Thursday, March 12, 2026 Last Updated 21 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 05.54 PM

ലൈക്കും ഷെയറും വേണ്ട, വൈറലാകണ്ട; നടപ്പാതയിലിരുന്ന് തെരുവിലെ കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന് അദ്ധ്യാപകന്‍; ഹൃദയത്തില്‍ നിന്നുള്ള സല്ല്യൂട്ടുമായി കാഴ്ച്ചക്കാര്‍

uploads/news/2026/02/826278/Untitled-3.jpg
Man teaches underprevileged children in footpath (Image Source: Instagram)

ഡിജിറ്റല്‍ മീഡിയ വിപ്ലവം വന്നതോടെ നിമിഷനേരം കൊണ്ടാണ് ഓരോ വാര്‍ത്തയും ആളുകളുടെ മുന്നിലേക്ക് എത്തുന്നത്. ചുരുക്കം ക്ലിക്കുകളിലൂടെ ഞൊടിയിടയ്ക്കുള്ളില്‍ ഏതൊരു സാധാരണക്കാരനും ഹീറോയായി മാറും. പക്ഷേ അതുകൊണ്ടു തന്നെ റീലുകൾക്കും വൈറൽ വീഡിയോകൾക്കും പിന്നാലെ ലോകം പാഞ്ഞു കൊണ്ടിരിക്കുകയാണ്. തങ്ങള്‍ ചെയ്യുന്നതെന്തും സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട് ലൈക്കും ഷെയറും വാങ്ങാനാണ് മിക്ക ആളുകള്‍ക്കും താത്പര്യം.
എന്നാല്‍ അതിനിടയിലും ചില ആളുകള്‍ ഒന്നും പ്രതീക്ഷിക്കാതെ തങ്ങളെക്കൊണ്ടാവുന്നത് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. ക്യാമറക്കണ്ണുകളെ ശ്രദ്ധിക്കാതെ, കൈയടികളെയും ലൈക്കുകളെയും ഷെയറുകളെയും കൊതിക്കാതെ നിശബ്ദമായി നന്മ ചെയ്യാനാണ് ഇവര്‍ക്കിഷ്ടം. പലപ്പോഴും ഇവരറിയാതെ പകര്‍ത്തുന്ന ഇത്തരം ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ സല്ല്യൂട്ടുകള്‍ നേടാറുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ ദക്ഷിണ ഡൽഹിയിലെ നടപ്പാതയിലിരുന്ന് തെരുവിലെ കുട്ടികളെ പഠിപ്പിക്കുന്ന കൃഷ്ണൻ കുമാർ എന്ന അധ്യാപകന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വലിയ പരസ്യങ്ങളൊന്നും നല്‍കാതെ, ആഡംബരങ്ങള്‍ക്ക് പിറകേ പോകാതെ തിരക്കേറിയ നടപ്പാത ഒരു ക്ലാസ് മുറിയാക്കുകയാണ് ഈ വ്യക്തി. സൗത്ത് ഡൽഹിയിലെ ഷെയ്ഖ് സരായിയിലെ നടപ്പാതയിലിരുന്നാണ് തെരുവിലെ കുഞ്ഞുങ്ങള്‍ക്ക് അറിവിന്റെ വലിയ ലോകം തുറന്നു കൊടുക്കുകയാണ് കൃഷ്ണൻ കുമാർ.
വെറും തറയിലിരുന്നാണ് കൃഷ്ണൻ കുമാർ കുട്ടികൾക്ക് പാഠങ്ങൾ പകർന്നു നൽകുന്നത്. അദ്ദേഹത്തിനു ചറ്റും കുട്ടികള്‍ ഇരിക്കുന്നുണ്ട്. അവരുടെ കൈയില്‍ നോട്ടുബുക്കും പേനയുമുണ്ട്. കുട്ടികൾ തങ്ങളുടെ ചെറിയ മടിയില്‍ പുസ്തകങ്ങൾ വെച്ച് വളരെ ശ്രദ്ധയോടെ പഠിക്കുന്നത് വിഡിയോയിൽ കാണാം.
‘‘ലോകം മുഴുവൻ തിരക്കിട്ട് മുന്നോട്ടോടുമ്പോൾ, ചില മനുഷ്യർ മാത്രം അല്പനേരം ആ തിരക്കുകൾ മാറ്റിവെച്ച് കാരുണ്യം പകർന്നുനൽകാൻ തീരുമാനിക്കുകയാണ്. ഒരു മനുഷ്യൻ തെരുവിലെ കുട്ടികളെ പഠിപ്പിക്കുന്നു, പ്രശസ്തിക്കോ കൈയടിക്കോ വേണ്ടിയല്ല, മറിച്ച് മാനുഷിക പരിഗണനയാൽ മാത്രം. കാരുണ്യം ഇന്നും ലോകത്ത് ബാക്കിയുണ്ടെന്ന് അദ്ദേഹത്തെപ്പോലുള്ളവർ നമ്മെ ഓർമ്മിപ്പിക്കുന്നു. സർ, ഞങ്ങൾക്ക് നിങ്ങളെക്കുറിച്ച് അഭിമാനമുണ്ട്. സ്വാർത്ഥമായ ഈ ലോകത്ത് നിന്ന് നിങ്ങൾക്ക് വലിയൊരു നന്ദി...’’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.
അധ്യാപകന്റെ ഈ നിസ്വാർത്ഥ സേവനം നിമിഷനേരം കൊണ്ട് ആളുകളുടെ പ്രശംസ പിടിച്ചുപറ്റി. വൈറലായ വീഡിയോയ്ക്ക് താഴെ കമന്റ് ബോക്സിൽ അദ്ദേഹം തന്നെ പ്രതികരണവുമായി എത്തുകയും ചെയ്തു. ‘നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി...കുറച്ച് കുട്ടികൾക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകുക എന്ന ചെറിയൊരു സംരംഭം ഞാൻ തുടങ്ങിയിട്ടേയുള്ളൂ...നിങ്ങളുടെ പിന്തുണ കാരണം ഇന്ന് ഈ വീഡിയോ വൈറലായി...ഇത് എന്റെ മാത്രം വിജയമല്ല, നമ്മുടെയെല്ലാം വിജയമാണ്...നിങ്ങൾക്ക് പിന്തുണയ്ക്കണമെങ്കിൽ - ഷെയർ ചെയ്ത് പ്രാർത്ഥിക്കുക, വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണ്...’ എന്നാണ് കൃഷ്ണന്‍ കുമാര്‍ നല്‍കിയ മറുപടി.
വീഡിയോ കണ്ട അദ്ദേഹത്തിന്റെ ഒരു പഴയ വിദ്യാർത്ഥി, ‘അദ്ദേഹം എന്നെ പത്താം ക്ലാസിൽ തന്നെ പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകനാണ്, അദ്ദേഹം എത്രത്തോളം കരുണയുള്ളവനാണെന്ന് എനിക്കറിയാം...’ എന്നാണ് കുറിച്ചത്.
‘ഇദ്ദേഹമാണ് എല്ലാ അർത്ഥത്തിലും ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ, അധികാരമല്ല, മറിച്ച് സഹാനുഭൂതിയാണ് ഒരു നല്ല രാജ്യത്തെ കെട്ടിപ്പടുക്കുന്നത്, യഥാർത്ഥ വിദ്യാഭ്യാസം ഇതാണ്, ഇത്തരം മനുഷ്യരാണ് ലോകത്തിന് മാതൃക, റീലുകളും പ്രശസ്തിയും മാത്രം നോക്കുന്ന ഈ ലോകത്ത്, ഇദ്ദേഹം തനി തങ്കമാണ്.., ക്ലാസ് മുറിയില്ലെങ്കിലും ഇദ്ദേഹത്തിനൊരു ഹൃദയമുണ്ട്...’ എന്നതടക്കമാണ് കമന്റുകള്‍. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 10 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

Ads by Google
Thursday 19 Feb 2026 05.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW