Wednesday, March 11, 2026 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.40 PM

എന്ന്‌ മടങ്ങാന്‍ കഴിയുമെന്ന്‌ യാതൊരുപിടിയുമില്ല! , ബോംബെ ഹൈക്കോടതിയോട്‌ വിജയ്‌ മല്യ

uploads/news/2026/02/826108/in1.jpg

മുംബൈ/ലണ്ടന്‍: ഇന്ത്യയിലേക്ക്‌ എപ്പോള്‍ മടങ്ങാന്‍ കഴിയുമെന്നു പറയാവില്ലെന്ന്‌ വ്യവസായി വിജയ്‌ മല്യ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. യു.കെയില്‍നിന്നുള്ള മടക്കത്തിനുള്ള നിയമപരമായ തടസങ്ങള്‍ ചൂണ്ടിക്കാട്ടിയാണിത്‌. ഫ്യുജിറ്റീവ്‌ ഇക്കണോമിക്‌ ഒഫെന്‍ഡേഴ്‌സ്‌ ആക്‌ടിലെ വ്യവസ്‌ഥകളും അവയുടെ ഭരണഘടനാ സാധുതയും ചോദ്യംചെയ്‌ത്‌ മല്യ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജികള്‍ പരിഗണിക്കണമെങ്കില്‍ നേരിട്ടു ഹാജരാകണമെന്നു കോടതി വ്യക്‌തമാക്കിയ പശ്‌ചാത്തലത്തിലാണ്‌ മല്യയുടെ മറുപടി.
ഇംണ്ടും വെയില്‍സും വിട്ടുപോകുന്നതിനോ വിദേശയാത്രയ്‌ക്ക്‌ ശ്രമിക്കുന്നതിനോ രാജ്യാന്തര യാത്രാ രേഖയ്‌ക്ക്‌ അപേക്ഷിക്കുന്നതിനോ പോലും വിലക്കുണ്ടെന്ന്‌ യു.കെ. കോടതികള്‍ പാസാക്കിയ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി മല്യ ഹൈക്കോടതിയെ അറിയിച്ചു. തന്റെ കക്ഷിക്ക്‌ ഇന്ത്യയില്‍ നേരിട്ട്‌ ഹാജരാകാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടി അദ്ദേഹത്തിന്റെ രണ്ട്‌ ഹര്‍ജികളും വെവ്വേറെ കേള്‍ക്കണമെന്ന്‌ മല്യയുടെ അഭിഭാഷകന്‍ അമിത്‌ ദേശായി കോടതിയോട്‌ ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ വിധിന്യായങ്ങള്‍ ആധാരമാക്കിയായിരുന്നു ഈ അഭ്യര്‍ഥന.
ഹര്‍ജിക്കാരുടെ അഭാവത്തില്‍ പോലും ചില കേസുകളില്‍ ഭരണഘടനാ കോടതികള്‍ റിട്ട്‌ ഹര്‍ജികള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.
2019 ജനുവരിയിലാണ്‌ മുംബൈയിലെ പ്രത്യേക കോടതി മല്യയെ 'ഫ്യുജിറ്റീവ്‌ ഇക്കണോമിക്‌ ഒഫെന്‍ഡര്‍' ആയും പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചത്‌. വിചാരണ അവസാനിക്കും മുമ്പ്‌ പ്രോസിക്യൂഷനില്‍നിന്ന്‌ രക്ഷപ്പെടാന്‍ ഇന്ത്യ വിടുന്ന വ്യക്‌തികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതികളെ അനുവദിക്കുന്നതാണ്‌ ഫ്യുജിറ്റീവ്‌ ഇക്കണോമിക്‌ ഒഫെന്‍ഡേഴ്‌സ്‌ ആക്‌ട്‌.
ബാങ്ക്‌ വായ്‌പകളുമായി ബന്ധപ്പെട്ട വീണ്ടെടുക്കല്‍ ശ്രമങ്ങളുടെ ഭാഗമായി മല്യയുടെ ആയിരക്കണക്കിന്‌ കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇതിലൂടെ അധികൃതര്‍ക്കായിരുന്നു. 2018 ലെ ഈ നിയമത്തിനെതിരായ മല്യയുടെ ഹര്‍ജി കേള്‍ക്കണമെങ്കില്‍ ഒന്നുകില്‍ മല്യ തിരികെ എത്തണം. അല്ലെങ്കില്‍, അതിനുള്ള ഒരു ഉറപ്പ്‌ നല്‍കണമെന്നാണ്‌ ഹൈക്കോടതി നിലപാട്‌.
നാടുവിട്ട ഒരു വ്യവഹാരിക്ക്‌ അയാള്‍ ഇന്ത്യന്‍ നിയമത്തിന്റെ പരിധിക്ക്‌ പുറത്തായിരിക്കുമ്പോള്‍ തുല്യമായ ആശ്വാസം തേടാന്‍ കഴിയില്ലെന്നും ബോംബെ ഹൈക്കോടതി ആവര്‍ത്തിച്ച്‌ വ്യക്‌തമാക്കി. ഹര്‍ജിയിലെ ആവശ്യം പരിഗണിക്കണമെങ്കില്‍ മല്യ ഇന്ത്യയിലേക്കു മടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന്‌ ആദ്യം വ്യക്‌തമാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ഇംഗ്ലണ്ടിലെ കോടതി ഉത്തരവുകള്‍ കാരണം മല്യക്ക്‌ അവിടം വിടാനാകാത്ത സ്‌ഥിതിയാണെന്ന്‌ മല്യയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, യു.കെ കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി എന്നതിനപ്പുറം ആ ഉത്തരവുകളെ മല്യ ചോദ്യംചെയ്‌തിട്ടുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു.
യുകെ കോടതികള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ കൃത്യമായ സ്വഭാവം, ആ ഉത്തരവുകള്‍ ചോദ്യം ചെയ്‌തിട്ടുണ്ടോ?,
മടങ്ങിവരവിനെക്കുറിച്ചുള്ള മല്യയുടെ കൃത്യമായ നിലപാട്‌ എന്നിവ വ്യക്‌തമാക്കി സമഗ്രമായ സത്യവാങ്‌മൂലം സമര്‍പ്പിക്കാനും ബെഞ്ച്‌ ആവശ്യപ്പെട്ടു. സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ മൂന്നാഴ്‌ച സമയം ഹൈക്കോടതി അനുവദിച്ചു. കേസ്‌ മാര്‍ച്ച്‌ 11 ലേക്ക്‌ മാറ്റി.

Ads by Google
Wednesday 18 Feb 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW