൈസേഷന്‍ ഓഫ്‌ എന്‍ട്രി) ആക്‌ട്‌, 1965) വകുപ്പ്‌ 3 (ബി) യില്‍, ശബരിമലയില്‍ 10-50 പ്രായമുള്ള സ്‌ത്രീകളുടെ പ്രവേശനം നിരോധിച്ചിരുന്നു. ഈ വകുപ്പ്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ കണ്ട്‌ സുപ്രീം കോടതി ശബരിമല വിധിയില്‍ റദ്ദാക്കി. ഭരണഘടനയുടെ 14,15,25 വകുപ്പുകള്‍ പ്രകാരം കേരളത്തിലെ ആ വകുപ്പ്‌ സ്‌ത്രീവിരുദ്ധമാണെന്ന്‌ കോടതി കണ്ടെത്തി.

അപ്പോള്‍, പി.രാജീവും സി.പി.എമ്മും ഇനി എന്ത്‌ ചെയ്യണമെന്ന്‌ വ്യക്‌തമാണ്‌. ഈ വകുപ്പ്‌ റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന്‌ സുപ്രീംകോടതിയോട്‌ എത്രയും വേഗം ആവശ്യപ്പെടണം. ആചാരപ്രകാരമാണ്‌ സ്‌ത്രീപ്രവേശനം നിരോധിച്ചത്‌ എന്ന്‌ 1965ലെ കേരള നിയമത്തില്‍ പറഞ്ഞിട്ടുണ്ട്‌. അത്‌ ഇങ്ങനെ റദ്ദാക്കി നില്‍ക്കുന്നത്‌ ശരിയല്ല. ആ വകുപ്പ്‌ വീണ്ടെടുക്കുമ്പോള്‍ രാജീവും സി.പി.എമ്മും ആചാരവും വിശ്വാസവും വീണ്ടെടുക്കും. വേഗം ആകട്ടെ.

-രാമചന്ദ്രന്‍

Ads by Google
Ads by Google
TRENDING NOW