Wednesday, March 11, 2026 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.40 PM

കവര്‍ച്ച നടന്നെന്ന്‌ ഭര്‍ത്താവ്‌; ചുരുളഴിച്ച്‌ പോലീസ്‌

uploads/news/2026/02/826110/in3.jpg

ചണ്ഡീഗഡ്‌: പ്രണയദിനാഘോഷങ്ങളില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്‌. ഹരിയാനയിലെ ഝജ്‌ജാര്‍ ജില്ലയിലാണ്‌ സംഭവം. ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റായ അന്‍ഷുല്‍ ധവാന്‍ (31) എന്ന യുവാവാണ്‌ ബാങ്ക്‌ ജീവനക്കാരിയായ ഭാര്യ മെഹക്ക്‌ ധവാനെ(27) ക്രൂരമായി കൊലപ്പെടുത്തിയത്‌. കൊല ചെയ്യപ്പെടുമ്പോള്‍ മെഹക്ക്‌ ഒരു മാസം ഗര്‍ഭിണിയായിരുന്നു.
ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. തങ്ങളെ ഏതാനും അജ്‌ഞാതര്‍ ആക്രമിച്ചുവെന്നും അവര്‍ ഭാര്യയുടെ കഴുത്തറുത്തുവെന്നും അന്‍ഷുല്‍ രാത്രി 11 മണിയോടെ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. ആദ്യം കവര്‍ച്ച കേസായി തോന്നിയെങ്കിലും വിശദമായ അന്വേഷണത്തില്‍ അന്‍ഷുലിന്റെ പദ്ധതിയാണിതെന്ന്‌ പോലീസ്‌ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന്‌ 18 മണിക്കൂറിനുള്ളില്‍ പ്രതിയിലേക്കെത്താന്‍ പോലീസിന്‌ സാധിച്ചു.
സംഭവസ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചതോടെ, അന്‍ഷുലിന്റെ മൊഴിയില്‍ ധാരാളം വൈരുദ്ധ്യങ്ങളുണ്ടെന്ന്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ മനസിലായി. ചോദ്യം ചെയ്യുംതോറും അന്‍ഷുല്‍ തന്റെ കഥ മാറ്റിക്കൊണ്ടിരുന്നു. അക്രമികളേക്കുറിച്ച്‌ വിശദീകരിക്കാന്‍പോലും ഇയാള്‍ക്ക്‌ കഴിഞ്ഞില്ല. ഇത്‌ പോലീസിന്‌ കൂടുതല്‍ സംശയമുണ്ടാക്കി. കൂടുതല്‍ ചോദ്യംചെയ്‌തതോടെ അന്‍ഷുലിന്‌ പിടിച്ചുനില്‍ക്കാനായില്ല. ഭാര്യയെ കൊലപ്പെടുത്തിയത്‌ താനാണെന്ന്‌ ഒടുവില്‍ ഇയാള്‍ സമ്മതിക്കുകയായിരുന്നു.
ഗുരുഗ്രാമിലെ സ്വകാര്യ ബാങ്കില്‍ ജോലിചെയ്‌തിരുന്ന മെഹക്കിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച്‌ അന്‍ഷുലിന്‌ ഏറെക്കാലമായി സംശയങ്ങളുണ്ടായിരുന്നു. ഇത്‌ വിവാഹ ജീവിതത്തിന്റെ തുടക്കം മുതല്‍ പലപ്പോഴും ഇരുവര്‍ക്കുമിടയില്‍ വഴക്കുകള്‍ക്കു കാരണമായിരുന്നു. ഈ സംശയമാണ്‌ കൊലപാതകത്തില്‍ അവസാനിച്ചത്‌.
കൊലപാതക സമയത്ത്‌, വിരലടയാളങ്ങള്‍ അവശേഷിപ്പിക്കാതിരിക്കാന്‍ അന്‍ഷുല്‍ കയ്യുറകള്‍ ധരിച്ചിരുന്നു. ആദ്യം മെഹക്കിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയും പിന്നീട്‌ കത്തി ഉപയോഗിച്ച്‌ അവരുടെ കഴുത്തറക്കുകയുമായിരുന്നു.
ശേഷം യുവതിയുടെ ആഭരണങ്ങള്‍ ഒരു കനാലിലേക്ക്‌ വലിച്ചെറിഞ്ഞു. കവര്‍ച്ചശ്രമമാണെന്ന്‌ വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്‌. ഹിസാറില്‍ താമസിച്ചിരുന്ന അന്‍ഷുലും ഹാന്‍സിയില്‍നിന്നുള്ള മെഹക്കും കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ 25 -നാണ്‌ വിവാഹിതരായത്‌.

Ads by Google
Wednesday 18 Feb 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW