Wednesday, March 11, 2026 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 03.53 PM

പ്ലഗ്-ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ആദ്യ മാസ് മാര്‍ക്കറ്റ് കാറുമായി എംജി

on

നിലവില്‍ ആഡംബര കാറുകളില്‍ മാത്രം കണ്ടുവരുന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് (PHEV) സാങ്കേതികവിദ്യ സജ്ജീകരിച്ചെത്തുന്ന ആദ്യ മാസ് മാര്‍ക്കറ്റ് കാര്‍ പുറത്തിറക്കാന്‍ പോകുകയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. മഹീന്ദ്ര XUV 7XO (Mahindra XUV 7XO) മിഡ്സൈസ് 3-വരി എസ്യുവിയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ പോകുന്ന ഈ പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്യുവി ഈ വര്‍ഷം ഒക്ടോബറില്‍ പുറത്തിറക്കാനാണ് എംജി പദ്ധതിയിടുന്നത്. മജസ്റ്റര്‍ എസ്യുവിയുടെ അവതരണ വേളയില്‍ കമ്പനി അധികൃതര്‍ തന്നെയാണ് ഇക്കാര്യം പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കിയത്.

അന്താരാഷ്ട്ര വിപണിയില്‍ ശ്രദ്ധേയമായ വുളിംഗ് സ്റ്റാര്‍ലൈറ്റ് 560 (Wuling Starlight 560) എന്ന മോഡലിനെ അടിസ്ഥാനമാക്കിയാണ് എംജിയുടെ ഈ പുതിയ എസ്യുവി നിര്‍മ്മിക്കുന്നത്. '520' എന്ന് ആന്തരികമായി കോഡ് നാമം നല്‍കിയിരിക്കുന്ന പുത്തന്‍ എസ്യുവി പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ഫുള്‍ ഇലക്ട്രിക് (EV) എന്നീ രണ്ട് പതിപ്പുകളില്‍ ലഭ്യമാകും. സാങ്കേതികമായി ഏറെ മികച്ചുനില്‍ക്കുന്ന മള്‍ട്ടി എനര്‍ജി പ്ലാറ്റ്‌ഫോമിലാണ് പുതിയ വാഹനം ഒരുങ്ങുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 20.5 kWh ബാറ്ററി പായ്ക്കും ഉള്‍പ്പെടുന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് സിസ്റ്റം മൊത്തത്തില്‍ ഏകദേശം 197 hp പവറും 230 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. വെറും 9.7 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ എസ്യുവിക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മണിക്കൂറില്‍ 170 കിലോമീറ്ററാകും ടോപ് സ്പീഡ്. ഫ്രണ്ട് ആക്സില്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോര്‍ ആയിരിക്കും ഹൈബ്രിഡ് എസ്യുവിക്ക് ലഭിക്കുക. റെക്കോര്‍ഡ് റേഞ്ച് ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഇലക്ട്രിക് ഓണ്‍ലി മോഡില്‍ അതായത് ബാറ്ററി കരുത്തില്‍ മാത്രം ഏകദേശം 100 കിലോമീറ്റര്‍ (CLTC സൈക്കിള്‍) ദൂരം സഞ്ചരിക്കാന്‍ ഈ പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്യുവിക്ക് കഴിയും. പെട്രോള്‍ എഞ്ചിന്‍ കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ആകെ റേഞ്ച് 1,100 കിലോമീറ്റര്‍ വരെ ആയി ഉയരും. 52 ലിറ്റര്‍ ഫ്യുവല്‍ ടാങ്കാണ് ഈ കാറിന് ലഭിക്കുക. ദീര്‍ഘദൂര യാത്രയില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ലഭ്യമല്ലെങ്കിലും വലിയ ഫ്യൂവല്‍ ടാങ്ക് ഉള്ളത് കൊണ്ട് പേടിക്കേണ്ടതില്ല.

Ads by Google
Ads by Google
TRENDING NOW