-->
കൊച്ചി: നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതിയില്‍ അടിയന്തരമായി അപ്പീല്‍ സമര്‍പ്പിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദേശം. ഇതിന് ഇന്നലെതന്നെ നിയമവകുപ്പ് അനുമതി നല്‍കി. ഇന്നുതന്നെ അപ്പീല്‍ ഫയല്‍ ചെയ്‌തേക്കും. സ്‌പെഷല്‍ പി.ആര്‍. കാമ്പയിന്റെ പേരില്‍ 20 കോടി രൂപ അനുവദിച്ചതില്‍ റൂള്‍സ് ഓഫ് ബിസിനസിന്റെ ചട്ടലംഘനം ഉണ്ടെന്നു വിലയിരുത്തിയാണു ഹൈക്കോടതി നവകേരള സര്‍വേ റദ്ദാക്കിയത്.
ബജറ്റില്‍ വകയിരുത്താതെ സര്‍ക്കാരിന്റെ പണം രാഷ്‌ട്രീയ താല്‍പര്യത്തിന് ഉപയോഗിക്കുന്നു എന്നായിരുന്നു കേസില്‍ കെ.എസ്.യു. നേതാക്കളുടെ വാദം. അതേസമയം, 20 കോടി രൂപ ഏതു ഹെഡില്‍നിന്നാണോ എടുത്തത് അതേ ഹെഡിലേയ്‌ക്കു തിരിച്ചിടണമെന്ന ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ ധാര്‍മ്മികതയെ ബാധിക്കുന്ന വിഷയമാണ്. തെരഞ്ഞെടുപ്പ് വരുന്നതിനാല്‍, സ്‌റ്റേ കിട്ടിയില്ലെങ്കിലും സുപ്രീംകോടതിയില്‍നിന്ന് എതിര്‍കക്ഷികള്‍ക്കു നോട്ടീസെങ്കിലും അയപ്പിക്കാനാണു സര്‍ക്കാര്‍ നീക്കം.
ചീഫ് സെക്രട്ടറി, ധനസെക്രട്ടറി, പൊതുഭരണ സെക്രട്ടറി, പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി, അക്കൗണ്ടന്റ് ജനറല്‍ എന്നിവരാണു ഹര്‍ജിക്കാര്‍.
തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിനു ഭരണനേട്ടങ്ങളില്‍ ജനങ്ങളുടെ പ്രതികരണം അറിയാന്‍ അവകാശമുണ്ടെന്ന് അപ്പീലില്‍ സര്‍ക്കാര്‍ വ്യക്‌തമാക്കും. ഇക്കണോമിക് ആന്‍ഡ് പ്ലാനിംഗ് ബോര്‍ഡിനു പൊതുസമൂഹവുമായി ബന്ധമില്ലാത്തതിനാലാണു പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ചുമതലപ്പെടുത്തിയത്. സാങ്കതികമായി അതില്‍ പിഴവില്ലെന്നാണു സര്‍ക്കാര്‍ ബോധിപ്പിക്കാനൊരുങ്ങുന്നത്. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളുടെ പ്രചാണം നടപ്പാക്കുന്നതു പി.ആര്‍.ഡി. വഴിയാണ്.
സര്‍വെയെ കുറിച്ചു പാര്‍ട്ടിക്ക് അറിവു കിട്ടിയതുതന്നെ മാധ്യമവാര്‍ത്തകളിലൂടെയാണ് എന്ന നിലപാടും അപ്പീലില്‍ ഉന്നയിച്ചേക്കും. സര്‍ക്കാര്‍ ഉത്തരവു വരുംമുമ്പുതന്നെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മാധ്യമ വാര്‍ത്തയിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണു പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ കേഡര്‍മാര്‍ക്കു കത്തയച്ചതെന്നാണ് അപ്പീലില്‍ ചൂണ്ടിക്കാട്ടുക. 20 കോടി രൂപ അനുവദിച്ചതു റൂള്‍സ് ഓഫ് ബിസിനസിന്റെ ലംഘനമല്ല. ബജറ്റില്‍ ഇല്ലാത്തതാണെങ്കിലും പിന്നീടു നിയമസഭയുടെ അനുമതി വാങ്ങിയാല്‍ മതിയെന്നും സര്‍ക്കാര്‍ വിശദമാക്കും.
എന്നാല്‍, നിയമസഭയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ തുക വകമാറ്റുന്നതും അധിക തുക ചെലവാക്കുന്നതും ഭരണഘടനാ വിരുദ്ധമാണെന്നാണു ഹൈക്കോടതി നിരീക്ഷണം.
ജെബി പോള്‍